റയല്‍ മഡ്രിഡ് സൂപ്പര്‍ താരമായിരുന്ന മാര്‍സെലോയെ ഫ്ലുമിനെൻസ് ക്ലബ് പുറത്താക്കി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ പരിശീലകന്‍ മനോ മെനെസസുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് താരത്തെ ക്ലബിൽ നിന്ന് പുറത്താക്കിയത്. കളിയുടെ രണ്ടാം പകുതിക്ക് ശേഷം താരത്തോട് കളത്തിലിറങ്ങാൻ പരിശീലകൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഈ സമയത്ത് പരിശീലകനുമായി ഉടക്കിയ മാര്‍സെലോ മോശമായി പെരുമാറിയതായും റിപ്പോർട്ടുണ്ട്.
ഇതേ തുടര്‍ന്ന് മാര്‍സെലോയും ഫ്ലുമിനെൻസ് ക്ലബുമുള്ള പരസ്പര ഉടമ്പടിയോടെ കരാർ അവസാനിപ്പിക്കുന്നതായി വാർത്താ കുറിപ്പിലൂടെ ക്ലബ് അറിയിച്ചു. ഈ സീസൺ അവസാനം വരെ താരത്തിന് ക്ലബുമായി കരാറുണ്ടായിരുന്നു. കരാർ പൂർത്തിയാക്കാൻ കഴിയാതെയാണ് താരം ക്ലബ് വിടുന്നത്. മാര്‍സെലോയും ക്ലബും തമ്മിലുള്ള ബന്ധം നിലനിൽക്കുമെന്ന് ക്ലബ് അറിയിച്ചു. കഴിഞ്ഞ വർഷമായിരുന്നു താരം ഗ്രീക്ക് ക്ലബായ ഒളിമ്പിയാകോസ് വിട്ട് സ്വന്തം നാട്ടിലെ ക്ലബായ ഫ്ലുമിനെൻസിലേക്ക് ചേക്കേറിയത്.
ബ്രസീലിയൻ ലീഗില്‍ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഫ്ലുമിനെൻസ് 2-2 എന്ന നിലയിൽ നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. 15 വർഷം യൂറോപ്യൻ ഫുട്‌ബോളിൽ കളിച്ച് നാട്ടിൽ തിരിച്ചെത്തിയ താരത്തിന് ആരാധകർ മാരക്കാനയിൽ വലിയ സ്വീകരണം നൽകിയിരുന്നു. അടുത്തിടെ ഫ്ലുമിനെൻസിന്‍റെ പരിശീലന ഗ്രൗണ്ടിന് മാര്‍സെലോയുടെ പേര് നൽകി ആദരിച്ചിരുന്നു.