അര്‍ജന്‍റീനയുടെ സ്വന്തം 'മാലാഖ' എയ്‌ഞ്ചല്‍ ഡി മരിയയുടെ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ കരിയറിന് വിരാമം. 16 വര്‍ഷത്തോളം നീണ്ട കരിയര്‍ കോപ്പ അമേരിക്ക കിരീട നേട്ടത്തോടെയാണ് താരം അവസാനിപ്പിച്ചത്. അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്നുള്ള വിരമിക്കല്‍ നേരത്തെ തന്നെ താരം പ്രഖ്യാപിച്ചിരുന്നതാണ്. ആഗ്രഹിച്ചത് പോലൊരു പടിയിറക്കമാണ് തനിക്ക് ദേശീയ ടീമില്‍ നിന്നും ലഭിച്ചിരിക്കുന്നതെന്നാണ് ഡി മരിയ കൊളംബിയക്കെതിരായ ഫൈനല്‍ പോരാട്ടത്തിന് ശേഷം പറഞ്ഞത്.
ലയണല്‍ മെസിയെന്ന ഇതിഹാസത്തിന്‍റെ നിഴലില്‍ ഒതുങ്ങിപ്പോയ കരിയറാണ് എയ്‌ഞ്ചല്‍ ഡി മരിയയുടേത്. 2007ലെ യൂത്ത് ലോകകപ്പ് നേട്ടത്തോടെയാണ് അര്‍ജന്‍റീനയുടെ സീനിയര്‍ ടീമിലേക്ക് ഡി മരിയയെത്തുന്നത്. അവിടുന്നിങ്ങോട്ടുള്ള രണ്ട് ദശാബ്‌ദത്തോളം കാലം ആലബിസെലസ്റ്റനുകളുടെ ഉയര്‍ച്ചയിലും താഴ്‌ചയിലും ഒപ്പം തന്നെ മരിയയും മെസിക്കൊപ്പമുണ്ടായിരുന്നു. ഇക്കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അര്‍ജന്‍റീന കിരീടം നേടിയ അഞ്ചില്‍ നാല് ഫൈനലിലും ഗോള്‍ സ്കോററായി മരിയയുമുണ്ടായിരുന്നു.