മൊണാക്കോ:അടിമുടി മാറ്റവുമായാണ് ഇത്തവണ ചാമ്പ്യൻസ് ലീഗ് ആരാധകരിലേക്ക് എത്തുന്നത്. പുതിയ രൂപത്തിലും ഭാവത്തിലുമെത്തുന്ന ചാമ്പ്യൻസ് ലീഗില്‍ 36 ടീമുകളാണ് ഇത്തവണ പോരിനിറങ്ങുക. കഴിഞ്ഞ സീസണ്‍ വരെ 32 ടീമുകളായിരുന്നു ടൂര്‍ണമെന്‍റില്‍.
ആവേശത്തോടെ ലീഗിന്‍റെ ഗ്രൂപ്പ്‌ഘട്ട നറുക്കെടുത്തു. 36 ടീമുകളെ ഒന്‍പത് ടീം വീതമുള്ള നാല് പോട്ടുകളായി തിരിച്ചാണ് നറുക്കെടുപ്പ് നടന്നത്. ഓരോ ടീമും സ്വന്തം തട്ടകത്തിലെ രണ്ട് ടീമുമായും എതിര്‍ തട്ടകത്തിലെ രണ്ടുവീതം ടീമുമായും മത്സരിക്കും. എട്ടു കളികളില്‍ നാലെണ്ണം എവേയും നാലെണ്ണം ഹോം മത്സരങ്ങളുമായിരിക്കും. മികച്ച എട്ട് ടീമുകള്‍ പ്രീ ക്വാര്‍ട്ടറിലെത്തും. ഒമ്പത് മുതല്‍ 24 വരെയുള്ള ടീമുകള്‍ക്ക് പ്രീ ക്വാര്‍ട്ടറിലെത്താന്‍ പ്ലേ ഓഫ് കളിക്കണം. ഇത്തവണ 189 മത്സരങ്ങളാണുള്ളത്. ആദ്യ റൗണ്ട് മത്സരങ്ങള്‍ സെപ്‌തംബര്‍ 17,18,19 തീയതികളില്‍ നടക്കും.