അഹമ്മദാബാദ് :ഐപിഎല്‍ പതിനേഴാം പതിപ്പിലെ മൂന്നാം മത്സരത്തിനായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്നിറങ്ങും. ഗുജറാത്ത് ടൈറ്റൻസാണ് ഹൈദരാബാദിന്‍റെ എതിരാളികള്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം മൂന്നരയ്‌ക്കാണ് കളി തുടങ്ങുക.
കഴിഞ്ഞ മത്സരത്തില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ സ്വന്തമാക്കിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ലക്ഷ്യമിടുന്നത് സീസണിലെ തുടര്‍ച്ചയായ രണ്ടാം ജയം. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോല്‍വി വഴങ്ങിയ അവര്‍ രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെതിരെ 31 റണ്‍സിന്‍റെ ആവേശജയമാണ് നേടിയത്. ഹോം ഗ്രൗണ്ടില്‍ ആദ്യം ബാറ്റ് ചെയ്‌ത് 277 റണ്‍സ് അടിച്ചെടുത്ത അവര്‍ മുംബൈയെ 246 റണ്‍സില്‍ എറിഞ്ഞൊതുക്കിയായിരുന്നു ജയം നേടിയത്.
ബാറ്റര്‍മാരുടെ ഫോമിലാണ് ഹൈദരാബാദിന്‍റെ പ്രതീക്ഷ. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഹെൻറിച്ച് ക്ലാസൻ, എയ്‌ഡൻ മാര്‍ക്രം ഉള്‍പ്പടെ പ്രധാനപ്പെട്ട താരങ്ങളെല്ലാം റണ്‍സ് കണ്ടെത്തി തുടങ്ങിയിട്ടുണ്ട്. മായങ്ക് അഗര്‍വാള്‍ കൂടി മികവിലേക്ക് വന്നാല്‍ ഹൈദരാബാദിന്‍റെ ബാറ്റിങ് സ്ട്രോങ്ങാകും.
ഹൈദരാബാദിലെ റണ്‍സ് ഒഴുകുന്ന പിച്ചില്‍ കഴിഞ്ഞ കളിയില്‍ മുംബൈ ഇന്ത്യൻസിനെതിരെ ബൗളര്‍മാര്‍ തല്ല് വാങ്ങിക്കൂട്ടിയത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആശങ്കപ്പെടുത്തുന്നുണ്ടാവാം. എന്നാല്‍, അഹമ്മദാബാദില്‍ മറ്റൊരു സാഹചര്യത്തില്‍ പന്ത് എറിയുമ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ടി നടരാജൻ, ജയദേവ് ഉനദ്ഘട്ട് എന്നിവരെല്ലാം മികവ് പുലര്‍ത്തുമെന്നാണ് ടീമിന്‍റെ പ്രതീക്ഷ. ബൗളിങ്ങില്‍ ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസിന്‍റെ പ്രകടനവും ടീമിന് നിര്‍ണായകമാണ്.
മറുവശത്ത് വിജയവഴിയില്‍ തിരിച്ചെത്താനുള്ള തയ്യാറെടുപ്പുകളിലാണ് ഗുജറാത്ത് ടൈറ്റൻസ്. സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയെങ്കിലും രണ്ടാമത്തെ കളിയില്‍ എവേ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് അവര്‍ക്ക് തോല്‍വി വഴങ്ങേണ്ടി വന്നു. എന്നാല്‍, മൂന്നാം മത്സരത്തിനായി ഹോം ഗ്രൗണ്ടിലേക്കുള്ള മടങ്ങി വരവില്‍ ജയം നേടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശുഭ്‌മാൻ ഗില്ലും സംഘവും.