മുംബൈ: ടി20 ലോകകപ്പിന് പിന്നാലെ രോഹിത് ശര്‍മ കളമൊഴിഞ്ഞതോടെ ഇന്ത്യൻ ടീമിനെ കുട്ടി ക്രിക്കറ്റില്‍ നയിക്കാനുള്ള ചുമതല ലഭിച്ചത് സൂര്യകുമാര്‍ യാദവിനായിരുന്നു. സര്‍പ്രൈസായിട്ടായിരുന്നു ടി20 ടീമിന്‍റെ നായകനായി സൂര്യയെത്തിയത്. ലോകകപ്പില്‍ രോഹിത് ശര്‍മയുടെ ഡെപ്യൂട്ടിയായിരുന്ന ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ നായകനാകും എന്നായിരുന്നു പൊതുവെയുണ്ടായിരുന്ന വിലയിരുത്തല്‍.
എന്നാല്‍, ഏവരെയും ഞെട്ടിക്കുന്നതായിരുന്നു സൂര്യയെ നായകനാക്കിക്കൊണ്ടുള്ള പ്രഖ്യാപനം. ഇക്കാര്യത്തില്‍ ഇപ്പോള്‍ തന്‍റെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം ഹര്‍ഭജൻ സിങ്. ഇന്ത്യയുടെ ടി20 നായകനായി സൂര്യയെ നിയമിച്ചുകൊണ്ടുള്ള തീരുമാനം തന്നില്‍ ഒരേ സമയം ഞെട്ടലും നിരാശയുമാണ് ഉണ്ടാക്കിയതെന്നാണ് ഹര്‍ഭജന്‍റെ പ്രതികരണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഹര്‍ഭജന്‍റെ വാക്കുകള്‍ ഇങ്ങനെ... 'ഒരേ സമയം നിരാശയും അതുപോലെ തന്നെ അത്ഭുതവുമാണ് എനിക്കുണ്ടായത്. കാരണം, ഇന്ത്യൻ ടീമിന്‍റെ ഉപനായകനായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. രോഹിത് ശര്‍മ ഒഴിയുമ്പോള്‍ സ്വാഭാവികമായും ഹാര്‍ദിക് ആയിരുന്നു നായകനാകേണ്ടിയിരുന്നത്.
രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയെ മികച്ച രീതിയില്‍ തന്നെ നയിക്കാൻ ഹാര്‍ദിക്കിന് സാധിച്ചിരുന്നു. ലോകകപ്പ് നേട്ടത്തിന് ശേഷമാണ് ടീം ഇങ്ങനെയൊരു തീരുമാനമെടുത്തത്. അത് ഒരുപക്ഷ വരും കാലങ്ങളില്‍ ഹാര്‍ദിക്കിനെ പിന്നോട്ടടിപ്പിക്കാൻ സാധ്യതകളേറെയാണ്.
ടീമിന്‍റെ തീരുമാനം എനിക്ക് ഇക്കാര്യത്തില്‍ ശരിയായി തോന്നുന്നില്ല. സൂര്യയെ ഞാൻ ബഹുമാനിക്കുന്നുണ്ട്. അദ്ദേഹം മികച്ച ഒരു കളിക്കാരനാണ്, നിസ്വാര്‍ഥനാണ്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അദ്ദേഹം പോലും ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകാൻ വഴിയില്ല'- ഹര്‍ഭജൻ പറഞ്ഞു.
Also Read :കൂടുതല്‍ പ്രകോപിപ്പിച്ച ഇന്ത്യന്‍ താരം കോലിയല്ല, അതു മറ്റൊരാള്‍; ഓസ്‌ട്രേലിയൻ താരങ്ങള്‍ വെളിപ്പെടുത്തുന്നു