പുതുവർഷത്തിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വൻ മാറ്റങ്ങൾക്ക് സാധ്യത. രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയാല്‍ 2025ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ ഹാര്‍ദിക് പാണ്ഡ്യ നയിക്കുമെന്ന് റിപ്പോർട്ട്. രോഹിത് ഇല്ലാതെയാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റ് കളിക്കുന്നത്. വിരാട് കോലിയും ടെസ്റ്റിനോട് വിടപറയുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
യുവ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് ഏകദിന ചുമതലകൾ കൈമാറാൻ ബിസിസിഐ ഒരുങ്ങുന്നതായി കായിക വൃത്തങ്ങൾ പറയുന്നു. 2025 ജനുവരിയിൽ ഇംഗ്ലണ്ട് ടീം ഇന്ത്യ സന്ദർശിക്കും. പര്യടനത്തിൽ ഇന്ത്യക്കെതിരെ 5 ടി20യും 3 ഏകദിനങ്ങളുമാണ് ഇംഗ്ലണ്ട് കളിക്കുക. മത്സരങ്ങളില്‍ പാണ്ഡ്യയെ ഏകദിന ക്യാപ്റ്റനായി നിയമിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
അങ്ങനെ സംഭവിച്ചാൽ ഫെബ്രുവരിയിൽ ആരംഭിക്കുന്ന 2025 ചാമ്പ്യൻസ് ട്രോഫിയിൽ രോഹിതിന് പകരം പാണ്ഡ്യ ആയിരിക്കും ടീം ഇന്ത്യയെ നയിക്കുക. ടൂര്‍ണമെന്‍റില്‍ രോഹിത് കളിച്ചാലും ഹാര്‍ദിക് ആയിരിക്കും ടീമിനെ നയിക്കുകയെന്നാണ് സൂചന.
മുന്‍പ് ഏകദിനങ്ങളില്‍ ഹാര്‍ദിക് ഇന്ത്യയെ നയിച്ചിട്ടുണ്ട്. 2023 മാര്‍ച്ചില്‍ ഓസ്ട്രേലിയക്കെതിരേയും ജൂലൈയിലും ഓഗസ്റ്റിലും വെസ്റ്റ് ഇന്‍ഡീസിനെതിരെയും ആയിരുന്നു ഇത്. അതേസമയം 2024ലെ ഐപിഎല്ലിന് മുമ്പ് രോഹിതിന് പകരം ഹാർദിക്കിനെ മുംബൈ ഇന്ത്യൻസ് ടീമിന്‍റെ ക്യാപ്റ്റനായി മാനേജ്‌മെന്‍റ് നിയമിച്ചിരുന്നു.
മൂന്ന് ഫോർമാറ്റുകളിലെയും സ്റ്റാർ താരമായ സൂര്യകുമാർ യാദവ് നേരത്തെ തന്നെ ടീം ഇന്ത്യ ടി20യുടെ സ്ഥിരം ക്യാപ്റ്റനാണ്. രോഹിതിന് പകരം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ബുംറ ടെസ്റ്റിലും മികച്ച പ്രകടനമാണ് നടത്തുന്നത്. ഭാവിയില്‍ ബുംറയ്ക്ക് ടെസ്റ്റ് കിരീടം നേടാന്‍ അവസരമുണ്ട്.
പാണ്ഡ്യയ്ക്ക് ഏകദിന ഫോർമാറ്റിന്‍റെ ഉത്തരവാദിത്തം ലഭിച്ചാൽ മൂന്ന് ഫോർമാറ്റിലേക്കും മൂന്ന് വ്യത്യസ്ത ക്യാപ്റ്റൻമാരാണ് ഇന്ത്യയെ നയിക്കുക. ഇന്ത്യൻ ക്രിക്കറ്റിൽ പരിമിത ഓവർ ക്രിക്കറ്റിൽ (ODI, T20) ഒരാളും ടെസ്റ്റിൽ മറ്റൊരാളും ക്യാപ്റ്റനായതിന്‍റെ റെക്കോർഡുകൾ മാത്രമേയുള്ളൂ.
രോഹിതിനെ പോലെ മറ്റൊരു താരമായ വിരാട് കോലിയും ഓസീസ് പര്യടനത്തിൽ പ്രതീക്ഷിച്ച പ്രകടനം നടത്തിയിരുന്നില്ല. വിരാടിനും ഇത് അവസാന ടെസ്റ്റ് പരമ്പരയായിരിക്കുമെന്ന് അഭ്യൂഹമുണ്ട്. ചാമ്പ്യൻസ് ട്രോഫിയിൽ കളിച്ച് വിരാട് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുമെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.
Also Read:ബംഗ്ലാദേശ് പ്രീമിയർ ലീഗില്‍ വിക്കറ്റ് വേട്ടയില്‍ മിന്നിച്ച് തസ്‌കിൻ അഹമ്മദ് - TASKIN AHMED 7 WICKETS