മുംബൈ:ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. ചില സര്‍പ്രൈസുമായാണ് ലാറ തന്‍റെ ടീം പ്രഖ്യാപിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ സഞ്‌ജു സാംസണും റിഷഭ് പന്തും ലാറയുടെ ടീമില്‍ ഇടം നേടി. കെഎല്‍ രാഹുലിന് ഇടം ലഭിച്ചില്ല.
കൂടാതെ ശുഭ്‌മാന്‍ ഗില്ലിനേയും ലാറ പരിഗണിച്ചില്ലെന്നത് ശ്രദ്ധേയമാണ്. പേസ് യൂണിറ്റില്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കി മായങ്ക് യാദവിനെയാണ് വിന്‍ഡീസ് മുന്‍ ബാറ്റര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനായി ഐപിഎല്ലില്‍ അരങ്ങേറ്റ സീസണ്‍ കളിക്കുന്ന മായങ്ക് മിന്നും പ്രകടനം പുറത്തെടുത്തിരുന്നു.
മണിക്കൂറില്‍ 150 കിലോമീറ്ററിന് മുകളില്‍ പന്തെറിഞ്ഞ് ബാറ്റര്‍മാരുടെ ചങ്കിടിപ്പേറ്റാന്‍ താരത്തിനായി. എന്നാല്‍ പരിക്കേറ്റ താരത്തിന് കളിക്കളത്തിലേക്ക് വീണ്ടും മടങ്ങിയെത്താനായിട്ടില്ല. രാജസ്ഥാന്‍ പേസര്‍ സന്ദീപ് ശര്‍മയുടേതാണ് ലാറയുടെ മറ്റൊരു ശ്രദ്ധേയമായ തിരഞ്ഞെടുപ്പ്.
രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, സഞ്‌ജു സാംസണ്‍ എന്നിവരാണ് ബാറ്റര്‍മാര്‍. ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും രവീന്ദ്ര ജഡേജയുമാണുള്ളത്. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് സ്‌പിന്നര്‍മാര്‍. പേസ് യൂണിറ്റില്‍ ജസ്പ്രിത് ബുംറ, അര്‍ഷ്‌ദീപ് സിങ്, സന്ദീപ് ശര്‍മ, മായങ്ക് യാദവ് എന്നിവരെയാണ് ലാറ തിരഞ്ഞെടുത്തിരിക്കുന്നത്.