ന്യൂഡല്‍ഹി :ഐപിഎല്‍ പതിനേഴാം പതിപ്പില്‍ തുടര്‍ തോല്‍വികള്‍ക്കൊടുവില്‍ സ്വന്തം തട്ടകത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ജയിച്ചുകൊണ്ടാണ് മുംബൈ ഇന്ത്യൻസ് തങ്ങളുടെ അക്കൗണ്ട് തുറന്നത്. ഇന്ന് വീണ്ടും അതേ ഡല്‍ഹിക്കെതിരെ കളിക്കാൻ ഇറങ്ങുമ്പോള്‍ വിജയവഴിയിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങളിലാണ് ഹാര്‍ദിക് പാണ്ഡ്യയും കൂട്ടരും. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ പോരിനിറങ്ങുന്ന മത്സരം.
വൈകുന്നേരം മൂന്നരയ്‌ക്ക് കളി തുടങ്ങും. കഴിഞ്ഞ കളിയിലെ തോല്‍വിയില്‍ നിന്നുള്ള മോചനമാണ് മുംബൈയുടെ ലക്ഷ്യം. മറുവശത്ത്, ജയം തുടരാൻ ഇറങ്ങുന്ന ഡല്‍ഹിയ്‌ക്ക് ഐപിഎല്‍ ആദ്യ പാദത്തില്‍ മുംബൈയോടേറ്റ തോല്‍വിയ്‌ക്ക് കണക്കും തീര്‍ക്കേണ്ടതുണ്ട്.
പോയിന്‍റ് പട്ടികയിലെ 6,9 സ്ഥാനങ്ങളില്‍ ഉള്ള ടീമുകളുടെ പോരാട്ടം കൂടിയാണ് ഇന്നത്തേത്. ഒൻപത് കളിയില്‍ എട്ട് പോയിന്‍റുള്ള ഡല്‍ഹിയ്‌ക്കും എട്ട് മത്സരങ്ങളില്‍ ആറ് പോയിന്‍റുള്ള മുംബൈ ഇന്ത്യൻസിനും പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്തണമെങ്കില്‍ ഇന്ന് ജയിച്ചേ മതിയാകൂ.
അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റൻസിനെ നാല് റണ്‍സിന് തോല്‍പ്പിക്കാൻ സാധിച്ചതിന്‍റെ ആത്മവിശ്വാസം ഡല്‍ഹി ക്യാപിറ്റല്‍സിനുണ്ട്. മുംബൈ ഇന്ത്യൻസിനെ ഇന്ന് നേരിടാൻ ഇറങ്ങുമ്പോഴും ജയം ആവര്‍ത്തിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. നായകൻ റിഷഭ് പന്തിന്‍റെ ഫോം ആണ് നിലവില്‍ ടീമിന്‍റെ കരുത്ത്.
നീണ്ട ഇടവേളയ്‌ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ താരം ഒരോ മത്സരത്തിലും മെച്ചപ്പെട്ട പ്രകടനങ്ങളാണ് കാഴ്‌ചവയ്‌ക്കുന്നത്. ട്രിസ്റ്റണ്‍ സ്റ്റബ്‌സും ഡല്‍ഹിക്കായി മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നു. ബൗളിങ്ങില്‍ കുല്‍ദീപ് യാദവിന്‍റെ സ്‌പിൻ കരുത്തിലാകും ഡല്‍ഹി പ്രതീക്ഷയേറെ അര്‍പ്പിക്കുന്നത്.