കേരളം

kerala

ETV Bharat / sports

'എനിക്കത് മനസിലാവുന്നേയില്ല' ; ചാഹലിന് കരാര്‍ നല്‍കാത്തതില്‍ ആകാശ് ചോപ്ര - യുസ്‌വേന്ദ്ര ചാഹല്‍

കരാറില്‍ നിന്നും ലെഗ്‌ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ ബിസിസിഐ ഒഴിവാക്കിയത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ആകാശ് ചോപ്ര

Aakash Chopra  Yuzvendra Chahal  BCCI Central Contracts  യുസ്‌വേന്ദ്ര ചാഹല്‍  ആകാശ് ചോപ്ര
Aakash Chopra on Yuzvendra Chahal Exclusion From BCCI Central Contracts

By ETV Bharat Kerala Team

Published : Mar 1, 2024, 4:30 PM IST

മുംബൈ :ബിസിസിഐ (BCCI) പ്രഖ്യാപിച്ച 2023-24 സീസണിലേക്കുള്ള കളിക്കാരുടെ വാർഷിക കരാറുമായി (BCCI Central Contracts) ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നീളുകയാണ്. യുവതാരങ്ങളായ ശ്രേയസ് അയ്യര്‍ (Shreyas Iyer), ഇഷാന്‍ കിഷന്‍ (Ishan Kishan) എന്നിവരുടെ പുറത്താവലാണ് പ്രധാന ചര്‍ച്ചാവിഷയം. എന്നാല്‍ കരാര്‍ നഷ്‌ടപ്പെട്ടവരില്‍ മറ്റൊരു താരത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. കേന്ദ്ര കരാറിൽ നിന്ന് ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ (Yuzvendra Chahal) ഒഴിവാക്കിയ ബിസിസിഐയുടെ തീരുമാനം തന്നെ ആശ്ചര്യപ്പെടുത്തിയെന്നാണ് ആകാശ് ചോപ്ര പറയുന്നത്.

ചാഹലിന്‍റെ പുറത്താവലിന് പിന്നിലെ കാരണം തനിക്ക് വ്യക്തമാവുന്നില്ല. അവന് പകരം മറ്റുവഴികള്‍ നോക്കുകയാണെന്നാണോ പ്രസ്‌തുത തീരുമാനത്തിലൂടെ ബിസിസിഐ അര്‍ത്ഥമാക്കുന്നതെന്നും ആകാശ് ചോപ്ര (Aakash Chopra ) ചോദിച്ചു.

"ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ യുസ്‌വേന്ദ്ര ചാഹലിന്‍റെ പേരില്ലാത്തതില്‍ ഞാൻ അൽപ്പം ആശ്ചര്യപ്പെടുന്നു. ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ശിഖർ ധവാൻ... അവര്‍ അതില്‍ നിന്നും പുറത്തായത് മനസിലാക്കാന്‍ കഴിയുന്ന കാര്യമാണ്. എന്തിന് അധികം പറയുന്നു, ദീപക് ഹൂഡയുടെ കാര്യം പോലും എനിക്ക് മനസിലാവും.

എന്നാല്‍ ചാഹലിന്‍റെ കാര്യമോ?, അവന്‍റെ പേര് അതില്‍ ഇല്ല. ഇതുവഴി എന്താണ് അവര്‍ (ബിസിസിഐ) അര്‍ത്ഥമാക്കുന്നത്. അവര്‍ മറ്റൊരു ദിശയിലേക്ക് നോക്കുന്നു എന്നാണോ?. ഇതൊരു സിദ്ധാന്തത്തിന്‍റെ സാധൂകരണമാണ്. ചാഹലിനെ സംബന്ധിച്ച്, നേരത്തെ ഒരു നേരിയ പ്രതീക്ഷയെങ്കിലും ഉണ്ടായിരിക്കണം. എന്നാല്‍ അത് അവസാനിച്ചിരിക്കുന്നു. കാരണം ആ പട്ടികയില്‍ അവന്‍റെ പേരില്ല" - ആകാശ് ചോപ്ര പറഞ്ഞു.

ഇന്ത്യയ്‌ക്കായി 72 ഏകദിനങ്ങളും 80 ടി20 മത്സരങ്ങളും കളിച്ച താരമാണ് യുസ്‌വേന്ദ്ര ചാഹല്‍. ഏകദിനത്തില്‍ 121 വിക്കറ്റുകളും ടി20യില്‍ 96 വിക്കറ്റുകളുമാണ് താരം വീഴ്‌ത്തിയിട്ടുള്ളത്. 2023 ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു യുസ്‌വി ഇന്ത്യയ്‌ക്കായി അവസാന ഏകദിനം കളിച്ചത്. ഓഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു അവസാന ടി20.

അതേസമയം രഞ്ജി ട്രോഫി കളിക്കാനുള്ള ബിസിസിഐയുടെ കര്‍ശന നിര്‍ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ് ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് കരാര്‍ നഷ്‌ടമായത്. 2023-ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി ഇരു താരങ്ങളും കളിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും അവധിയെടുത്ത ഇഷാന്‍ പിന്നീട് ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങിയിരുന്നില്ല.

ALSO READ: രഞ്‌ജി കളിക്കാത്ത ഹാര്‍ദിക്കിന് എങ്ങനെ കരാര്‍ കിട്ടി ? ; കാരണം ഈ ഉറപ്പ്

ശ്രേയസാവട്ടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ കളിച്ചിരുന്നു. മോശം ഫോമിനെത്തുടര്‍ന്ന് അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കപ്പെട്ടു. രണ്ടാം ടെസ്റ്റിന് ശേഷം പുറംവേദനയെക്കുറിച്ച് താരം പരാതി പറഞ്ഞിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് തെളിയിച്ചതോടെ രഞ്‌ജി ട്രോഫിയില്‍ കളിക്കണമെന്ന ബിസിസിഐ നിര്‍ദേശം ശ്രേയസിനും ബാധകമായിരുന്നു. പക്ഷെ അതിന് തയ്യാറാവാതിരിക്കുകയാണ് ശ്രേയസ് ചെയ്‌തത്.

ABOUT THE AUTHOR

...view details