ആന്ധ്രാപ്രദേശ്:ആന്ധ്രാ ക്രിക്കറ്റ് അസോസിയേഷനെതിരെ വിമര്‍ശനവുമായി ടിഡിപി അധ്യക്ഷനും മുൻ എപി മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡു (N Chandrababu naidu). ആഭ്യന്തര ക്രിക്കറ്റിൽ ആന്ധ്ര ക്രിക്കറ്റ് ടീമിനെ ഇനി ഒരിക്കലും പ്രതിനിധീകരിക്കില്ലെന്ന ഇന്ത്യൻ താരം ഹനുമ വിഹാരിയുടെ തീരുമാനത്തില്‍ ഖേദം പ്രകടിപ്പിച്ച എൻ ചന്ദ്രബാബു നായിഡു, വൈഎസ്ആർസിപിയുടെ പ്രതികാര രാഷ്‌ട്രീയത്തിന് മുന്നില്‍ ആന്ധ്രാ ക്രിക്കറ്റ് അസോസിയേഷൻ കീഴടങ്ങിയെന്ന് വിമര്‍ശിച്ചു.
തന്‍റെ എക്സിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ആന്ധ്ര ക്രിക്കറ്റ് ടീമിനായി 16 ടെസ്റ്റ് മത്സരങ്ങൾ കളിച്ച പരിചയസമ്പന്നനായ ക്രിക്കറ്റ് താരം ഹനുമ വിഹാരിയെ അന്യായമായി ടാർഗെറ്റ് ചെയ്‌തതായി എൻ ചന്ദ്രബാബു നായിഡു ആരോപിച്ചു (Andhra Cricket Association).
'വൈഎസ്ആർസിപിയുടെ പ്രതികാര രാഷ്‌ട്രീയത്തിന് മുന്നില്‍ ആന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ പോലും കീഴടങ്ങിയതിൽ നിരാശ തോന്നുന്നു. ഹനുമാ, നിങ്ങള്‍ ശക്തമായി നിലകൊള്ളൂ, ഗെയിമിനോടുള്ള നിങ്ങളുടെ സമഗ്രതയും പ്രതിബദ്ധതയും ഞങ്ങള്‍ക്കറിയാം. ഈ അന്യായമായ പ്രവൃത്തികൾ ആന്ധ്രാപ്രദേശിലെ ജനങ്ങള്‍ അംഗീകരിക്കില്ല. ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കും, നീതി വിജയിക്കും' മുൻ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുമായുള്ള പ്രശ്നത്തിനു പിന്നാലെയാണ് ആന്ധ്ര ക്രിക്കറ്റ് ടീമിനെ ഇനി ഒരിക്കലും പ്രതിനിധീകരിക്കില്ലെന്ന ഇന്ത്യൻ താരം ഹനുമ വിഹാരിയുടെ തീരുമാനം. ‘ആത്മാഭിമാനം നഷ്‌ടപ്പെട്ടു ടീമിൽ തുടരുന്നതിൽ അർഥമില്ല’ എന്ന് വിഹാരി തന്‍റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു (Hanuma Vihari).
വിഹാരിയുടെ ക്യാപ്റ്റൻസിയിലാണ് രഞ്ജി ട്രോഫിയിൽ ആന്ധ്ര ടീം ഇറങ്ങിയത്. ബംഗാളിനെതിരായ മത്സരത്തിൽ ടീമിലെ ഒരു താരത്തെ വിഹാരി ശകാരിച്ചിരുന്നു. ഈ താരം രാഷ്‌ട്രീയ നേതാവായ തന്‍റെ അച്ഛനോടു പരാതിപ്പെടുകയും അദ്ദേഹം വഴി വിഹാരിക്കെതിരെ നടപടിയെടുക്കാൻ അസോസിയേഷനിൽ സമ്മർദം ചെലുത്തുകയും ചെയ്തു. തുടർന്നാണ് വിഹാരി ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്.