ഇടുക്കി: മകരജ്യോതി ദർശനത്തിനായി ഇടുക്കി ജില്ല പൂർണ സജ്ജമായതായി ജില്ലാകലക്‌ടർ വി വിഗ്നേശ്വരി അറിയിച്ചു. ജില്ലയിൽ മകരജ്യോതി ദർശിക്കാൻ കഴിയുന്ന പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് മുന്നോടിയായി വള്ളക്കടവിലെ വനംവകുപ്പ് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കലക്‌ടർ.
ജില്ലാ പൊലീസ് മേധാവി ടികെ വിഷ്ണുപ്രദീപ് , സബ്‌കലക്‌ടർ അനൂപ് ഗാർഗ്, എഡിഎം ഷൈജു പി ജേക്കബ്ബ് എന്നിവർ ഒപ്പമുണ്ടായിരുന്നു. സമഗ്രമായ സുരക്ഷാ സംവിധാനങ്ങളാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്. എട്ട് ഡിവൈഎസ്‌പിമാർ 19 ഇൻസ്പെക്‌ടർമാർ ഉൾപ്പെടെ 1200 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. പുറമെ 150 പ്രത്യേക ഉദ്യോഗസ്ഥർക്കും ചുമതല നൽകിയിട്ടുണ്ട്.
കാഴ്‌ചാ കേന്ദ്രങ്ങളിൽ ഉറപ്പുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. വാഹനാപകടം, ഗതാഗത തടസം എന്നിവ ഉണ്ടാകാതെ നോക്കാൻ ഓരോ ജംഗ്ഷനുകളിലും കൂടുതല്‍ പൊലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. റവന്യു വകുപ്പിൻ്റെ സഹായത്തോടെ 40 ആസ്‌ക ലൈറ്റുകളും വിന്യസിച്ചു. ഹരിഹരൻ കമ്മീഷൻ നിർദ്ദേശപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് അറിയിച്ചു.
പീരുമേട് വണ്ടിപെരിയാർ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം
മകരവിളക്ക് ദർശനശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് പോകാൻ തീർഥാടകരെ അനുവദിക്കില്ല. ഇക്കാര്യത്തിൽ ഭക്തജനങ്ങൾ പൊലീസിൻ്റെ നിർദ്ദേശം പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കുമിളി പീരുമേട് വണ്ടിപെരിയാർ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി തേനി പൊലീസിൻ്റെ സഹായവും തേടിയിട്ടുണ്ട്. കോഴിക്കാനം പുല്ലുമേട് വഴിയിൽ മാത്രം 365 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുമളിയില്‍ വഴി തിരക്ക് വർധിക്കുമ്പോൾ കമ്പംമെട്ട് വഴി തീർഥാടകരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കും. കുമളി വഴി തിരികെ പോകാൻ സൗകര്യം ഒരുക്കുകയും ചെയ്യും. ഗവി റൂട്ടില്‍ മകരജ്യോതി കാണുന്നതിനായി വനത്തിനുള്ളിലെ അപകടകരമായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്നത് തടയാൻ പൊലീസും വനം വകുപ്പും സംയുക്ത പരിശോധന ശക്തമാക്കും. പത്തനംതിട്ട വഴിയുള്ള ഇക്കോ ടൂറിസം യാത്രകൾ മകരവിളക്ക് കഴിയുന്നത് വരെ നിരോധിച്ചിട്ടുണ്ട്.
ഗതാഗത തടസം, അപകടത്തിനും കാരണമാകുന്നരീതിയിലുള്ള അനധികൃത വഴിയോരകച്ചവടങ്ങൾ ഒഴിപ്പിക്കുന്നതിന് പീരുമേട് തഹസില്‍ദാര്‍, ദേശീയപാത അധികൃതര്‍ എന്നിവര്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്. നാലാം മൈല്‍ മുതല്‍ പുല്ലുമേട് വരെയുള്ള 10 കിമീ ദൂരത്തില്‍ ഓരോ ഭാഗത്തും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൂടെ പൊലീസ് സേനാംഗങ്ങളെ ഉള്‍പ്പെടുത്തും കോഴിക്കാനം, പുല്ലുമേട് ഭാഗത്ത് പൊലീസ് എയ്‌ഡ് പോസ്റ്റ് സ്ഥാപിച്ചു.
പ്രത്യേക പാര്‍ക്കിംഗ് സൗകര്യവും കുടിവെള്ളവും
മകരവിളക്ക് ഡ്യൂട്ടിക്കെത്തുന്ന വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക പാര്‍ക്കിംഗ് സൗകര്യവും ഏർപ്പെടുത്തി. കാനന പാതയില്‍ ഓരോ കിലോമീറ്ററിനുള്ളിലും ഡ്യൂട്ടിക്കായി ഉദ്യോസ്ഥരെ നിയമിച്ചു. കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തി. കാനന പാതയില്‍ റോഡ് തുറന്ന് കൊടുക്കാനും വിളക്ക് കഴിഞ്ഞ് അടയ്ക്കാനും ആർആർടി സംഘത്തെ നിയോഗിച്ചു. കാനന പാതയില്‍ കാട് വെട്ടിത്തെളിച്ച് ഗതാഗത യോഗ്യമാക്കി ഫയര്‍ ബെല്‍റ്റുകള്‍ നിര്‍മ്മിച്ചു.
ഓരോ കിലോ മീറ്ററിലും വനം വകുപ്പ് ജീവനക്കാരെ നിയോഗിച്ചിട്ടുള്ളതായും കുടിവെള്ള സൗകര്യം ക്രമീകരിച്ചിട്ടുള്ളതായും തീർഥാടകര്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള ക്രമീകരണം ഒരുക്കിയിയെന്നും ഫോറസ്റ്റ് ഡെപ്യൂട്ടി ഡയറക്‌ടർ പെരിയാര്‍ വെസ്റ്റ് എസ് സന്ദീപ്അറിയിച്ചു. തീർഥാടനത്തിൻ്റെ ഭാഗമായി വരുന്ന 8 പോയിൻ്റുകളിലും കുടിവെള്ളം ഫയര്‍ ഫോഴ്‌സ്, ആരോഗ്യ സേവനങ്ങള്‍ എന്നിവ ഉറപ്പാക്കി. കൂടാതെ നാലാം മൈല്‍ മുതല്‍ ഉപ്പ്‌പാറ വരെ വെളിച്ച വിതാനവും ക്രമീകരിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് പരിശോധനം കർശനമാക്കും
സത്രം ഭാഗത്ത് സീറോ പോയിൻ്റ്, പുല്ലുമേട് എന്നിവിടങ്ങളില്‍ ആവശ്യത്തിന് ഇക്കോ ഗാര്‍ഡിൻ്റെ സേവനം ഉറപ്പാക്കും. സത്രം, കോഴിക്കാനം എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് പരിശോധനം കർശനമാക്കും. റാപിഡ് റെസ്പോൺസ് ടീം, വന്യമൃഗ രക്ഷാസംഘം, കാനന പാതയിലെ ഭക്ഷണാവശിഷ്‌ടങ്ങൾ വൃത്തിയാക്കുന്നതിനുള്ള സംഘം എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. തെരുവുവിളക്കുകൾ, കുടിവെള്ള സൗകര്യം, ശുചിമുറി സൗകര്യം എന്നിവ ക്രമീകരിച്ചു.
വളഞ്ഞങ്ങാനം, കുട്ടിക്കാനം എന്നിവിടങ്ങളില്‍ അധിക ശുചിമുറികള്‍ സ്ഥാപിച്ചു. കുമളിയിലും വണ്ടിപ്പെരിയാറിലും കണ്‍ട്രോള്‍ റൂം തുറന്നു. അപകടമേഖലയില്‍ ദിശാ സൂചനാ ബോര്‍ഡുകള്‍, ഉറപ്പുള്ള ക്രാഷ് ഗാര്‍ഡുകള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. പുല്ലുമേട്, സത്രം, വണ്ടിപ്പെരിയാര്‍, കുമളി, പാഞ്ചാലിമേട്, പരുന്തുംപാറ എന്നീ അഞ്ച് പോയിൻ്റുകളില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് സജ്ജമാണ്. പുല്ലുമേട് സീതക്കുളം എന്നിവിടങ്ങളില്‍ രണ്ട് യൂണിറ്റ് സഫാരി ഫയര്‍ യൂണിറ്റിൻ്റെ ലഭൃതയും ഉറപ്പാക്കി.
ബിഎസ്‌എന്‍എല്‍ പുല്ലുമേട്ടില്‍ താല്‍ക്കാലിക മൊബൈല്‍ ടവര്‍ നിര്‍മ്മിച്ച് മൊബൈല്‍ കവറേജ് ലഭ്യമാക്കിയിട്ടുണ്ട്. മകരവിളക്ക് ദിവസം കുമളി കോഴിക്കാനം റൂട്ടില്‍ രാവിലെ 6 മുതല്‍ വെകിട്ട് 4 വരെ 50 ബസുകൾ കെഎസ്‌ആർടിസി തീർഥാടകര്‍ക്കായി സര്‍വ്വീസ് നടത്തും. 10 ബസുകള്‍ തീർഥാടകരുടെ തിരക്ക് വർധിക്കുന്നതിന് അനുസരിച്ച് ഉപയോഗിക്കാൻ ക്രമീകരിച്ചിട്ടുണ്ട്. ബസുകള്‍ മുഴുവന്‍ അറ്റകുറ്റപ്പണികളും പൂര്‍ത്തീകരിച്ചാണ് സര്‍വീസ് നടത്തുന്നത്.
പുല്ലുമേട്ടിൽ മെഡിക്കല്‍ ക്യാമ്പ്
പുല്ലുമേട്ടിൽ മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. കുമളി, വണ്ടിപ്പെരിയാര്‍ ആരോഗ്യ കേന്ദ്രങ്ങളിൽ 24 മണിക്കൂര്‍ ഡോക്‌ടര്‍മാരുടെ സേവനം ഉറപ്പാക്കും. പുല്ലുമേട് കാനന പാതയിലും വിഷപാമ്പുകൾ മൂലം അപകടം ഉണ്ടായാല്‍, നേരിടുന്നതിനായി പീരുമേട് താലുക്ക് ആശുപത്രി, സിഎച്ച്‌സി വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ ആവശ്യത്തിന് ആൻ്റിവെനം എന്നിവ ഉറപ്പവരുത്തിയിട്ടുണ്ട്. കൂടാതെ രണ്ട് കിലോമീറ്റർ ഇടവിട്ട് ആംബുലന്‍സ് സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
പാഞ്ചാലിമേട്, സത്രം, വള്ളക്കടവ് ഭാഗങ്ങളില്‍ കടകളില്‍ പരിശോധനയും ലഹരിമരുന്നുകളുടെ വില്‍പ്പനയും ഉപയോഗവും തടയുന്നതിനായി എക്സൈസ് വകുപ്പ് പരിശോധനയും പട്രോളിംഗും ശക്തമാക്കി. കൺട്രോൾ റൂമും സജ്ജമാണ്. പുല്ലൂമേട് കാനന പാതയില്‍ ഒരു കിമീ ഇടവിട്ട് 500 മുതല്‍ 1000 ലിറ്റര്‍ ശേഷിയുള്ള വാട്ടര്‍ ടാങ്കുകളില്‍ കുടിവെള്ളം സംഭരിച്ച് തീർഥാടകർക്ക് ജല അതോറിറ്റി വിതരണം ചെയ്യും. പാഞ്ചാലിമേടും പരുന്തുംപാറയിലും കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തും.
പാഞ്ചാലിമേട്ടിൽ കഴിഞ്ഞ വര്‍ഷം നാലായിരത്തോളം തീർഥാടകര്‍ എത്തിയതായാണ് ഡിടിപിസിയുടെ കണക്ക്. ഇവിടെ ബാരി ക്കേഡുകളും കുടിവെള്ള ലഭ്യതയും ഉറപ്പാക്കി കഴിഞ്ഞു. ഡിടിപിസിയുടെ ഉടമസ്ഥതയിലുള്ള ശുചിമുറികള്‍ തുറന്ന് നല്‍കിയിട്ടുണ്ട്. കുമളി, സത്രം, വണ്ടിപ്പെരിയാര്‍, പാമ്പനാര്‍ എന്നീ സ്ഥലങ്ങളിലെ എല്ലാ കടകളിലും വില വിവര പട്ടിക വിവിധ ഭാഷകളിൽ പ്രിൻ്റ് ചെയ്‌ത് പതിപ്പിച്ചിട്ടുണ്ട്. കൂടാതെ സംയുക്ത സ്‌ക്വാഡ് പരിശോധനയും നടത്തിവരുന്നു. റേഷന്‍ കടകളില്‍ 10 രൂപ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ട്.
മകരജ്യോതി കണ്ടശേഷം സന്നിധാനത്തേക്ക് പോകാൻ ശ്രമിക്കുന്നവരെ തടയാൻ പൊലീസും വനംവകുപ്പും പ്രത്യേക തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. സുരക്ഷയെ മുൻനിർത്തിയാണ് കരുതൽ നടപടിയെന്നും എല്ലാ തീർഥാടകരും സഹകരിക്കണമെന്നും കലക്‌ടർ അഭ്യർഥിച്ചു.