കോഴിക്കോട്: കാണാതായ സൈനികൻ വിഷ്‌ണുവിനെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് ബാങ്കിടപാട്. ശമ്പളം ലഭിച്ചതിന് പിന്നാലെ വിഷ്‌ണു ബെംഗളുരു മജസ്‌റ്റിക് റെയിൽവെ സ്‌റ്റേഷന് പരിസരത്തുള്ള എടിഎമ്മിൽ നിന്ന് 25,000 രൂപ പിൻവലിച്ചിരുന്നു. ഡിസംബർ 31ന് ശമ്പളം ലഭിക്കും എന്ന് മനസിലാക്കിയ പൊലീസ് ബാങ്ക് ഇടപാടുകൾ നിരീക്ഷിച്ചിരുന്നു. പണം പിൻവലിച്ചതോടെ ബംഗളുരുവിൽ എത്തിയ പൊലീസ് എടിഎമ്മിൻ്റെ പരിസരത്തെ നിരവിധി താമസ സ്ഥലങ്ങളിൽ കയറിയിറങ്ങി. സിസിടിവികൾ പരിശോധിച്ചതിന് പിന്നാലെ വിഷ്‌ണുവിനെ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്ന് കണ്ടെത്തുകയായിരുന്നു.
നാട്ടിലേക്കുള്ള യാത്രയ്‌ക്കിടെയാണ് മലയാളി സൈനികൻ വിഷ്‌ണുവിനെ കാണാതാകുന്നത്. സാമ്പത്തിക പ്രയാസം മൂലം നാട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നു എന്നാണ് വിഷ്‌ണു പൊലീസിന് നൽകിയ മൊഴി. വിഷ്‌ണുവിൻ്റെ ചില സുഹൃത്തുക്കളിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്നാണ് പൊലീസ് ബെംഗളുരുവിൽ എത്തിയത്.
മൈസൂരിൽ താമസിച്ചിരുന്ന വിഷ്‌ണു രണ്ട് ദിവസം മുൻപാണ് ബെംഗളുരുവിലേക്ക് പോയത്. ഡിസംബർ 22നാണ് എലത്തൂർ എസ്‌ഐ സിയാദ് മുഹമ്മദും എസ്‌സിപിഒ അതുൽ കുമാറും സിപിഒ വൈശാഖും വിഷ്‌ണുവിനെ തേടി പൂനെയിലേക്ക് വണ്ടി കയറിത്. നാല് ദിവസം പൂനെയിൽ പരിശോധന നടത്തി. മൂന്ന് ദിവസം മുംബൈയിൽ തങ്ങി. ടാക്‌സി വിളിച്ചും നടന്നും പൊലീസ് സംഘം വിഷ്‌ണുവിന് വേണ്ടി അലഞ്ഞു. കൂട്ടിനുണ്ടായിരുന്നത് സിസിടിവികൾ മാത്രമായിരുന്നെന്ന് എസ്‌ഐസിയാദ് മുഹമ്മദ് ഇടിവി ഭാരതിനോട് പറഞ്ഞു.
''അധിക സമയവും നടത്തമായിരുന്നു. വഴിയിലുടനീളം ക്യാമറകൾ പരിശോധിച്ചു. സൂചനകൾ ലഭിച്ചതോടെ വിഷ്ണുവിന് ഒന്നും സംഭവിച്ചില്ല എന്ന് മനസിലായി. 450തിലേറെ സിസിടിവികളാണ് പരിശോധിച്ചത്'' എസ് ഐ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അമ്മക്ക് ശബ്‌ദ സന്ദേശം അയച്ചത് മഹാരാഷ്‌ട്രയിൽ നിന്നാണെന്ന് വിഷ്‌ണു പൊലീസിനോട് പറഞ്ഞു. അമ്മ പേടിക്കേണ്ട എന്ന് എന്ന് കരുതിയാണ് സന്ദേശം അയച്ചത്. കേരളത്തിലേക്ക് വന്നിട്ടില്ല. പൂനെയിൽ നിന്നും വിട്ടതോടെ മൈസൂരിൽ മുറിയെടുത്തു. നാട്ടിൽ നേരത്തെ ഉണ്ടായിരുന്ന കടങ്ങളാണ് അലട്ടിയിരുന്നത്. ശമ്പളത്തിൽ നിന്ന് ലോണിലേക്ക് അടവും പോകുന്നുണ്ട്. ആകെ പ്രയാസത്തിലായപ്പോൾ ഒന്ന് മാറി നിന്നതാണ്.
അതിന് ശേഷം നാട്ടിൽ നടന്നതൊന്നും അറിഞ്ഞിരുന്നില്ല. വിഷ്‌ണു പൊലീസിനോട് പറഞ്ഞു. നിലവിൽ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. എലത്തൂർ സ്‌റ്റേഷനിൽ എത്തിയ വിഷ്‌ണുവിനെ കൂട്ടാൻ അച്‌ഛനും അമ്മയും എത്തിയിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിഷ്‌ണുവിന് വീട്ടിലേക്ക് പോകാം.
ജനുവരി 11ന് വിവാഹിതനാകുന്ന സൈനികന് എസ്‌ഐയും സംഘവും ആശംസകള്‍ നേർന്നു. ഒൻപത് വർഷമായി സൈന്യത്തിലുള്ള വിഷ്‌ണു ഒന്നര വർഷത്തെ ട്രെയിനിംഗിൻ്റെ ഭാഗമായാണ് ആസാമിൽ നിന്ന് പൂനെയിൽ എത്തിയത്. അവധിക്ക് നാട്ടിലേക്ക് തിരിച്ച വിഷ്‌ണു, മാനസിക പ്രയാസത്തിലായിരുന്നു.