ദുബായ്:ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ (Yashasvi Jaiswal) ആദ്യ പത്തിലേക്ക് കയറി ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (ICC Rankings). രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ യശസ്വി 727 റേറ്റിങ് പോയിന്‍റുമായി പത്താം റാങ്കിലേക്കാണ് എത്തിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നിയതാണ് യശസ്വിയ്‌ക്ക് നേട്ടമായത്.
കളിച്ച നാല് ടെസ്റ്റുകള്‍ നിന്നും രണ്ട് ഡബിള്‍ സെഞ്ചുറി ഉള്‍പ്പെടെ 655 റൺസാണ് താരം അടിച്ചുകൂട്ടിയിട്ടുള്ളത്. എട്ടാം റാങ്കിലുള്ള വിരാട് കോലിയാണ് (Virat Kohli) യശസ്വിയ്‌ക്ക് മുന്നിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ഇംഗ്ലണ്ടിനെതിരെ കളിക്കാന്‍ ഇറങ്ങിയിരുന്നില്ലെങ്കിലും ഒരു സ്ഥാനം ഉയരാന്‍ കോലിയ്‌ക്ക് കഴിഞ്ഞു.
രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) പതിനൊന്നാമതെത്തി. 14-ാം റാങ്കിലുള്ള റിഷഭ് പന്താണ് ആദ്യ ഇരുപതിലുളള മറ്റൊരു ഇന്ത്യന്‍ താരം. ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും ന്യൂസിലന്‍ഡിന്‍റെ കെയ്ന്‍ വില്യംസണ്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി.
ഇന്ത്യക്കെതിരെ നാലാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാമത് എത്തിയപ്പോള്‍ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് മൂന്നാം റാങ്കിലേക്ക് താഴ്‌ന്നു. ഡാരില്‍ മിച്ചല്‍ (ന്യൂസിലന്‍ഡ്), ബാബര്‍ അസം (പാകിസ്ഥാന്‍), ഉസ്മാന്‍ ഖവാജ (ഓസ്‌ട്രേലിയ), ദിമുത് കരുണാരത്‌നെ (ശ്രീലങ്ക) എന്നിവര്‍ യഥാക്രമം നാല് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങള്‍ തുടരുകയാണ്.