രാജ്യത്തെ ഗവേഷണ മേഖലയ്ക്ക് പുത്തനുണര്‍വ് പകരാനുള്ള ശ്രദ്ധേയമായൊരു നടപടി ഇക്കഴിഞ്ഞ കേന്ദ്ര ഇടക്കാല ബജറ്റിലുണ്ടായി. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഗവേഷണ മേഖലയുടെ പ്രോത്സാഹനത്തിനായി ഒരു ലക്ഷം കോടി രൂപയുടെ കോര്‍പ്പസ് ഫണ്ട് നീക്കിവയ്ക്കുമെന്ന പ്രഖ്യാപനമായിരുന്നു അത്. സൂര്യോദയ സമ്പദ് ഘടനയുടെ ഭാഗമായ മേഖലകളില്‍ ഗവേഷണത്തിന് പണം മുടക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മിതമായ പലിശ നിരക്കിലോ അല്ലെങ്കില്‍ തീരെ പലിശ ഇല്ലാതെയോ വായ്‌പ ലഭ്യമാക്കാനാണ് ഈ വന്‍ നീക്കിയിരുപ്പ് ധനമന്ത്രി പ്രഖ്യാപിച്ചത്.
എങ്ങനെ നടപ്പാക്കപ്പെടുമെന്ന് അറിയില്ലെങ്കിലും ഏറെ സ്വാഗതാര്‍ഹമായൊരു നീക്കമാണിത്. ഏതൊക്കെ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടാണ് ഈ വായ്‌പ ലഭ്യമാവുകയെന്നോ ആര്‍ക്കൊക്കെ വായ്‌പക്ക് അര്‍ഹതയുണ്ടെന്നോ വ്യക്തമല്ല. ഇതേക്കുറിച്ച് കൃത്യമായ ചര്‍ച്ച നടന്നോ എന്നും വ്യക്തമല്ല. എന്തായാലും പൊതു മേഖലയേയും സ്വകാര്യ മേഖലയേയും ഗവേഷണത്തിന് പണം മുടക്കാന്‍ പ്രേരിപ്പിക്കുന്ന നീക്കമാണിതെന്നതില്‍ സംശയമില്ല.
ഗവേഷണ കാര്യങ്ങള്‍ക്കുള്ള ഇന്ത്യയുടെ ബജറ്റ് നീക്കിയിരിപ്പ് മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇക്കാലമത്രയും വളരെ കുറവായിരുന്നു. വിഹിതം കൂട്ടണമെന്ന് നാളേറെയായി നാസ്കോം പോലുള്ള വ്യാപാര സംഘടനകള്‍ ആവശ്യപ്പെട്ട് വരികയുമാണ്. നീതി ആയോഗും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോംപറ്റിറ്റീവ്നെസ്സും നടത്തിയ പഠനം അനുസരിച്ച് ഗവേഷണ മേഖലയില്‍ ഇന്ത്യയുടെ ബജറ്റ് വിഹിതം ലോകത്ത് തന്നെ ഏറ്റവും ചെറുതാണ്. 2008-2009 കാലത്ത് മൊത്തം ജിഡിപിയുടെ 0.8ശതമാനം ആയിരുന്നു ഗവേഷണ മേഖലയിലെ നിക്ഷേപമെങ്കില്‍ 2017-2018 ല്‍ അത് ജി ഡി പിയുടെ 0.7 ശതമാനമായി കുറഞ്ഞു.
മറ്റ് ബ്രിക്ക് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും ഗവേഷണ മേഖലയിലെ ഇന്ത്യയുടെ മൊത്ത ചെലവ് നാമമാത്രമാണ്. ചൈന രണ്ടുശതമാനത്തിലേറെയും റഷ്യ 1.1 ശതമാനവും ബ്രസീല്‍ 1.2 ശതമാനവും ഗവേഷണത്തിന് നീക്കിവയ്ക്കുന്നു. എന്തിന് തെക്കനമേരിക്കന്‍ രാജ്യങ്ങള്‍ വരെ 0.8 ശതമാനം ഗവേഷണത്തിന് നീക്കിവയ്ക്കുന്നു. ഈ ഇനത്തില്‍ ലോക ശരാശരി 1.8 ശതമാനമാണ്.
നമ്മുടെ ജനസംഖ്യയില്‍ പകുതിയിലേറെപ്പേരും 25 വയസില്‍ താഴെയുള്ളവരാണ്. ശരാശരി പ്രായം 28 വയസ്സുള്ളവര്‍. കഴിവും പ്രതിഭയും ഉള്ള യുവാക്കള്‍. 2019 ലെ ആഗോള ഇന്നവേഷന്‍ ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം അമ്പത്തിരണ്ടാമതാണ്. നവീന ആശയങ്ങളും സംരംഭങ്ങളും കണ്ടെത്തുന്നതിലും വിജയിപ്പിക്കുന്നതിലും ലോകത്തെ 129 രാജ്യങ്ങളില്‍ ഇന്ത്യ അമ്പത്തി രണ്ടാം സ്ഥാനത്താണെന്ന് ഈ പട്ടിക വ്യക്തമാക്കുന്നു.
ലോകത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ സ്റ്റാര്‍ട്ട് അപ്പ് സൗഹൃദ സമ്പദ് വ്യവസ്ഥയുള്ള രാജ്യത്തെ സംബന്ധിച്ച് ഈ റാങ്ക് പോരാ എന്നതില്‍ തര്‍ക്കമില്ല. പാകമായ ഒരു ഉപഭോക്തൃ കമ്പോളം ഉണ്ടായിട്ടും ഇക്കാര്യത്തില്‍ നമുക്ക് ഏറെ മുന്നേറാന്‍ കഴിയാതെ പോയത് സാങ്കേതിക രംഗത്ത് നിക്ഷേപം കുറഞ്ഞത് കൊണ്ടാണെന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. അതായത് നൂതന ആശയങ്ങളും സാങ്കേതിക വിദ്യയും കണ്ടെത്തുന്നതില്‍ ഇന്ത്യക്ക് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനാവാതെ പോയത് ഗവേഷണ വികസന രംഗത്ത് മുതല്‍ മുടക്ക് കുറഞ്ഞതുകൊണ്ടാണ്.
ഗവേഷണ വികസന രംഗത്തെ ഗുണനിലവാരം മറ്റൊരു വിഷയമാണ്. ഒരു ബില്യണിനുമേല്‍ വിറ്റുവരവുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളായ പേടി എം, ഓല, ഫ്ലിപ്‌കാര്‍ട്ട്, സോഹോ എന്നിവയും അതിന് തൊട്ടുതാഴെ വരുമാനമുള്ള സ്റ്റാര്‍ട്ട് അപ്പുകളായ കാര്‍ദേഖോ, എംസ്വൈപ്പ്, ലെന്‍സ്‌കാര്‍ട്ട് എന്നിവയെയും പരിശോധിച്ചാല്‍ ഇതൊക്കെ ആഗോള തലത്തില്‍ പരീക്ഷിച്ച് വിജയിച്ച ആശയങ്ങളുടെ പ്രാദേശിക പതിപ്പുകളാണെന്ന് കാണാം.
വര്‍ഷങ്ങള്‍ക്ക് മുമ്പേ വിദേശങ്ങളില്‍ ആരംഭിച്ച് വിജയം വരിച്ച സ്റ്റാര്‍ട്ട് അപ്പ് ആശയങ്ങളാണ് പല ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും മാതൃക. പറയുമ്പോള്‍ നമ്മള്‍ ആഗോളതലത്തില്‍ സ്റ്റാര്‍ട്ട് അപ്പ് സൗഹൃദ ആവാസ വ്യവസ്ഥയുള്ള രാജ്യമാണ്. 763 ജില്ലകളിലായി ഒരു ലക്ഷത്തി പന്ത്രണ്ടായിരത്തി എഴുന്നൂറ്റിപ്പതിനെട്ട് രജിസ്ട്രേഡ് സ്റ്റാര്‍ട്ട് അപ്പുകളുള്ള രാജ്യമാണ്. മറ്റെവിടെയോ ഉദിച്ച മറ്റെങ്ങോ വിജയിച്ച ആശയങ്ങള്‍ നടപ്പാക്കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ കൊണ്ട് നിറഞ്ഞ നാട്. പശ്ചാത്തല സൗകര്യങ്ങളുടെ അപര്യാപ്‌തതയുടേയും ഗവേഷണ വികസന മേഖലയിലെ സര്‍ക്കാരിന്‍റെ നിഷ്ക്രിയത്വത്തിന്‍റേയും ഈ പരിമിതികളെ മറികടക്കുകയെന്ന വെല്ലുവിളിയാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് ആവാസ വ്യവസ്ഥയ്ക്ക് മുന്നിലുള്ളത്.
വികസിത രാജ്യങ്ങളായ അമേരിക്ക ജിഡിപിയുടെ 2.9 ശതമാനവും സ്വീഡന്‍ 3.2 ശതമാനവും സ്വിറ്റ്സര്‍ലന്‍ഡ് 3.4 ശതമാനവും ഇസ്രയേല്‍ 4.5 ശതമാനവും ഗവേഷണ മേഖലയ്ക്കായി നീക്കിവയ്‌ക്കുന്നു. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങള്‍ ഗവേഷണ മേഖലയില്‍ വന്‍ തോതില്‍ പണം ചെലവഴിക്കാതിരിക്കാന്‍ കാരണം പറയുന്നത് ഈ മേഖലയിലെ നിക്ഷേപത്തില്‍ നിന്ന് ഫലം ലഭിക്കാന്‍ വൈകും എന്നതാണ്. ദാരിദ്ര്യ നിര്‍മാര്‍ജനം , പകര്‍ച്ച വ്യാധി തടയല്‍, ജീവിത നിലവാരം ഉയര്‍ത്തല്‍ എന്നിവയ്ക്കാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഊന്നല്‍ നല്‍കുന്നത്.
അധികാരികള്‍ ബജറ്റ് വിഹിതത്തിന്‍റെ സിംഹഭാഗവും നീക്കിവയ്ക്കുന്നതും ഇതിനൊക്കെത്തന്നെയാണ്. ഇതൊക്കെ രാജ്യത്തെ ഗവേഷണങ്ങളെ തടസപ്പെടുത്തുന്ന ഘടകങ്ങളായി കാണാതെ ഗവേഷണത്തെ ത്വരിതപ്പെടുത്താനുള്ള അവസരങ്ങളായി കാണണം. ഗവേഷണത്തിന്മേലുള്ള മൊത്ത നീക്കിയിരിപ്പ് കുറവുള്ള രാജ്യങ്ങളിലൊക്കെ മനുഷ്യ മൂലധനം കാലാന്തരത്തില്‍ കുറഞ്ഞുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.