പാരിസ്:വനിത നീന്തല്‍ താരങ്ങള്‍ക്കെതിരെ സ്‌ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ കമന്‍റേറ്റര്‍ ബോബ് ബല്ലാര്‍ഡിനെ കമന്‍ററി ടീമില്‍ നിന്നും പുറത്താക്കി. പാരിസ് ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ വനിത താരങ്ങള്‍ക്കെതിരെയായിരുന്നു മുതിര്‍ന്ന കായിക കമന്‍റേറ്ററായ ബോബ് ബല്ലാര്‍ഡ് പരാമര്‍ശം നടത്തിയത്. 4x100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ പോരാട്ടാത്തിന് പിന്നാലെയായിരുന്നു ബോബിന്‍റെ പ്രതികരണം.
മത്സരത്തിന് ശേഷം താരങ്ങള്‍ പൂള്‍ഡെക്ക് വിടുന്നതിനിടെയായിരുന്നു ബോബിന്‍റെ പരാമര്‍ശം. 'ചുറ്റി നടന്ന് മേക്കപ്പ് ചെയ്യുന്നവരാണ് സ്ത്രീകള്‍ എന്ന് നിങ്ങള്‍ക്ക് അറിയുന്ന കാര്യമാണ്' എന്നായിരുന്നു ലൈവ് ടെലികാസ്റ്റിങ്ങിനിടെ ബോബ് പറഞ്ഞത്. ബോബിന്‍റെ പരാമര്‍ശം വേഗത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചര്‍ച്ചയാകുകയും ചെയ്‌തിരുന്നു.