ജിദ്ദ:സ്‌പാനിഷ് സൂപ്പർ കപ്പ് ഫുട്ബോള്‍ കിരീടം 15-ാം തവണയും സ്വന്തമാക്കി ബാഴ്‌സലോണ. എല്‍ ക്ലാസിക്കോ ഫൈനല്‍ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്താണ് ബാഴ്‌സ കിരീടത്തില്‍ മുത്തമിട്ടത്. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ തകര്‍പ്പന്‍ ജയം.
ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കാറ്റാലന്‍മാര്‍ക്കായി രണ്ട് ഗോളുകളും അസിസ്റ്റുകളും നേടി തിളങ്ങിയ സൂപ്പർ താരം റാഫീഞ്ഞ മാന്‍ ഓഫ് ദ മാച്ചായി. തുടർച്ചയായ 3–ാം തവണ ഫൈനൽ കളിച്ച ബാഴ്‌സലോണയുടെ രണ്ടാം കിരീടമാണിത്. രണ്ടു തവണയും റയലായിരുന്നു എതിരാളികൾ. എന്നാല്‍ റയൽ 13 തവണ സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ ഗോളടിച്ച് റയൽ മാഡ്രിഡായിരുന്നു ആദ്യം അക്കൗണ്ട് തുറന്നത്. ഫ്രഞ്ച് ഫോർവേഡ് കൈലിയൻ എംബാപ്പെ അഞ്ചാം മിനിറ്റിൽ റയലിനെ മുന്നിലെത്തിക്കുകയായിരുന്നു. എന്നാല്‍ 22-ാം മിനിറ്റില്‍ ലാമിൻ യമാലിലൂടെ ബാഴ്‌സലോണ തിരിച്ചടിച്ചു. തുടര്‍ന്ന് മത്സരത്തിലുടനീളം ബാഴ്‌സയുടെ ശക്തമായ പ്രകടനം കാണാന്‍ തുടങ്ങി.
ആദ്യ പകുതി അവസാനിക്കുന്നതിന് മുന്നേ റാഫീന്യ, റോബർട്ടോ ലെവൻഡോസ്‌കി, അലാസാന്ദ്രോ ബാൽദെ എന്നിവരും റയലിന്‍റെ വലകുലുക്കിയതോടെ ബാഴ്‌സ ഒന്നിനെതിരെ നാല് ഗോളുകൾക്ക് മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ റാഫീന്യ അഞ്ചാം ഗോളും നേടി. 56 -ാ മിനിറ്റിൽ ഗോൾകീപ്പർ വോയ്ചെക് ഷെസ്നി ചുവപ്പു കാർഡ് കണ്ടു പുറത്തായതോടെ ബാഴ്‌സലോണ പത്തു പേരായി ചുരുങ്ങി. പിന്നാലെ 60-ാം മിനിറ്റിൽ റോഡ്രിഗോ റയലിനായി രണ്ടാം ഗോളും പിറന്നു.
'വലിയ ക്ലബ്ബുകളുടെ ലക്ഷ്യം എപ്പോഴും കിരീടങ്ങൾ നേടുക എന്നതാണെന്ന് മത്സരശേഷം ബാഴ്‌സ കോച്ച് ഹൻസി ഫ്ലിക്ക് പറഞ്ഞു.'റയൽ ഒരുപാട് തെറ്റുകൾ വരുത്തി, ആദ്യ പകുതിയിൽ ടീം വേണ്ടത്ര നന്നായി കളിച്ചില്ലെന്ന് റയൽ മാഡ്രിഡ് പരിശീലകൻ ആൻസലോട്ടി സമ്മതിച്ചു.
ഹാൻസി ഫ്ലിക്കിന്റെ നേതൃത്വത്തിൽ ബാഴ്‌സ നേടുന്ന ആദ്യ കിരീടമാണിത്. സെമി ഫൈനലിൽ അത്‌ലറ്റികോ ബിൽബാവോയെ തകര്‍ത്തായിരുന്നു ബാഴ്‌സലോണ ഫൈനല്‍ ഉറപ്പിച്ചത്. മയ്യോർക്കയെ തോല്‍പ്പിച്ചായിരുന്നു റയൽ സെമി മറികടന്നത്.