മസ്‌കറ്റ്: എമേര്‍ജിങ് ഏഷ്യ കപ്പ് സെമി ഫൈനലില്‍ ഇന്ത്യ എയെ തകര്‍ത്ത് അഫ്‌ഗാനിസ്ഥാൻ എ. 20 റണ്‍സിനാണ് സെമിയില്‍ അഫ്‌ഗാന്‍റെ ജയം. രണ്ടാം സെമിയില്‍ അഫ്‌ഗാനിസ്ഥാൻ ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ പോരാട്ടം നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സില്‍ അവസാനിച്ചു.
രമണ്‍ദീപ് സിങ്, നിഷാന്ത് സന്ധു എന്നിവരുടെ പ്രകടനങ്ങളാണ് ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചത്. 34 പന്തില്‍ 64 റണ്‍സടിച്ച് അവസാന പന്തില്‍ പുറത്തായ രമണ്‍ദീപ് സിങ്ങാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ആദ്യ സെമിയില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച ശ്രീലങ്കയാണ് കലാശപ്പോരില്‍ അഫ്‌ഗാനിസ്ഥാന്‍റെ എതിരാളി.
പ്രാഥമിക റൗണ്ടില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ സെമിഫൈനലില്‍ എത്തിയത്. സെമിയില്‍ അഫ്‌ഗാൻ ഉയര്‍ത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്‌ക്ക് തുടക്കം മുതല്‍ തന്നെ പിഴച്ചു. മൂന്നാം ഓവറില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ (7) ഇന്ത്യയ്‌ക്ക് നഷ്‌ടമായി.
13 പന്തില്‍ 19 റണ്‍സ് നേടിയ പ്രഭ്‌സിമ്രാൻ സിങ്ങും പവര്‍പ്ലേ അവസാനിക്കും മുന്‍പ് കൂടാരം കയറി. ക്യാപ്‌റ്റൻ തിലക് വര്‍മയ്‌ക്കും കാര്യമായൊന്നും ചെയ്യാനായില്ല. 14 പന്തില്‍ 16 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം.