മുംബൈ:ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ താരം ഫ്ലോപ്പാവുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്. എട്ട് പന്തുകളില്‍ ഏഴ് റണ്‍സ് മാത്രം നേടിയ കോലിയെ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ സെക്കന്‍ഡ് സ്ലിപ്പില്‍ സ്‌റ്റീവ് സ്‌മിത്ത് പിടികൂടുകയായിരുന്നു.
സ്റ്റംപ് ലക്ഷ്യം വച്ചായിരുന്നു കോലിയ്‌ക്ക് നേരെ സ്റ്റാര്‍ക്ക് പന്തെറിഞ്ഞിത്. ഒടുവില്‍ എഡ്‌ജായാണ് താരം സ്‌മിത്തിന്‍റെ കയ്യില്‍ തീര്‍ന്നത്. ഇപ്പോഴിതാ കോലി നിരന്തരം ഫ്ലോപ്പാവുന്നതിന് പിന്നിലെ കാരണം ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സിങ്ങിങ് ഔട്ട്‌സൈഡ് ഓഫ് ഡെലിവറി നേരിടുന്നത് കോലിയ്‌ക്ക് ഇപ്പോഴും ഒരു പ്രശ്‌നമായി തുടരുന്നുണ്ടെന്നാണ് മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ പ്രശ്‌നം പരിഹരിക്കാൻ താരം മറ്റൊരു വഴി കണ്ടെത്താത്തതിലുള്ള നിരാശയും മഞ്ജരേക്കർ പ്രകടിപ്പിച്ചു. ഇതു സംബന്ധിച്ച് മഞ്‌ജരേക്കര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പോസ്റ്റിട്ടിട്ടുണ്ട്.
"വിരാടിന്‍റെ ടെസ്റ്റ് ശരാശരി ഇപ്പോൾ 48 ആയി കുറഞ്ഞിരിക്കുകയാണ്. ഇതിന്‍റെ ഒരു പ്രധാന കാരണം ഔട്ട്‌സൈഡ് ഓഫ് ഡെലിവറി നേരിടുന്നതിലുള്ള ദൗർബല്യമാണ്. എന്നാൽ അതിലും നിർണായകമായി, അതിനെ നേരിടാൻ മറ്റൊരു മാർഗം കണ്ടെത്തുന്നില്ലെന്നത് അയാളുടെ അഹങ്കാരമാണ്"- മഞ്ജരേക്കർ എക്‌സിൽ എഴുതി.
ALSO READ: ഗില്ലിന്‍റെ പേടി സ്വപ്‌നം !; അഞ്ച് ഓവര്‍ തികച്ചെറിഞ്ഞിട്ടില്ല, 'ബണ്ണി'യാക്കി സ്കോട്ട് ബോളണ്ട്
അതേസമയം അഡ്‌ലെയ്‌ഡില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 180 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു. ആറ് വിക്കറ്റുകളുമായി മിച്ചല്‍ സ്റ്റാര്‍ക്ക് നിറഞ്ഞാടിയപ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് നിലയുറപ്പിക്കാനായില്ല. 54 പന്തില്‍ 42 റണ്‍സ് നേടിക്കൊണ്ട് നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യയുടെ ടോപ് സ്‌കോററായി. കെഎല്‍ രാഹുല്‍ (64 പന്തില്‍ 37), ശുഭ്‌മാന്‍ ഗില്‍ (51 പന്തില്‍ 31), റിഷഭ് പന്ത് (35 പന്തില്‍ 21), ആര്‍ അശ്വിന്‍ (22 പന്തില്‍ 22) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റ് താരങ്ങള്‍.