ന്യൂഡല്‍ഹി : ഐപിഎല്‍ പതിനേഴാം പതിപ്പിലെ ആദ്യ എവേ മത്സരത്തിനായി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് ഇറങ്ങും. ഡല്‍ഹി കാപിറ്റല്‍സാണ് ചെന്നൈയുടെ എതിരാളികള്‍. വിശാഖപട്ടണത്ത് രാത്രി ഏഴരയ്‌ക്കാണ് മത്സരം.
കളിച്ച രണ്ട് മത്സരവും ജയിച്ച് ഐപിഎല്‍ പതിനേഴാം പതിപ്പ് മികച്ച രീതിയില്‍ തുടങ്ങിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇന്ന് വിശാഖപട്ടണത്ത് ഡല്‍ഹി കാപിറ്റല്‍സിനെ നേരിടാൻ ഇറങ്ങുന്ന റിതുരാജിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം ജയക്കുതിപ്പ് തുടരുക എന്നത് തന്നെയാകും. പോയിന്‍റ് പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്.
ബാറ്റിങ്ങിലും ബൗളിങ്ങിലും തകര്‍പ്പൻ പ്രകടനമാണ് സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ചെന്നൈ കാഴ്‌ചവച്ചത്. പ്രധാന താരങ്ങളെല്ലാം ഫോമിലാണ് എന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. രചിൻ രവീന്ദ്ര നല്‍കുന്ന വെടിക്കെട്ട് തുടക്കമാണ് സിഎസ്‌കെ സ്കോറിങ്ങിന്‍റെ അടിത്തറ.
ആര്‍സിബി, ഗുജറാത്ത് ടൈറ്റൻസ് ടീമുകള്‍ക്കെതിരെ മികച്ച പ്രകടനം നടത്താൻ രചിനായി. മധ്യനിരയില്‍ ശിവം ദുബെ, ഡാരില്‍ മിച്ചല്‍ എന്നിവരും ഫോമില്‍. അതേസമയം, ഇന്നെങ്കിലും മുൻ നായകൻ എംഎസ് ധോണിയുടെ ബാറ്റിങ് കണാൻ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ആറ് വിക്കറ്റ് നഷ്‌ടമായിരുന്നെങ്കിലും ധോണി ബാറ്റ് ചെയ്യാനെത്താതിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു.
വിക്കറ്റ് വേട്ടയില്‍ മുന്നിലുള്ള മുസ്‌തഫിസുര്‍ റഹ്മാൻ യുവ പേസര്‍ മതീഷ പതിരണ എന്നിവരാണ് ബൗളിങ്ങില്‍ ചെന്നൈയുടെ കുന്തമുന. ഇന്ത്യൻ താരം തുഷാര്‍ ദേശ്‌പാണ്ഡെ താളം കണ്ടെത്തിയതും സൂപ്പര്‍ കിങ്‌സിന് ആശ്വാസമാണ്. രവീന്ദ്ര ജഡേജയിലാണ് ടീമിന്‍റെ സ്‌പിൻ പ്രതീക്ഷ.
താരങ്ങളുടെ പരിക്കും ഫോമില്ലായ്‌മയും അലട്ടുന്ന ഡല്‍ഹി കാപിറ്റല്‍സിന്‍റെ ലക്ഷ്യം സീസണിലെ ആദ്യ ജയം. പഞ്ചാബ് കിങ്‌സിനോടും രാജസ്ഥാൻ റോയല്‍സിനോടും തോല്‍വി വഴങ്ങിയാണ് റിഷഭ് പന്തും സംഘവും മിന്നും ഫോമിലുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടാൻ ഒരുങ്ങുന്നത്. ഡേവിഡ് വാര്‍ണര്‍ റണ്‍സ് കണ്ടെത്തി തുടങ്ങിയത് ഡല്‍ഹിക്ക് ആശ്വാസം നല്‍കുന്ന കാര്യമാണ്.
കഴിഞ്ഞ കളിയില്‍ രാജസ്ഥാൻ റോയല്‍സിനെതിരെ 49 റണ്‍സ് നേടിയായിരുന്നു വാര്‍ണര്‍ പുറത്തായത്. ഇതേ മത്സരത്തില്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സും മികച്ച ബാറ്റിങ്ങ് പ്രകടനം പുറത്തെടുത്തു. ഇരുവരും ചെന്നൈയ്‌ക്കെതിരെയും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് ഡല്‍ഹി.
ആദ്യ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടതുകൊണ്ട് തന്നെ ഡല്‍ഹി നിരയില്‍ ഇന്ന് മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. പൃഥ്വി ഷാ, ലളിത് യാദവ്, ഓസീസ് പേസര്‍ ജേയ് റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ സെലക്ഷന് ലഭ്യമാണെന്ന് കഴിഞ്ഞ ദിവസം കാപിറ്റല്‍സ് പരിശീലകൻ റിക്കി പോണ്ടിങ് വ്യക്തമാക്കിയിരുന്നു. ഇവരില്‍ ആര്‍ക്കൊക്കെ അവസരം ലഭിക്കുമെന്ന കാര്യം കണ്ടറിയേണ്ടതാണ്.
Also Read :അരങ്ങേറ്റത്തില്‍ 'മിന്നല്‍ വേഗം', പഞ്ചാബിനെ പൂട്ടിയ ലഖ്‌നൗ പേസര്‍; അറിയാം മായങ്ക് യാദവ് ആരാണെന്ന്... - Who Is Mayank Yadav
ഡല്‍ഹി കാപിറ്റല്‍സ് ടീം:ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്. റിക്കി ഭുയി/പൃഥ്വി ഷാ, റിഷഭ് പന്ത് (ക്യാപ്‌റ്റൻ/വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അഭിഷേക് പോറല്‍,അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ആൻറിച്ച് നോര്‍ക്യ, ഖലീല്‍ അഹമ്മദ്, ലളിത് യാദവ്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം:റിതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്‌റ്റൻ), രചിൻ രവീന്ദ്ര, അജിങ്ക്യ രഹാനെ, ശിവം ദുബെ, ഡാരില്‍ മിച്ചല്‍, രവീന്ദ്ര ജഡേജ, സമീര്‍ റിസ്‌വി, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്‌പാണ്ഡെ, മതീഷ പതിരണ,മുസ്‌തഫിസുര്‍ റഹ്മാൻ.