റിയാദ്: സൗദി കിങ്സ് കപ്പ് ടൂര്‍ണമെന്‍റില്‍ നിന്ന് അൽ താവുനോട് പരാജയപ്പെട്ട് അല്‍നസര്‍ പുറത്തായി. എതിരില്ലാത്ത ഒരു ഗോളിനാണ് അൽ നസർ പരാജയപ്പെട്ടത്. മത്സരത്തിന്‍റെ 71-ാം മിനിറ്റിലായിരുന്നു അല്‍താവു ലീഡ് നേടിയത്. വാലിദ് അല്‍ അഹമ്മദിന്‍റെ ഷോട്ടാണ് ലക്ഷ്യം കണ്ടത്.
എന്നാല്‍ 96-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നഷ്‌ടപ്പെടുത്തിയതോടെയാണ് സമനില പിടിക്കാന്‍ കഴിയാതെ ടീം പുറത്തായത്. പന്ത് വലയിലെത്തിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി പന്ത് ഗോള്‍ പോസ്റ്റിന് മുകളിലൂടെ പറന്നു.
കിങ്സ് കപ്പ് റൗണ്ട് 16ലായിരുന്നു അൽ നസറും അൽ താവൂനും ഏറ്റുമുട്ടിയത്. രണ്ടുവര്‍ഷം മുന്‍പ് അല്‍ നസറിലെത്തിയ റൊണാള്‍ഡോയ്ക്ക് ഇതുവരെ ടീമിനായി ഒരു പ്രധാന കീരീടം നേടിക്കൊടുക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ മത്സരങ്ങളിലെല്ലാം തനിക്ക് ലഭിച്ച പെനാല്‍റ്റി കിക്കുകള്‍ റൊണാള്‍ഡോ ലക്ഷ്യത്തിലെത്തിച്ചിരുന്നു. മത്സരത്തിന്‍റെ രണ്ടാം പകുതിയുടെ അധികസമയത്തായിരുന്നു പെനാല്‍റ്റി ലഭിച്ചത്.