പാരിസ്:ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡലുകളനവധി നേടിയിട്ടുണ്ടെങ്കിലും ഒളിമ്പിക്സിലെ അമ്പെയ്‌ത്ത് മല്‍സരങ്ങളില്‍ മെഡല്‍ ഇന്ത്യക്ക് കിട്ടാക്കനിയായിരുന്നു. മിക്ക അവസരങ്ങളിലും യോഗ്യതാ റൗണ്ടിലോ പ്രീക്വാര്‍ട്ടറിലോ ഇന്ത്യന്‍ താരങ്ങള്‍ പുറത്താകുന്നതാണ് പതിവ്. ഒളിമ്പിക്‌സിലെ ഈ പേര് ദോഷം മാറ്റി ആദ്യ മെഡല്‍ സ്വന്തമാക്കാനുള്ള യാത്രയ്‌ക്ക് തുടക്കം കുറിക്കാൻ ഇന്ത്യൻ താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങും. പുരുഷ, വനിത വ്യക്തിഗത റാങ്കിങ് റൗണ്ട് പോരാട്ടങ്ങളാണ് ഇന്ന് നടക്കുന്നത്. 53 രാജ്യങ്ങളില്‍ നിന്നുള്ള 128 താരങ്ങളാണ് യോഗ്യത റൗണ്ടില്‍ ഉന്നം പിടിക്കുന്നത്.
പ്രാക്റ്റീസിനിറങ്ങി ഇന്ത്യന്‍ ടീം:പാരീസിലെ ഇന്‍വാലിഡെസില്‍ നടക്കുന്ന ആര്‍ച്ചറി മല്‍സരങ്ങള്‍ക്ക് മുന്നോടിയായി സംഘാടകര്‍ ഒരുക്കിയ ഔദ്യോഗിക പരിശീലനത്തിന് ഇന്ത്യന്‍ താരങ്ങളും ഗ്രൗണ്ടിലിറങ്ങി. മല്‍സര വേദിയിലെ സാഹചര്യങ്ങളുമായി താരങ്ങള്‍ക്ക് പൊരുത്തപ്പെടുന്നതിനായാണ് ഔദ്യോഗിക പരിശീലനം ഒരുക്കിയത്. ചൊവ്വാഴ്ച പ്രധാന മല്‍സര വേദിയിലും ബുധനാഴ്ച ക്വാളിഫയിങ്ങ് മല്‍സരം നടക്കുന്ന ഗ്രൗണ്ടിലുമാണ് പരിശീലനത്തിന് അവസരം നല്‍കിയത്.
തരുണ്‍ദീപ് റായ്, ദീപിക കുമാരി എന്നിവരുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യൻ സംഘത്തിനും യോഗ്യത റൗണ്ടിലെ പ്രകടനം ഏറെ നിര്‍ണായകമാണ്. ആദ്യ പത്തിനുള്ളിലെങ്കിലും സ്ഥാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാകും ഇന്ത്യൻ സംഘം അമ്പെയ്യുക. നോക്കൗട്ടിലെ യാത്ര അല്‍പമെങ്കിലും എളുപ്പമാകണമെങ്കില്‍ ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചേ മതിയാകൂ. ലോക റാങ്കിങ്ങിന്‍റെ അടിസ്ഥാനത്തില്‍ യോഗ്യത നേടിയതുകൊണ്ട് തന്നെ അഞ്ച് മെഡല്‍ ഇനങ്ങളിലും ഇന്ത്യയുടെ പുരുഷ വനിത ടീമുകള്‍ മത്സരിക്കുന്നുണ്ട്.
കാറ്റ്, മേഘം:പാരിസില്‍ പൊതുവേ ചൂടുപിടിച്ച അന്തരീക്ഷമാണിപ്പോള്‍. പലരും ഭയന്നതു പോലെ ഉഷ്ണ തരംഗമൊന്നുമില്ല. ആകാശം മേഘാവൃതമാണെങ്കിലും വനിതകളുടെ യോഗ്യതാ റൗണ്ട് മല്‍സരം നടക്കുമ്പോള്‍ താപനില 26 ഡിഗ്രി ആയിരിക്കുമെന്നാണ് പ്രവചനം.
കാര്‍മേഘം മൂടിയ അന്തരീക്ഷത്തില്‍ ലക്ഷ്യത്തിലേക്ക് കൂടുതല്‍ ഏകാഗ്രതയോടെ ലക്ഷ്യം വെക്കാനാവുമെന്നാണ് ആര്‍ച്ചറി രംഗത്തെ വിദഗ്‌ധര്‍ പറയുന്നത്. പുരുഷ വിഭാഗം യോഗ്യത റൗണ്ട് നടക്കുമ്പോഴേക്കും അന്തരീക്ഷം കൂടുതല്‍ ചൂടുപിടിക്കും. താപനില 29 ഡിഗ്രി ആകുമെന്നാണ് പ്രവചനം. ആര്‍ച്ചറി മല്‍സര വേദിയായ ഇന്‍വാലിഡസില്‍ കാറ്റ് വില്ലനാകരുതെന്നാണ് താരങ്ങളുടെ പ്രാര്‍ഥന. റാങ്കിങ്ങ് മല്‍സരങ്ങള്‍ നടക്കുന്ന വേദി തുറസായതു കാരണം കാറ്റിന്‍റെ ഗതി പ്രവചിക്കാനാവില്ലെന്ന വെല്ലുവിളി താരങ്ങങ്ങള്‍ക്കുണ്ട്.
ഇന്ത്യന്‍ പ്രതീക്ഷകള്‍:അമ്പെയ്‌ത്തില്‍ ഇന്ത്യ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് പുരുഷ ടീമിലാണ്. ഷാങ്ഹായിൽ ലോകകപ്പ് നേടിയതിന്‍റെ പകിട്ടിലാണ് ഇന്ത്യൻ പുരുഷ ടീം പാരിസിലേക്ക് എത്തിയിരിക്കുന്നത്. കരുത്തരായ ദക്ഷിണകൊറിയയെ കലാശക്കളിയില്‍ വീഴ്‌ത്താനയതിന്‍റെ ആത്മവിശ്വാസവും ഇന്ത്യൻ സംഘത്തിനുണ്ട്.