ഹൈദരാബാദ്: വിരാട് കോലിയുടെയും രോഹിതിന്‍റേയും ഫോമിനേയും വിമര്‍ശിച്ച ഓസീസ് മുന്‍ താരം റിക്കി പോണ്ടിങ്ങിനെതിരെ ഗൗതം ഗംഭീര്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൂന്ന് ടെസ്റ്റ് സെഞ്ച്വറികള്‍ മാത്രമുള്ള കോലിയെ പോലെ ഒരു താരത്തിന് ടെസ്റ്റ് കളിക്കാന്‍ അവകാശമില്ലെന്ന് താരം വിമർശിച്ചിരുന്നു. എന്നാല്‍ പോണ്ടിങ് ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ കുറിച്ച് സംസാരിച്ചാല്‍ മതിയെന്നും ഗംഭീര്‍ തിരിച്ചടിച്ചു.
നവംബര്‍ 22ന് ആരംഭിക്കുന്ന ഓസീസ് പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍. ഇന്ത്യൻ ക്രിക്കറ്റിൽ പോണ്ടിങ്ങിന്‍റെ ജോലി എന്താണ്? രോഹിതും വിരാട് കോലിയും മികച്ച ഫോമിലാണ്. അവർ ഇതിനകം സ്വയം തെളിയിച്ചു. ഇരുവരും കരിയറില്‍ ഇനിയും നേടണമെന്ന ആഗ്രഹമുള്ളവരുമാണ്. മറ്റു താരങ്ങളും മികച്ച പ്രകടനം കാഴ്ച വെക്കുന്നവരാണ് അദ്ദേഹം പറഞ്ഞു.
ആദ്യ ടെസ്റ്റിൽ ക്യാപ്റ്റൻ രോഹിത് ഇല്ലെങ്കില്‍ ജസ്പ്രീത് ബുംറ ഇന്ത്യൻ ടീമിനെ നയിക്കുമെന്നും അഭിമന്യു ഈശ്വരനും കെഎൽ രാഹുലും ഓപ്പണിങ് ഓപ്ഷനുകളായി മുന്നോട്ട് വരുമെന്നും ഗംഭീർ വ്യക്തമാക്കി.
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ വിരാടിന്‍റെ പ്രകടനം നിരാശപ്പെടുത്തിയിരുന്നു. ആകെ 6 ഇന്നിങ്‌സുകളിൽ നിന്ന് ഒരു അർധസെഞ്ചുറി മാത്രമാണ് താരം നേടിയത്. തുടർന്നാണ് മുതിർന്ന താരങ്ങളും മുൻ താരങ്ങളും ഉൾപ്പെടെയുള്ളവർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ക്രിക്കറ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യൻ താരങ്ങളെ കളിയാക്കുന്നത് ഓസ്‌ട്രേലിയൻ കളിക്കാർ പലപ്പോഴും ചെയ്യാറുണ്ട്. മുൻപ് ഇന്ത്യൻ ടീമിന് ഓസ്‌ട്രേലിയൻ മാധ്യമങ്ങളിൽ നിന്നും പരോക്ഷ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.
അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കായാണ് ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിൽ പര്യടനം നടത്തുന്നത്. 10 ദിവസം മുമ്പ് ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിലേക്ക് പോയിരുന്നു. അവിടത്തെ കാലാവസ്ഥയും ഗ്രൗണ്ടിനെക്കുറിച്ചുള്ള ധാരണയുമുൾപ്പെടെയുള്ള കാര്യങ്ങള്‍ അറിയാന്‍ ഇന്ത്യൻ താരങ്ങൾ മുൻകൂട്ടി യാത്ര ചെയ്യാറുണ്ട്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറെല്‍, വിരാട് പ്രസിദ് കൃഷ്ണ, റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍. സര്‍ഫറാസ് ഖാന്‍.