കേരളം

kerala

ETV Bharat / sports

കുതിരയോട്ടത്തിൽ ചരിത്രമെഴുതി മലപ്പുറംകാരി നിദ; ലോക ചാമ്പ്യന്‍ഷിപ്പില്‍ വിജയകരമായി ഫിനിഷ്ചെയ്‌ത ആദ്യ ഇന്ത്യന്‍ താരം - WORLD EQUESTRIAN PARTICIPANT NIDA - WORLD EQUESTRIAN PARTICIPANT NIDA

ദീര്‍ഘ ദൂര കുതിരയോട്ട മത്സരമായ എഫ് ഇ ഐ ലോക എൻഡ്യൂറൻസ് ചാംപ്യൻഷിപ്പില്‍ വിജയകരമായി ഫിനിഷ് ചെയ്‌ത് നിദ അന്‍ജും ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി. ഫ്രാന്‍സിലെ മോണ്‍പാസിയാറില്‍ നടന്ന മത്സരത്തിലാണ് മലപ്പുറംകാരി നിദ നേട്ടം സ്വന്തമാക്കിയത്. മത്സരിച്ചത് 40 രാജ്യങ്ങളില്‍ നിന്നുള്ള 118 മത്സരാര്‍ഥികള്‍ക്കൊപ്പം.

FEI ENDURANCE WORLD CHAMPIONSHIP  HORSE RIDE  MALAPPURAM  എഫ്ഇഐ എൻഡ്യൂറൻസ് ടൂർണമെൻ്റ്
Nida Anjum Chelat (ETV Bharat)

By ETV Bharat Sports Team

Published : Sep 10, 2024, 3:56 PM IST

Updated : Sep 10, 2024, 5:55 PM IST

ലോക ദീർഘദൂര കുതിരയോട്ട ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി നിദ അന്‍ജും ചേലാട്ട് (ETV Bharat)

ഇടുക്കി:അശ്വാഭ്യാസത്തിലും കുതിരപ്പന്തയത്തിലും തിളങ്ങിയ വനിതകള്‍ രാജ്യത്ത് അപൂര്‍വ്വം. അവര്‍ക്കിടയില്‍ത്തന്നെ വ്യത്യസ്‌തയാവുകയാണ് മലപ്പുറം കാരി നിദ അന്‍ജും. ഇന്‍റര്‍നാഷണല്‍ ഇക്വസ്ട്രിയന്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം തിരൂര്‍ സ്വദേശിയായ നിദ അന്‍ജും ചേലാട്ടിന് മെഡലൊന്നും കിട്ടിയില്ല. പക്ഷേ പതിനേഴാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തപ്പോള്‍ നിദയ്ക്ക് മറ്റൊരു ബഹുമതി ലഭിച്ചു.

അപൂര്‍വ്വ നേട്ടം

ലോക എൻഡ്യൂറൻസ് ചാംപ്യൻഷിപ്പില്‍ വിജയകരമായി ഫിനിഷ് ചെയ്‌ത നിദ അന്‍ജും ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി. ലോകത്തെ കുതിരയോട്ട രംഗത്തെ പ്രമുഖ താരങ്ങളൊക്കെ മാറ്റുരയ്ക്കുന്ന ദീർഘദൂര കുതിരയോട്ട മത്സരത്തിലെ ആഗോള ചാമ്പ്യൻഷിപ്പാണ് എഫ്.ഇ.ഐ എൻഡ്യൂറൻസ് ടൂർണമെൻ്റ്. ഈ ചാമ്പ്യന്‍ഷിപ്പിന്‍റെ സീനിയർ വിഭാഗത്തിൽ വിജയകരമായി മത്സരം പൂർത്തിയാക്കുന്ന ആദ്യത്തെ ഇന്ത്യൻ വ്യക്തിയെന്ന റെക്കോർഡ് ഇനിയീ 22കാരിക്ക് സ്വന്തം. ഫ്രാൻസിലെ മോൺപാസിയറിൽ നടന്ന മത്സരത്തിൽ 40 രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച 118 കുതിരയോട്ടക്കാർക്കൊപ്പമാണ് നിദ മത്സരിച്ചത്.

ചാമ്പ്യൻഷിപ്പിൽ വിജയിച്ചതിന് ശേഷം നിദ (ETV Bharat)

ഈ വിഭാഗത്തിൽ മത്സരിക്കാനുള്ള യോഗ്യത നേടിയപ്പോൾ തന്നെ ഇന്ത്യൻ കുതിരയോട്ട കായികവിഭാഗത്തിൽ നിദ ചരിത്രമെഴുതിയിരുന്നു. കടുത്ത പരീക്ഷണങ്ങൾക്കും മത്സരങ്ങൾക്കും ശേഷമാണ് നിദ പങ്കെടുക്കാൻ യോഗ്യത നേടിയത്. യു.എ.ഇ, ബഹ്‌റൈൻ, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച കുതിരയോട്ടക്കാരായിരുന്നു നിദയുടെ എതിരാളികൾ.

നിദ അന്‍ജും (ETV Bharat)

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വെല്ലുവിളികള്‍ മറികടന്ന നേട്ടം

ഇന്ത്യക്കാർക്ക് ഈ കായികയിനം അത്ര പരിചിതമല്ലെങ്കിലും, പല രാജ്യങ്ങളിലും അവരുടെ സാംസ്‌കാരികപാരമ്പര്യത്തിൻ്റെ ഭാഗമാണ് കുതിരയോട്ടം. നിദ ഉൾപ്പെടെ 45 പേർ മാത്രമാണ് അവസാനം വരെ മത്സരത്തിൽ പിടിച്ചുനിന്നത്. 12 വയസുപ്രായമുള്ള തൻ്റെ വിശ്വസ്‌ത പെൺകുതിര പെട്ര ഡെൽ റേയുടെ ചുമലിലേറിയാണ് നിദ മത്സരം പൂർത്തിയാക്കിയത്. ഏറെ വെല്ലുവിളികൾ നിറഞ്ഞ 160 കിലോമീറ്റർ ദൈർഘ്യമുള്ള പാത, വെറും 10 മണിക്കൂർ 23 മിനുട്ട് കൊണ്ടാണ് നിദ കീഴടക്കിയത്.

നിദ തൻ്റെ കുതിര പെട്ര ഡെൽ റേയ്‌ക്കൊപ്പം (ETV Bharat)

73 കുതിരകൾ അയോഗ്യത നേടി പുറത്തായി. അസാമാന്യ കരുത്തും കായികക്ഷമതയും മാത്രമല്ല, ഓടിക്കുന്ന കുതിരയുമായി അഭേദ്യമായ ആത്മബന്ധം കൂടിയുണ്ടെങ്കിലേ മത്സരം പൂർത്തിയാക്കാൻ കഴിയൂ. ആദ്യഘട്ടത്തിൽ 61-ാം സ്ഥാനത്തായിരുന്നു നിദ. രണ്ടാം ഘട്ടത്തിൽ 56-ാം സ്ഥാനത്തേക്കും മൂന്നാം ഘട്ടത്തിൽ 41-ാം സ്ഥാനത്തേക്കും മുന്നേറി. നാലാം ഘട്ടമെത്തിയപ്പോൾ നിദ 36-ാം സ്ഥാനത്തായിരുന്നു. അവിടെ നിന്ന് 27-ാം സ്ഥാനത്തെത്തി.

അവസാനലാപ്പിൽ 17-ാം സ്ഥാനമെന്ന മികച്ച റെക്കോർഡോടു കൂടിയാണ് നിദ ഓടിയെത്തിയത്. മണിക്കൂറിൽ 16.09 കിലോമീറ്റർ ആയിരുന്നു നിദയുടെ ശരാശരി വേഗം. ഓരോ കുളമ്പടിയിലും ഇന്ത്യൻ പ്രൗഢിയേന്തിക്കൊണ്ടാണ് നിദ മുന്നേറിയത്. ഹെൽമെറ്റിലും ജേഴ്‌സിയിലും നിദ ഇന്ത്യൻ പതാക വഹിച്ചിരുന്നു. അവസാനം ലോകത്തെ ഏറ്റവും വലിയ കുതിരയോട്ട മത്സരത്തിൻ്റെ ആഗോളവേദിയിൽ ഇന്ത്യൻ സാന്നിധ്യമുറപ്പിക്കാനും നിദയ്ക്ക് കഴിഞ്ഞു.

മത്സരം കടുപ്പം

എഫ്.ഇ.ഐയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് ഓടിക്കുന്ന കുതിരയുടെ ആരോഗ്യപരിപാലനം വളരെ പ്രധാനമാണ്. കുതിരയ്ക്കും പങ്കെടുക്കുന്നയാളിനും ശാരീരികക്ഷമതയും വെല്ലുവിളികളെ അതിജീവിക്കാനുള്ള കഴിവും പൂർണ ആരോഗ്യവും ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ മത്സരിക്കാനുള്ള അനുമതി ലഭിക്കൂ. 38.65 കി.മീ, 20.22 കി.മീ, 31.72 കി.മീ, 20.22 കി.മീ, 23.12 കി.മീ, 26.07 കി.മീ എന്നിങ്ങനെ ദൈർഘ്യമുള്ള ആറ് ഘട്ടങ്ങളിലാണ് മത്സരിക്കേണ്ടത്.

ഓരോ മണിക്കൂറിലും ശരാശരി 18 കി.മീ. വേഗമെങ്കിലും കൈവരിക്കണം. ആദ്യത്തെ മൂന്നു ഘട്ടങ്ങൾക്കിടയിൽ കുതിരയ്ക്ക് വിശ്രമിക്കാൻ 40 മിനിറ്റ് ഇടവേള ലഭിക്കും. നാലാമത്തെയും അഞ്ചാമത്തേയും ഘട്ടങ്ങൾക്ക് ശേഷം 50 മിനിറ്റായിരിക്കും ഇടവേള. ഓരോ ഘട്ടത്തിലും വിദഗ്‌ധരായ മൃഗഡോക്‌ടർമാർ കുതിരയുടെ ആരോഗ്യവും ക്ഷമതയും പരിശോധിച്ച് വിലയിരുത്തും. കുതിരയുടെ ആരോഗ്യം മോശമാകുന്ന മത്സരാർത്ഥികൾ അയോഗ്യരാക്കപ്പെടും.

എഫ്.ഇ.ഐ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനായതിൽ ഏറെ അഭിമാനമുണ്ടെന്ന് നിദ പ്രതികരിച്ചു. വെല്ലുവിളികൾ ഏറെയുണ്ടായിരുന്നെങ്കിലും മത്സരയോട്ടം ഏറെ ആസ്വദിച്ചു. ഇന്ത്യൻ ജനത നൽകിയ സ്നേഹവും പിന്തുണയുമാണ് അവസാനം വരെ പൊരുതാൻ തുണയായത്. എല്ലാ നേട്ടങ്ങളും രാജ്യത്തിനുവേണ്ടി സമർപ്പിക്കുന്നതായും മത്സരത്തിന് ശേഷം നിദ അന്‍ജും ചേലാട്ട് പറഞ്ഞു.

കഴിഞ്ഞ വർഷം, എഫ്.ഇ.ഐയുടെ എക്യൂസ്ട്രിയൻ (കുതിരയോട്ടം) ലോക ദീർഘദൂര കുതിരയോട്ട ചാമ്പ്യൻഷിപ്പിലെ ജൂനിയർ ആൻഡ് യങ് റൈഡേഴ്‌സ് വിഭാഗം മത്സരം ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി വിജയകരമായി പൂർത്തിയാക്കിയ വനിതയായി നിദ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 120 കിലോമീറ്റർ ദൈർഘ്യമുള്ള ആ മത്സരം റെക്കോർഡ് സമയത്തിനുള്ളിലാണ് നിദ പൂർത്തിയാക്കിയത്.

പരിശീലനം ദുബായ്‌യില്‍

കുട്ടിക്കാലത്ത് ദുബായിൽ എത്തിയതുമുതലാണ് നിദയ്ക്ക് കുതിരകളോട് പ്രിയം തുടങ്ങിയത്. അവിടെ മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അബുദാബി എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് സ്വാർഡ് പുരസ്‌കാരം സ്വന്തമാക്കി അന്താരാഷ്ട്ര മത്സരവേദിയിലെത്തുന്നത്. അവിടെ നിന്നാണ് ഇപ്പോൾ ഈ കായികയിനത്തിൽ ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ചാമ്പ്യൻഷിപ്പുകളിൽ എത്തിനിൽക്കുന്നത്. അറിയപ്പെടുന്ന കുതിരയോട്ടക്കാരനും പരിശീലകനും തൻ്റെ ഗുരുവുമായ അലി അൽ മുഹൈരിയാണ് നിദയെ ഈ രംഗത്തേക്ക് കടന്നുവരാൻ വളരെയേറെ സ്വാധീനിച്ചത്.

തഖാത് സിങ് റാവോ ആണ് പേഴ്‌സണൽ ട്രെയിനർ. ഡോ. മുഹമ്മദ് ഷാഫിയാണ് വെറ്ററിനറി കൺസൽട്ടൻ്റ്. യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബിർമിങ്ഹാമിൽ നിന്നും സാമൂഹിക പ്രവർത്തനത്തിൽ ബിരുദവും ദുബായിലെ റാഫിൾസ് വേൾഡ് അക്കാദമിയിൽ നിന്നും ഐബി ഡിപ്ലോമയും നിദ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ സ്‌പെയിനിൽ മാനേജ്‌മെൻ്റിലും ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റിലും മാസ്റ്റേഴ്‌സ് ചെയ്യുന്നു. മലപ്പുറമാണ് സ്വദേശം. റീജൻസി ഗ്രൂപ്പിൻ്റെ മാനേജിങ് ഡയറക്‌ടർ ഡോ. അൻവർ അമീൻ ചേലാട്ടും മിന്നത് അൻവർ അമീനുമാണ് മാതാപിതാക്കൾ. ഡോ. ഫിദ അൻജൂം ചേലാട്ട് സഹോദരിയാണ്.

കുതിരയോട്ടമത്സര രംഗത്തെത്തണമെന്ന് ആഗ്രഹിക്കുന്ന ഓരോ ഇന്ത്യക്കാർക്കും പ്രചോദനമാണ് നിദയുടെ നേട്ടം. ഇതാദ്യമായല്ല നിദ നേട്ടങ്ങൾ കൊണ്ട് രാജ്യത്തിനഭിമാനമായി മാറുന്നത്. ഒന്നിൽക്കൂടുതൽ തവണ 160 കിലോമീറ്റർ കുതിരയോട്ടം പൂർത്തിയാക്കി ത്രീ സ്റ്റാർ റൈഡർ എന്ന പദവി നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിത കൂടിയാണ് നിദ.
ചാമ്പ്യൻഷിപ്പിലെ വ്യക്തിഗത മത്സരത്തിൽ ബഹ്‌റൈനും യുഎഇയുമാണ് സ്വർണവും വെള്ളിയും നേടിയത്. ഗ്രൂപ്പ് മത്സരത്തിൽ ഫ്രാൻസും ചൈനയുമാണ് ജേതാക്കൾ.

Also Read:വർഷത്തിൽ 365 ദിവസവും ഇവിടെ പൂക്കളമൊരുങ്ങും; പാരമ്പര്യത്തെ പിന്തുടർന്ന് ആയഞ്ചേരി കോവിലകം

Last Updated : Sep 10, 2024, 5:55 PM IST

ABOUT THE AUTHOR

...view details