ബെംഗളൂരു: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് പ്ലേഓഫ് ബെര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയ്‌ക്കെതിരെ 27 റണ്‍സിന്‍റെ ജയമായിരുന്നു ആര്‍സിബി സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ബെംഗളൂരു നിശ്ചിത ഓവറില്‍ 218 റണ്‍സ് നേടുകയും മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയെ 191 റണ്‍സില്‍ എറിഞ്ഞൊതുക്കുകയുമായിരുന്നു.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും മികവ് കാട്ടിയാണ് ആര്‍സിബി നിര്‍ണായക മത്സരത്തില്‍ ചെന്നൈയ്‌ക്കെതിരെ ജയം പിടിച്ചെടുത്തത്. വിരാട് കോലി, ക്യാപ്‌റ്റൻ ഫാഫ് ഡുപ്ലെസിസ്, രജത് പടിദാര്‍, കാമറൂണ്‍ ഗ്രീൻ, ദിനേശ് കാര്‍ത്തിക്, ഗ്ലെൻ മാക്‌സ്‌വെല്‍ അങ്ങനെ ബാറ്റ് ചെയ്യാൻ എത്തിയവരെല്ലാം തകര്‍ത്തടിച്ചു. ബൗളിങ്ങില്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തുകയും അവസാന ഓവറില്‍ ചെന്നൈയ്‌ക്ക് പ്ലേഓഫ് യോഗ്യത നേടാൻ വേണ്ടിയിരുന്ന 18 റണ്‍സ് പ്രതിരോധിക്കുകയും ചെയ്‌ത യാഷ് ദയാല്‍ ആയിരുന്നു ഹീറോ.
അസാധ്യമെന്ന് തോന്നിപ്പിച്ച ഒരു ക്യാച്ച് പിടിച്ചെടുത്ത് ഫീല്‍ഡില്‍ താരമായത് നായകൻ ഫാഫ് ഡുപ്ലെസിസ് ആയിരുന്നു. ചെന്നൈയുടെ മിച്ചല്‍ സാന്‍റ്‌നറെ പുറത്താക്കുന്നതിനായാണ് ഡുപ്ലെസിസ് 'സൂപ്പര്‍മാനായി' കിടിലൻ ക്യാച്ച് പിടിച്ചെടുത്തത്. ചെന്നൈ ഇന്നിങ്‌സില്‍ മുഹമ്മദ് സിറാജ് എറിഞ്ഞ 15-ാം ഓവറിലെ അവസാന പന്തിലായിരുന്നു ഫാഫിന്‍റെ അത്ഭുത ക്യാച്ച്.