മുംബൈ: ഇന്ത്യന്‍ ടീമിന്‍റെ മുഖ്യപരിശീലകനായി നിയമിതനായതിന് പിന്നാലെ തന്‍റെ നയം വ്യക്തമാക്കി ഗൗതം ഗംഭീര്‍. പരിക്കിന്‍റെയോ ജോലി ഭാരത്തിന്‍റെയോ പേരില്‍ താരങ്ങള്‍ ഒരു ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്നതിനെ താന്‍ അനുകൂലിക്കുന്നില്ല. കളിക്കാര്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കണമെന്നാണ് ഗംഭീര്‍ പറഞ്ഞിരിക്കുന്നത്.
ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗംഭീറിന്‍റെ വാക്കുകള്‍. "ഒരു കായിക താരത്തിന്‍റെ ജീവിതത്തിന്‍റെ ഭാഗമായ ഒന്നാണ് പരിക്ക്. കഴിയുന്ന എല്ലാ ഫോര്‍മാറ്റിലും താരങ്ങള്‍ കളിക്കാന്‍ തയ്യാറാവേണ്ടതുണ്ട്. പരിക്ക് ഏല്‍ക്കുമെന്ന് കരുതി എതെങ്കിലും ഫോര്‍മാറ്റില്‍ നിന്നും മാറി നില്‍ക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല.
മൂന്ന് ഫോര്‍മാറ്റും കളിക്കുന്ന ഒരു താരത്തിന് പരിക്കേല്‍ക്കുന്നത് സ്വാഭാവികമാണ്. അതു സുഖപ്പെടുത്തി വീണ്ടും കളിക്കാന്‍ ഇറങ്ങുകയാണ് ചെയ്യേണ്ടത്. പ്രൊഫഷണല്‍ ക്രിക്കറ്റര്‍മാര്‍ എന്ന നിലയില്‍ വളരെ ചെറിയ കരിയറാണ് ഓരോരുത്തര്‍ക്കും ലഭിക്കുക. രാജ്യത്തിനായി കളിക്കാനാവുന്ന ആ സമയം മൂന്ന് ഫോര്‍മാറ്റിലും പരമാവധി മത്സരങ്ങള്‍ കളിക്കാന്‍ തയ്യാറാവേണ്ടതുണ്ട്"- ഗംഭീര്‍ പറഞ്ഞു.
വ്യക്തിഗത താൽപ്പര്യത്തേക്കാൾ ടീമിന്‍റെ താൽപ്പര്യത്തിലാണ് കളിക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന നിലപാട് ഗംഭീര്‍ വീണ്ടും ആവർത്തിച്ചു. "എന്‍റെ ഒരേയൊരു സന്ദേശം ഇതാണ്. സത്യസന്ധതയോടെ കളിക്കുക, പരിശ്രമിക്കുക. നിങ്ങളുടെ പ്രൊഫഷനോട് കഴിയുന്നത്ര സത്യസന്ധത പുലര്‍ത്തുക. അതിന് ഫലമുണ്ടാവും.
ബാറ്റുമായി ഞാന്‍ കളിക്കാന്‍ ഇറങ്ങിയപ്പോഴൊക്കെയും മത്സരത്തിന്‍റെ ഫലത്തെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. കഴിയുന്നത്ര റണ്‍സ് നേടണം. എന്‍റെ പ്രൊഫഷനോട് കഴിയുന്നത്ര സത്യസന്ധത പുലര്‍ത്തണം എന്നായിരുന്നു ഞാന്‍ എപ്പോഴും വിശ്വസിച്ചിരുന്നത്. ഈ ലോകം മുഴുവന്‍ എതിരെ നിന്നാലും ചില തത്ത്വങ്ങളിൽ ജീവിക്കുക, ചില മൂല്യങ്ങളിൽ ജീവിക്കുക, ശരിയായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക എന്നതാണ് എന്‍റെ കാഴ്‌ചപ്പാട്.
ആത്യന്തികമായി ടീമാണ് പ്രധാനം, വ്യക്തികളല്ല. അതിനാല്‍ ഏതു ടീമിനായി കളിച്ചാലും ആ ടീമിന്‍റെ വിജയത്തിനായി ചിന്തിക്കുക. നിങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരു വ്യക്തിഗത സ്‌പോര്‍ട്‌സ് അല്ലിത്. ഇതൊരു ടീം സ്‌പോർട്‌സാണ്. അവിടെ ആദ്യം ടീമാണ്. ഒരുപക്ഷേ മുഴുവൻ ലൈനപ്പിലും അവസാനമായി വരുന്നയാള്‍ നിങ്ങളായിരിക്കാം" - ഗംഭീര്‍ പറഞ്ഞു നിര്‍ത്തി.
ALSO READ:'ദ്രാവിഡിനെ ഭാരതരത്‌ന നൽകി ആദരിക്കണം, അയാള്‍ അത് അര്‍ഹിക്കുന്നു': സുനിൽ ഗവാസ്‌കർ - Rahul Dravid Deserves Bharat Ratna
ഇന്ത്യന്‍ ടീമില്‍ പരിക്ക് നിയന്ത്രിക്കുന്നതിനും ജോലി ഭാരം ക്രമീകരിക്കുന്നതിനുമായി പല പരമ്പരകളിലും ചില താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാറുണ്ട്. ഇന്ത്യയ്‌ക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിരുന്ന ഹാര്‍ദിക് നിലവില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റ് മാത്രമാണ് കളിക്കുന്നത്.
2020-ലെ ടി20 ലോകകപ്പിന് ശേഷം ഫോര്‍മാറ്റില്‍ നിന്നും വിട്ടുനിന്നിരുന്ന രോഹിത് ശര്‍മയും വിരാട് കോലിയും ഈ വര്‍ഷം ജനുവരിയിലാണ് ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തിയത്. ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇരുവരും ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയും ചെയ്‌തു. പരിക്കും ജോലി ഭാരവും നിയന്ത്രിക്കുന്നതിനായി പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് പല പരമ്പരകളിലും വിശ്രമം അനുവദിക്കാറുണ്ട്.