പാരിസ്:പാരിസ് ഒളിമ്പിക്‌സിലെ അര്‍ജന്‍റീന - മൊറോക്കോ മത്സരത്തില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. കോപ്പ ചാമ്പ്യന്മാരായ അര്‍ജന്‍റീന മൊറോക്കോയോട് സമനില വഴങ്ങിയെന്നായിരുന്നു മത്സരത്തിന്‍റെ ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മൈതാനത്തുണ്ടായ ചില സംഭവവികാസങ്ങളെ തുടര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം നടത്തിയ വാര്‍ പരിശോധനയില്‍ ഇഞ്ചുറി ടൈമില്‍ അര്‍ജന്‍റീന നേടിയ ഗോള്‍ നിഷേധിക്കുകയും ചെയ്‌തു.
ഇതോടെ, ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മൊറോക്കോയ്‌ക്ക് ജയവും സ്വന്തമായി. രണ്ട് ഗോളിന് പിന്നിലായ ശേഷം അര്‍ജന്‍റീന നടത്തിയ തിരിച്ചുവരവായിരുന്നു ഒടുവില്‍ തോല്‍വിയില്‍ കലാശിച്ചത്. ഇഞ്ചുറി ടൈമില്‍ അര്‍ജന്‍റീനയുടെ ക്രിസ്റ്റിയൻ മെദിന നേടിയ സമനില ഗോളാണ് എല്ലാത്തിന്‍റെയും തുടക്കം.
മെദിന ഗോള്‍ നേടിയതോടെ മൊറോക്കൻ ആരാധകര്‍ കൂട്ടത്തോടെ മൈതാനത്തേക്ക് ഇറങ്ങി. ഇതോടെ, റഫറിയ്‌ക്ക് മത്സരം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. രണ്ട് മണിക്കൂറിന് ശേഷം സ്റ്റേഡിയം പൂര്‍ണമായി ഒഴിപ്പിച്ച ശേഷമായിരുന്നു പിന്നീട് മത്സരം പുനഃരാരാംഭിച്ചത്.
പിന്നാലെ നടത്തിയ വാര്‍ പരിശോധനയിലാണ് മെദിനയുടെ ഗോള്‍ ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് മൂന്ന് മിനിറ്റ് കാണികളില്ലാതെയായിരുന്നു മത്സരം നടന്നത്. ഈ സമയം അര്‍ജന്‍റീനയ്‌ക്ക് ഗോള്‍ മടക്കാനായില്ല.