ന്യൂഡല്‍ഹി :ഐപിഎല്ലില്‍ ബാറ്റിങ്ങ് വിരുന്നൊരുക്കാൻ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വീണ്ടും ഇറങ്ങുന്നു. തുടര്‍ജയങ്ങളുടെ ആത്മവിശ്വാസത്തില്‍ എത്തുന്ന ഡല്‍ഹി കാപിറ്റല്‍സാണ് പാറ്റ് കമ്മിൻസിന്‍റെയും സംഘത്തിന്‍റെയും എതിരാളികള്‍. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്.
വമ്പനടിക്കാരുടെ മികവിലാണ് ഐപിഎല്‍ പതിനേഴാം പതിപ്പില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ കുതിപ്പ്. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ മധ്യനിരയില്‍ എയ്‌ഡൻ മാര്‍ക്രം, ഹെൻറിച്ച് ക്ലാസൻ ഫിനിഷറായി അബ്‌ദുല്‍ സമദ് എന്നിവരെല്ലാം തകര്‍പ്പൻ ഫോമിലാണ്. ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസ് നേതൃത്വം നല്‍കുന്ന ഹൈദരാബാദിന്‍റെ പേസ് നിരയും തരക്കേടില്ലാതെ പന്തെറിയുന്നുണ്ട്.
കഴിഞ്ഞ കളിയില്‍ ഗുജറാത്ത് ടൈറ്റൻസിനെ 89 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഡല്‍ഹി ബൗളര്‍മാര്‍ക്ക് സ്വന്തം തട്ടകത്തില്‍ ഹൈദരാബാദ് ബാറ്റര്‍മാര്‍ വെല്ലുവിളിയാകുമോയെന്ന് കണ്ടറിയണം. ഗുജറാത്തിനെതിരെ നടത്തിയ പ്രകടനം ഇഷാന്ത് ശര്‍മ, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ് ഉള്‍പ്പടെയുള്ളവര്‍ക്ക് ആവര്‍ത്തിക്കാനായില്ലെങ്കില്‍ ഡല്‍ഹിക്ക് മത്സരത്തില്‍ വെള്ളം കുടിക്കേണ്ടി വരും. ബാറ്റിങ്ങില്‍ റിഷഭ് പന്ത്, ജേക് ഫ്രേസര്‍ മക്‌ഗുര്‍ക് എന്നിവരിലാണ് ഡല്‍ഹിയുടെ പ്രതീക്ഷ.
സീസണില്‍ അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യത്തെ മത്സരമാണിത്. വിമൻസ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ആയിരുന്നു ഇവിടെ അവസാനം നടന്നത്. ഇടവേളയ്‌ക്ക് ശേഷം വീണ്ടും അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തിലേക്ക് ഒരു മത്സരം എത്തുമ്പോള്‍ പിച്ച് ആരെയാകും തുണയ്‌ക്കുക എന്നത് കണ്ടുവേണം അറിയാൻ.