ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനിടെ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ഷായി ഹോപ്പുമായി വഴക്കിട്ടതിനെ തുടർന്ന് രോഷാകുലനായി കളം വിട്ട അൽസാരി ജോസഫിനെ 2 മത്സരങ്ങളിൽ വിലക്ക്. പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണ് അല്‍സാരിക്കെതിരെ വെസ്റ്റ് ഇന്‍ഡീസിസ് ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് (സിഡബ്ല്യുഐ) നടപടി സ്വീകരിച്ചത്.
താരം തന്‍റെ തെറ്റ് സമ്മതിക്കുകയും ക്യാപ്റ്റനോടും സഹതാരങ്ങളോടും മാനേജ്‌മെന്‍റിനോടും ആരാധകരോടും ക്ഷമ ചോദിച്ചെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് പ്രസ്‌താവന ഇറക്കി. ക്യാപ്റ്റൻ ഷായ് ഹോപ്പിനോടും സഹകളിക്കാരോടും ഞാൻ വ്യക്തിപരമായി മാപ്പ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരാധകരോടും ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. ഒരു ചെറിയ തെറ്റ് വലിയ സ്വാധീനം ചെലുത്തുമെന്ന് ഞാൻ മനസ്സിലാക്കുന്നു, ആരെയെങ്കിലും നിരാശപ്പെടുത്തിയതിൽ ഞാൻ ഖേദിക്കുന്നു- അല്‍സാരി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ കളിയുടെ നാലാം ഓവറിലായിരുന്നു സംഭവം. അല്‍സാരി ജോസഫിനായി ക്യാപ്റ്റന്‍ ഷായി ഹോപ്പ് തയ്യാറാക്കിയിരുന്ന ഫീല്‍ഡിങ് പൊസിഷനില്‍ വിന്‍ഡീസ് പേസര്‍ തൃപ്തനല്ലായിരുന്നു. ഓവറിലെ നാലാം പന്തിൽ താരം വിക്കറ്റ് വീഴ്ത്തി. വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിന് പകരം അല്‍സാരി ജോസഫ് ഷായ് ഹോപ്പിനോട് ദേഷ്യപ്പെടുകയാണ് ചെയ്തത്.