ഹൈദരാബാദ്:ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് അടുത്ത വര്‍ഷം പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കും. എന്നാല്‍ മത്സരങ്ങള്‍ക്കായി ഇന്ത്യ പാകിസ്ഥാനില്‍ പോകുന്ന കാര്യത്തില്‍ ഇതുവരേ തീരുമാനമൊന്നുമായിട്ടില്ല. ഹൈബ്രിഡ് മാതൃകയിൽ ടൂർണമെന്‍റ് സംഘടിപ്പിക്കാൻ ഐസിസി ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്.
അതിനിടെ ഇന്ത്യ ഫൈനലില്‍ എത്തിയാൽ വേദി ദുബായിലേക്ക് മാറ്റുമെന്ന സമൂഹമാധ്യമങ്ങളിലടക്കം നിരവധി വാർത്തകളാണ് പ്രചരിക്കുന്നത്. എന്നാല്‍ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുറത്തുവന്ന വാർത്തകള്‍ നിഷേധിച്ചു. അത്തരം ചിന്തകളൊന്നും തങ്ങളിൽ വന്നിട്ടില്ലെന്നും അവർ വ്യക്തമാക്കി.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ രാഷ്ട്രീയ സംഘർഷങ്ങളുണ്ടെങ്കിലും കായികരംഗത്ത് അവയുമായി ഒരു ബന്ധവുമില്ലെന്ന് തെളിയിക്കേണ്ടത് വളരെ ആവശ്യമാണെന്ന് പിസിബി പറഞ്ഞു. ടൂർണമെന്‍റ് തീർച്ചയായും വിജയിപ്പിക്കും. ഒരു തടസ്സവുമില്ലാതെ മത്സരം നടക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
എന്നാൽ സ്ഥലം മാറ്റുമെന്ന വാർത്തയിൽ സത്യമില്ല. ചാമ്പ്യൻസ് ട്രോഫി ഫൈനൽ വേദി പാകിസ്ഥാനിൽ നിന്ന് മാറ്റുമെന്ന വാർത്തയെ ഞങ്ങൾ അപലപിക്കുന്നു. ടൂർണമെന്‍റ് ഗംഭീരമായി സംഘടിപ്പിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്‌തുവരികയാണ്. ഞങ്ങളുടെ ആതിഥ്യം ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പിസിബി വ്യക്തമാക്കി.