ദിബ്രുഗഡ് : ഒളിമ്പിക് മെഡൽ ജേതാവും ആറ് തവണ ലോക ചാമ്പ്യനുമായിരുന്ന ഇന്ത്യയുടെ ബോക്‌സിങ് ഇതിഹാസം മേരി കോം വിരമിക്കൽ പ്രഖ്യാപിച്ചു. രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്‍റെ നിയമപ്രകാരം 40 വയസുവരെ മാത്രമേ എലൈറ്റ് മത്സരങ്ങളില്‍ മത്സരിക്കാന്‍ പാടുള്ളൂ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് 41-കാരിയായ താരം വിരമിക്കുന്നത് (Mary Kom Announces Retirement).
വിരമിച്ചെങ്കിലും ഇനിയും ബോക്‌സിങ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് മേരി കോം വ്യക്തമാക്കി. പ്രായപരിധി കാരണമാണ് വിരമിക്കുന്നത്. ജീവിതത്തില്‍ എല്ലാം നേടിയ സംതൃപ്‌തിയോടെയാണ് പടിയിറക്കമെന്നും മേരി കോം പറഞ്ഞു.
'ബോക്‌സിങ്ങിനോടുള്ള എന്‍റെ അഭിനിവേശം ഇപ്പോഴുമുണ്ട്. എന്നാൽ പ്രായപരിധി കഴിഞ്ഞതിനാല്‍ എനിക്ക് രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ല. ബോക്‌സിങ്ങിൽ നിന്ന് വിരമിക്കാൻ ഞാൻ നിർബന്ധിതയായിരിക്കുന്നു. ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം നേടാൻ സാധിച്ച സംതൃപ്‌തിയോടെയാണ് പടിയിറക്കം'– വിരമിക്കൽ പ്രഖ്യാപനത്തിൽ മേരി കോം പറഞ്ഞു.