ഹൈദരാബാദ്: പലരാജ്യങ്ങളിലെ ക്രിക്കറ്റ് താരങ്ങൾ ഒരൊറ്റ ടീമിൽ അണിനിരന്നാലോ? വിരാട് കോലി, ബാബർ അസം, രോഹിത് ശർമ, ഷഹീൻ ഷാ അഫ്രീദി, ജസ്പ്രീത് ബുംമ്ര എന്നിവരെ ഒരു ടീമില്‍ വരുന്നത് കാണാന്‍ ആകാംക്ഷയില്ലേ.. എന്നാല്‍ 17 വർഷത്തിന് ശേഷം വീണ്ടും ഏഷ്യാ-ആഫ്രോ ക്രിക്കറ്റ് പരമ്പര നടത്താൻ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്.
2005 ൽ ദക്ഷിണാഫ്രിക്കയിലാണ് വിവിധ രാജ്യങ്ങളിലെ സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന ആദ്യപരമ്പര നടന്നത്. പിന്നീട് 2007ൽ ഇന്ത്യ ഏഷ്യ-ആഫ്രോ ക്രിക്കറ്റ് പരമ്പരയ്ക്ക് ആതിഥേയത്വം വഹിച്ചു. അതിനുശേഷം പരമ്പര വളരെക്കാലം നിഷ്ക്രിയമായി തുടർന്നു. എന്നാല്‍ ആഫ്രിക്കൻ ക്രിക്കറ്റ് ഇപ്പോള്‍ ക്രിക്കറ്റ് പരമ്പര വീണ്ടും തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാൻ ആറംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
വാർഷിക പൊതുയോഗത്തിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും ഏഷ്യ-ആഫ്രോ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കാൻ ശുപാർശ ചെയ്‌തു. കൂടാതെ സംഘടനയുടെ ഫണ്ടിന്‍റെ അഭാവം പരമ്പര നടത്തി പരിഹരിക്കാമെന്നും നിർദേശമുണ്ടായി. ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ ഏഷ്യൻ ടീമിലും ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങൾ ആഫ്രിക്കൻ ടീമിലും പങ്കെടുക്കും.