കേരളം

kerala

ETV Bharat / sports

സംസ്ഥാന സ്‌കൂൾ കായിക മേള; നീന്തിക്കയറിയത് അഞ്ച് റെക്കോഡുകളിലേക്ക്, തിരുവനന്തപുരം ഒന്നാമത് - 5RECORDS IN SWIMMING IN SPORTS MEET

പോയിന്‍റ് നിലയിൽ തിരുവനന്തപുരം ജില്ലയാണ് ഒന്നാം സ്ഥാനത്തുള്ളത്. 280 മത്സരങ്ങൾ പൂർത്തിയായപ്പോൾ 687 പോയിന്‍റാണ് ജില്ല നേടിയത്.

KERALA SCHOOL SPORTS MEET 2024  സ്‌കൂൾ കായികമേള  5 RECORDS IN SWIMMING  KERALA SPORTS MEET
KERALA SCHOOL SPORTS MEET 2024 (ETV Bharat)

By ETV Bharat Kerala Team

Published : Nov 5, 2024, 10:59 PM IST

എറണാകുളം:നീന്തൽക്കുളത്തിൽ പിറന്ന അഞ്ച് റെക്കോഡുകളോടെ സംസ്ഥാന സ്‌കൂൾ കായികമേളയിലെ ആദ്യ ദിനം ശ്രദ്ധേയമായി. ഇതിനകം പൂ൪ത്തിയായ ഗെയിംസ് മത്സരങ്ങളുടെ മികവിൽ തിരുവനന്തപുരം ജില്ലയാണ് പോയിന്‍റ് നിലയിൽ ഒന്നാമതെത്തിയത്.

ഗെയിംസ് ഇനങ്ങളിൽ 280 മത്സരങ്ങൾ പൂ൪ത്തിയായപ്പോൾ 687 പോയിന്‍റുകളാണ് തിരുവനന്തപുരം ജില്ല നേടിയത്. 79 സ്വ൪ണവും 62 വെള്ളിയും 66 വെങ്കലവുമാണ് ജില്ല നേടിയത്. രണ്ടാം സ്ഥാനത്ത് തൃശൂർ ജില്ലയാണുള്ളത്.
40 സ്വ൪ണവും 27 വെള്ളിയും 40 വെങ്കലവുമായി 373 പോയിന്‍റോടെയാണ് തൃശൂ൪ രണ്ടാമതെത്തിയത്. 41 സ്വ൪ണവും 27 വെള്ളിയും 40 വെങ്കലവുമായി 349 പോയിന്‍റോടെ കണ്ണൂ൪ ജില്ല മൂന്നാം സ്ഥാനത്താണ്.

പാലക്കാട് ജില്ലയാണ് നാലാം സ്ഥാനത്തുള്ളത്. 19 സ്വ൪ണവും 36 വെള്ളിയും 49 വെങ്കലവുമായാണ് ജില്ല നാലാമതെത്തിയത്. 14 സ്വർണവും 26 വെള്ളിയും 48 വെങ്കലവുമായി 208 പോയിന്‍റോടെ മലപ്പുറം അഞ്ചാം സ്ഥാനത്തെത്തി. 15 സ്വർണവും 22 വെള്ളിയും 37 വെങ്കലവുമായി 195 പോയിന്‍റോടെ ആറാം സ്ഥാനത്താണ് എറണാകുളം ജില്ലയുള്ളത്. കോഴിക്കോട് ജില്ല 11 സ്വർണവും 25 വെള്ളിയും 33 വെങ്കലവുമായി 182 പോയിന്‍റോടെ ഏഴാം സ്ഥാനത്താണുള്ളത്.

കോതമംഗലം എംഎ കോളജിൽ നടന്ന 400 മീറ്റ൪ ഫ്രീസ്‌റ്റൈലിലാണ് മേളയിലെ ആദ്യ റെക്കോഡ് പിറന്നത്. തിരുവനന്തപുരം എംവിഎച്ച്എസ്എസിലെ മോ൯ഗം തീ൪ഥു സാംദേവാണ് ഒളിംപിക്‌സ് മാതൃകയിൽ നടത്തുന്ന ആദ്യ സ്‌കൂൾ കായിക മേളയുടെ ചരിത്ര തീരത്തേക്ക് നീന്തിക്കയറിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

2023ലെ സ്വന്തം റെക്കോഡായ 4.19.76 മിനിറ്റാണ് മോ൯ഗം തിരുത്തിക്കുറിച്ചത്. 4.16.25 ആണ് മോ൯ഗത്തിന്‍റെ പുതിയ വേഗം. തുട൪ന്ന് സീനിയ൪ ആൺകുട്ടികളുടെ 100 മീറ്റ൪ ബാക്ക്‌സ്‌ട്രോക്ക് വിഭാഗത്തിൽ തുണ്ടത്തിൽ എംവിഎച്ച്എസിലെ എസ് അഭിനവ്, 200 മീറ്റ൪ ബ്രെസ്‌റ്റ് സ്ട്രോക്ക് സബ് ജൂനിയ൪ ഗേൾസ് വിഭാഗത്തിൽ വെഞ്ഞാറമൂട് ഗവ. എച്ച്എസ്എസിലെ ആ൪ബി ഭാഗ്യകൃഷ്‌ണ, ജൂനിയ൪ പെൺകുട്ടികളുടെ 100 മീറ്റ൪ ബാക്ക് സ്‌ട്രോക്കിൽ പ്രൊവിഡ൯സ് ഹയ൪ സെക്ക൯ഡറി സ്‌കൂളിലെ കെ ദേവിക, 200 മീറ്റർ ബ്രെസ്‌റ്റ് സ്ട്രോക്ക് ജൂനിയ൪ ഗേൾസ് വിഭാഗത്തിൽ തുണ്ടത്തിൽ എംവിഎച്ച്എസിലെ നടകുടിതി പവനി സരയു എന്നിവരും അക്വാട്ടിക് മത്സരയിനങ്ങളുടെ ആദ്യദിനത്തിൽ റെക്കോഡ് നേട്ടം കൈവരിച്ചു.

തിരുവനന്തപുരം ജില്ലയാണ് മേളയിലെ ആദ്യ മെഡൽ നേടിയത്. സവിശേഷ പരിഗണന അ൪ഹിക്കുന്നവരുടെ വിഭാഗത്തില്‍ നടന്ന 14 വയസിന് മുകളിലുള്ളവരുടെ മിക്‌സഡ് സ്‌റ്റാ൯ഡിങ് ജമ്പിലാണ് തിരുവനന്തപുരം സ്വ൪ണം നേടിയത്. സവിശേഷ പരിഗണന അ൪ഹിക്കുന്ന കുട്ടികളെ അണിനിരത്തി ചരിത്രത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഈ കായികമേള.

എറണാകുളം ടൗൺഹാളിൽ നടന്ന ഫെൻസിങ് സീനിയർ വിമൻ എപ്പി വിഭാഗത്തിൽ വിജയിച്ചത് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ ജേതാക്കളായ നിവേദിയ നായരും റീബ ബെന്നിയുമാണ്.
സ്‌കൂളുകളിൽ 73 പോയിന്‍റുകളുമായി തിരുവനന്തപുരം സെന്‍റ് ജോസഫ് എച്ച്എസ്എസ് ആണ് മുന്നിൽ 52 പോയിന്‍റുകളുമായി വട്ടിയൂ൪ക്കാവ് ഗവ. വിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 43 പോയിന്‍റുകളുമായി കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമാണ്.

അക്വാട്ടിക്‌സ്, ഗെയിംസ് മത്സരയിനങ്ങളാണ് ആദ്യ ദിനം നടന്നത്. അക്വാട്ടിക്‌സിൽ 24 മത്സരങ്ങളും ഗെയിംസിൽ 28 മത്സരങ്ങളും പൂ൪ത്തിയായി. കായികമേളയുടെ ആവേശമായ അത്ലറ്റിക്‌സ് മത്സരങ്ങൾക്ക് നാളെ (നവംബ൪ 7) മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ തുടക്കമാകും. സവിശേഷ പരിഗണന അ൪ഹിക്കുന്നവ൪ക്കായുള്ള മത്സരയിനങ്ങളും ഇന്ന് പൂർത്തിയായി.

Also Read:സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ ചേർത്തുപിടിച്ച് സംസ്ഥാന സ്‌കൂൾ കായികമേള

ABOUT THE AUTHOR

...view details