ലണ്ടൻ:പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനോട് നാണംകെട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. പാലസിന്‍റെ ഹോം ഗ്രൗണ്ടില്‍ കളിക്കാനിറങ്ങിയ യുണൈറ്റഡ് എതിരില്ലാത്ത നാല് ഗോളുകള്‍ വഴങ്ങിയാണ് കളിക്കളത്തില്‍ നിന്നും തിരികെ കയറിയത്. സീസണില്‍ യുണൈറ്റഡിന്‍റെ 13-ാമത്തെ തോല്‍വിയാണിത്.
സെല്‍ഹര്‍ട്ട് പാര്‍ക്കില്‍ സന്ദര്‍ശകരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നിഷ്‌ഭ്രമരാക്കുന്ന പ്രകടനമായിരുന്നു ക്രിസ്റ്റല്‍ പാലസ് മത്സരത്തില്‍ ഉടനീളം കാഴ്‌ചവെച്ചത്. 12-ാം മിനിറ്റില്‍ കാസിമിറോയെ മറികടന്ന് മൈതാനത്തിന്‍റെ മധ്യഭാഗത്ത് നിന്നും പന്തുമായി കുതിച്ച മൈക്കിള്‍ ഒലിസെയാണ് ക്രിസ്റ്റല്‍ പാലസിനായി ആദ്യ ഗോള്‍ നേടിയത്. 27-ാം മിനിറ്റില്‍ യുണൈറ്റഡ് തിരിച്ചടിച്ചെങ്കിലും ഹോയ്‌ലുണ്ട് ക്രിസ്റ്റല്‍ പാലസ് ഗോള്‍ കീപ്പറെ ഫൗള്‍ ചെയ്‌തതുകൊണ്ട് റഫറി ഈ ഗോള്‍ നിഷേധിക്കുകയായിരുന്നു.
ആദ്യ പകുതിയുടെ വിസില്‍ മുഴങ്ങുന്നതിന് മുന്‍പ് തന്നെ ലീഡ് ഇരട്ടിയാക്കാൻ ക്രിസ്റ്റല്‍ പാലസിന് സാധിച്ചു. 40-ാം മിനിറ്റില്‍ തകര്‍പ്പൻ ഫിനിഷിങ്ങിലൂടെ ജീൻ ഫിലിപ്പ് മറ്റേറ്റയാണ് ആതിഥേയര്‍ക്കായി രണ്ടാം ഗോള്‍ നേടിയത്. ഈ രണ്ട് ഗോളുകളുടെ ലീഡുമായി ആദ്യ പകുതി അവസാനിപ്പിക്കാൻ ക്രിസ്റ്റല്‍ പാലസിനായി.