എറണാകുളം: പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് നൽകാത്തതിൽ മലപ്പുറം ജില്ലാ കലക്‌ടർക്ക് ഹൈക്കോടതിയുടെ വിമർശനം. കോടതി പറഞ്ഞ കാര്യം ചെയ്യാനാകില്ലേയെന്ന് ചോദിച്ച ഡിവിഷൻ ബെഞ്ച്, കോടതിയുടെ നിർദേശങ്ങൾ പാലിക്കാതിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വിമർശിച്ചു. ഒരു മാസത്തിനകം നാട്ടാനകളുടെ കണക്കെടുപ്പ് പൂർത്തിയാക്കാനും നിർദേശം നൽകി.
പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി മലപ്പുറം കലക്‌ടർക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. കൃത്യമായി വിശദീകരത്തോടെയുള്ള റിപ്പോർട്ട് കലക്‌ടർ നൽകാത്തതിലാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നാണ് കോടതിയുടെ നിലപാടെന്നും ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി. സംഭവത്തിൻ്റെ ഗൗരവവും അടിയന്തര സ്വഭാവവും മനസിലാകുന്നില്ലെങ്കിൽ കലക്‌ടർ എങ്ങനെയാണ് ആ പദവി വഹിക്കുന്നതെന്നും കോടതി ചോദിച്ചു. ഒരു മാസത്തിനകം നാട്ടാനകളുടെ കണക്കെടുപ്പ് പൂർത്തീകരിക്കണമെന്നും ഹൈക്കോടതി ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദേശം നൽകി.
2012ലെ ആന എഴുന്നള്ളത്ത് ചട്ടങ്ങൾ പാലിക്കണം. മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉത്സവത്തിലുടനീളം ജില്ലാ സമിതി നിരീക്ഷിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. രജിസ്റ്റർ ചെയ്യാത്ത ഉത്സവങ്ങൾക്ക് ആന എഴുന്നള്ളിപ്പ് അനുമതി നൽകേണ്ടതില്ലെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു.
ആന എഴുന്നള്ളത്തിന് അനുമതി നല്‍കും മുന്‍പ് ഉത്സവങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.ആനകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് അവ്യക്തതയുണ്ടായാൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ചോദിച്ച കോടതി ഒരു മാസത്തിനുള്ളിൽ കണക്കെടുപ്പ് പൂർത്തിയാകുന്നതോടെ വ്യക്തത വരുമെന്നും ചൂണ്ടിക്കാട്ടി.