ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഈ മാസം പതിനാലിന് രാജ്യത്ത് ഒരു പ്രക്ഷോഭത്തിന് തന്‍റെ അനുയായികള്‍ക്ക് ആഹ്വാനം നല്‍കി. ഈ മാസം 24 മുതല്‍ പ്രക്ഷോഭം ആരംഭിക്കണമെന്നായിരുന്നു നിര്‍ദേശം.
അനധികൃതമായി നേടിയ ജനപിന്തുണ, നീതി പൂര്‍വമല്ലാത്ത അറസ്റ്റുകള്‍, തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്വാധീനം ചെലുത്താന്‍ ലക്ഷ്യമിട്ട് ഉന്നത കോടതികളില്‍ ജഡ്‌ജിമാരെ നിയമിക്കുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്ന ഭരണഘടനാ ഭേദഗതി എന്നിവയ്‌ക്കെതിരെയാണ് ഇമ്രാന്‍ ഖാന്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌തത്.
യഥാര്‍ഥത്തില്‍ പ്രതിഷേധത്തിന്‍റെ അടിസ്ഥാന കാരണം സ്വന്തം വ്യവസ്ഥകള്‍ക്ക് അനുസരിച്ച് ഇമ്രാന്‍റെ മോചനം എന്ന ആവശ്യം തന്നെ ആയിരുന്നു. ഇമ്രാന്‍റെ ആഹ്വാനത്തെ തുടര്‍ന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രക്ഷോഭകര്‍ ഇസ്ലാമാബാദിലേക്ക് കുതിച്ചെത്തി. ഒരു സംഘം പ്രക്ഷോഭകര്‍ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹത്തിന്‍റെ ഭാര്യ കൂടിയായിരുന്നു എന്നതും ശ്രദ്ധേയമാണ്. സര്‍ക്കാരില്‍ സമ്മര്‍ദം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ട് തങ്ങള്‍ക്ക് മുന്നിലുള്ള എല്ലാ പ്രതിബദ്ധങ്ങളെയും തകര്‍ത്തെറിഞ്ഞായിരുന്നു പ്രക്ഷോഭകരെത്തിയത്. ഇവരെ തടയാനെത്തിയ പൊലീസിന് പിന്‍വാങ്ങേണ്ടി വന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സൈന്യത്തെ അടക്കം ഇറക്കി പ്രക്ഷോഭകരെ തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. പ്രക്ഷോഭത്തെ നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ചും കണ്ടെയ്‌നറുകള്‍ സ്ഥാപിച്ചും അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചുമായിരുന്നു സര്‍ക്കാരിന്‍റെ പ്രതിരോധം. പാകിസ്ഥാന്‍ തെഹ്‌രിക് ഇ പാര്‍ട്ടിയുടെ മിക്കപ്രവര്‍ത്തകരും അറസ്റ്റിലായി. മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇന്‍റര്‍നെറ്റും സാമൂഹ്യമാധ്യമങ്ങളും ബ്ലോക്ക് ചെയ്‌തു.
സര്‍ക്കാര്‍ ഇസ്ലാമാബാദിനെ രാജ്യത്തിന്‍റെ മറ്റിടങ്ങളില്‍ നിന്ന് തികച്ചും ഒറ്റപ്പെടുത്തി. പ്രതിഷേധത്തെ അടിച്ചമര്‍ത്താമെന്ന മോഹത്തോടെയായിരുന്നു നടപടി. സാമ്പത്തിക നഷ്‌ടം വര്‍ധിക്കുന്നത് സര്‍ക്കാരിന് പ്രശ്‌നമേ ആയിരുന്നില്ല. അവരുടെ ശ്രദ്ധ പൂര്‍ണമായും ഇസ്ലാമാബാദിലേക്ക് മാത്രമായി. ഖൈബര്‍ പഖ്‌തൂണ്‍ഖയിലെ കുറം മേഖലയിലെ വിഭാഗീയ സംഘര്‍ഷത്തില്‍ മരണസംഖ്യ കൂടിക്കൊണ്ടിരിക്കുന്നത് പാക് സര്‍ക്കാരിനെ ബാധിച്ചേയില്ല. അതിനെ അവര്‍ തികച്ചും അവഗണിച്ചു.
പാകിസ്ഥാനിലെ ഉന്നത സര്‍ക്കാര്‍ സ്ഥാപനങ്ങളായ പ്രസിഡന്‍റിന്‍റെ വസതി, പ്രധാനമന്ത്രിയുടെ ഓഫീസ്, ദേശീയ അസംബ്ലി, സുപ്രീം കോടതി, നയതന്ത്ര ഓഫീസുകള്‍ തുടങ്ങിയ സ്ഥിതി ചെയ്യുന്ന ഇടവും അതീവ സുരക്ഷ മേഖലയുമായ ഇസ്ലാമാബാദിലെ ഡി ചൗക്കില്‍ പ്രതിഷേധക്കാര്‍ അണിനിരന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ അവിടെ തുടരുമെന്നും അവര്‍ വ്യക്തമാക്കി.
ഇമ്രാന്‍ഖാന്‍റെ പാര്‍ട്ടി പ്രക്ഷോഭം അവസാനിപ്പിച്ചതോടെ നാല് ദിവസം നീണ്ട ലോക്‌ഡൗണിന് ബുധനാഴ്‌ച അവസാനമായി. അധികൃതര്‍ പ്രക്ഷോഭകര്‍ക്ക് നേരെ അര്‍ധരാത്രിയില്‍ അഴിച്ച് വിട്ട നടപടിയില്‍ പ്രതിഷേധക്കാരില്‍ നാല് പേര്‍ക്ക് ജീവന്‍ നഷ്‌ടമാകുകയും അന്‍പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതോടെയാണ് പ്രക്ഷോഭം പിന്‍വലിക്കാന്‍ തീരുമാനമായത്.
ഇമ്രാന്‍ ചെയ്‌തത് പോലുള്ള ഒരു ആഹ്വാനത്തിന്‍റെ പുറത്ത് ഇത്തരം പ്രതിഷേധങ്ങള്‍ ഉണ്ടായിക്കൂടാ. ഇത്തരം ആഹ്വാനങ്ങള്‍ കലാപത്തിലേക്ക് നീങ്ങും. ആയിരക്കണക്കിന് പേരെ ദൂരെ സ്ഥലങ്ങളില്‍ നിന്ന് എത്തിച്ച് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ അതിന് കൃത്യമായ സംഘാടനം ഉണ്ടായിരിക്കണം. പ്രതിഷേധിക്കാനെത്തുന്നവര്‍ക്ക് കാലാവസ്ഥ കൂടി പരിഗണിച്ചുള്ള താമസയിടങ്ങളും ഭക്ഷണവും എല്ലാം ഒരുക്കണം.
അവരുടെ പ്രവൃത്തികള്‍ക്ക് എന്തെങ്കിലും പ്രതിഫലവും നല്‍കണം. ഇമ്രാന്‍റെ കടുത്ത അനുയായികളാകാം പ്രതിഷേധത്തിനെത്തുന്നവര്‍. എന്നാല്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ അറസ്റ്റും തങ്ങളുടെ ജീവന്‍ പോലും നഷ്‌ടമായേക്കാവുന്ന സാഹചര്യവും ഉണ്ടാകുമെന്ന് ഇവര്‍ക്ക് ബോധ്യമുണ്ടായിരിക്കണം. പ്രതിഷേധ പരിപാടികള്‍ നടക്കുന്ന ദിവസങ്ങളില്‍ ഇവര്‍ക്ക് യാതൊരു വരുമാനവും ഇല്ലെന്നതിനെക്കുറിച്ചും ബോധ്യമുണ്ടാകണം.
ഇവര്‍ക്ക് കേവലം പ്രോത്സാഹനത്തിനപ്പുറം മറ്റ് ചിലത് കൂടി ആവശ്യമുണ്ട്. നമ്മുടെ രാജ്യത്തും സമാന സംഭവം അരങ്ങേറിയിട്ടുണ്ട്. 2020ലെ കര്‍ഷ പ്രക്ഷോഭവേളയില്‍. വടക്കേ അമേരിക്കയിലെ ഇന്ത്യ വിരുദ്ധ സംഘടനകളില്‍ നിന്ന് വന്‍തോതില്‍ ഫണ്ടുകളും ഇങ്ങോട്ടേക്ക് ഒഴുകി.
എന്നാല്‍ ഇമ്രാനോ പാര്‍ട്ടിയോ ഈ പ്രക്ഷോഭത്തിനായി നയാപൈസ പോലും ചെലവാക്കില്ല. കാരണം ഇതിന്‍റെ ഫലസിദ്ധിയില്‍ അവര്‍ക്ക് തന്നെ സംശയമുണ്ട്. നേരിട്ട് ഇടപെടുകയും പരാജയപ്പെടുകയും ചെയ്‌താല്‍ അത് അവരുടെ രാഷ്‌ട്രീയ ജീവിതത്തിന്‍റെ കൂടി അന്ത്യമാകും. പ്രതിഷേധാഹ്വാനം ഇമ്രാന്‍ ഇപ്പോഴാണ് നല്‍കിയതെങ്കിലും ഇതിനുള്ള ആസൂത്രണം വളരെ മുമ്പേ തന്നെ തുടങ്ങിയിട്ടുണ്ടാകണം.
എന്നാല്‍ ഈ പണം എവിടെ നിന്ന് എത്തുന്നു എന്ന ചോദ്യം അവശേഷിക്കുകയാണ്. ഇമ്രാന്‍ ഖാന്‍റെ എക്‌സ് പോസ്റ്റില്‍ നിന്ന് ഇതിനുള്ള ഉത്തരം ലഭ്യമാണ്. ലോകമെമ്പാടുമുള്ള പാകിസ്ഥാനികള്‍ക്ക് താന്‍ നന്ദി അറിയിക്കുന്നു. പാകിസ്ഥാനികളെ കൂട്ടിയിണക്കുക മാത്രമല്ല മറിച്ച് അവര്‍ക്ക് ഇതിനുള്ള പണവും നല്‍കുന്നു. പാകിസ്ഥാനില്‍ അരാജകത്വം നടമാടുമ്പോള്‍ എവിടെ നിന്നൊക്കെയോ ഫണ്ടുകള്‍ എത്തുന്നുവെന്നതിന്‍റെ കൃത്യമായ ദൃഷ്‌ടാന്തമാണിത്. ഇമ്രാന്‍ പാകിസ്ഥാന്‍ നേതൃത്വത്തിലേക്ക് എത്തിയാല്‍ ഇത് ചിലപ്പോള്‍ രാജ്യത്തിന് ഗുണകരമായേക്കും. കലാപത്തിന്‍റെ സ്‌പോണ്‍സര്‍മാര്‍ പിന്നീട് ഇതിന്‍റെ ഗുണം കൊയ്യാമെന്ന പ്രതീക്ഷയോടെ അണിയറയില്‍ നിലകൊള്ളുന്നു.
പാകിസ്ഥാന്‍ നേതൃത്വം ആദ്യം തന്നെ ഇന്ത്യയ്‌ക്കെതിരെയാണ് ആരോപണമുയര്‍ത്തിയത്. ദുര്‍ബലമായിക്കൊണ്ടിരുന്ന ഇന്ത്യാ-പാക് ബന്ധത്തില്‍ ഇമ്രാന്‍റെ കാലത്ത് വിള്ളല്‍ കൂടുതല്‍ വര്‍ധിച്ചു എന്നത് വസ്‌തുതയാണ്. ഇമ്രാന്‍ ഇന്ത്യയില്‍ നിന്ന് ഹൈകമ്മീഷണര്‍മാരെ പിന്‍വലിച്ചു. 370ാം വകുപ്പ് പുനഃസ്ഥാപിച്ചാല്‍ മാത്രം ചര്‍ച്ച എന്നത് പോലുള്ള അംഗീകരിക്കാനാകാത്ത നിബന്ധനകള്‍ മുന്നോട്ട് വച്ചു. അത് കൊണ്ട് തന്നെ ഇന്ത്യയ്ക്ക് ഇമ്രാനോട് യാതൊരു മമതയുമില്ല. അതേസമയം പാകിസ്ഥാനില്‍ അരാജകത്വം നടമാടുന്നത് ഇന്ത്യയ്ക്ക് തെല്ലും ഗുണകരവുമാകില്ല.
പാകിസ്ഥാനില്‍ പ്രതിസന്ധികള്‍ തുടരണമെന്ന് ചൈനയോ പശ്ചിമേഷ്യന്‍ രാജ്യങ്ങളോ ആഗ്രഹിക്കില്ല. പാകിസ്ഥാനിലെ അസ്ഥിരതകള്‍ ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്കും ഭീഷണിയാകും. വിവിധ പദ്ധതികളില്‍ ജോലി ചെയ്യുന്ന ചൈനീസ് പൗരന്‍മാരുടെ ജീവനും ഇത് പ്രതിസന്ധിയുണ്ടാക്കും. ചില നിക്ഷിപ്‌ത താത്പര്യക്കാര്‍ ചൈന പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി തകര്‍ന്ന് കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. ചൈന പാകിസ്ഥാനില്‍ നിന്ന് പുറത്ത് പോകണമെന്നും ഇവര്‍ താത്‌പര്യപ്പെടുന്നു.
പാകിസ്ഥാനിലെ അസ്വസ്ഥതകളും ചൈനയെ ഇടിച്ച് താഴ്‌ത്തലും സുരക്ഷിതമല്ലാത്ത ദക്ഷിണേഷ്യയുമെല്ലാം ഗുണകരമാകുക അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില അധോലോകസംഘങ്ങള്‍ക്കാണ്. ഇവര്‍ ഇന്ത്യയിലും നിരവധി തവണ നേതൃത്വമാറ്റത്തിന് ശ്രമിച്ചിട്ടുണ്ട്. ഇവിടെയും അരാജകത്വം സൃഷ്‌ടിച്ച് കൊണ്ടായിരുന്നു ഇതിനുള്ള നീക്കം. ഇപ്പോള്‍ ഇവര്‍ തന്ത്രങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. അയല്‍രാജ്യത്ത് അസ്ഥിരത സൃഷ്‌ടിച്ച് ഇന്ത്യയ്ക്ക് സുരക്ഷ ആശങ്കകള്‍ ഉണ്ടാക്കുക എന്നതാണ് ഇവരുടെ പുതിയ തന്ത്രം.
ബംഗ്ലാദേശില്‍ ഇവര്‍ തങ്ങളുടെ പ്രയ്‌ത്നം വിജയത്തിലെത്തിച്ചു. ഇന്ത്യ അനുകൂല ഷെയ്‌ഖ ഹസീന ഭരണത്തിന് അവര്‍ അന്ത്യം കുറിച്ചു. മുഹമ്മദ് യൂനസിന്‍റെ നേതൃത്വത്തിലുള്ള ഒരു പാവസര്‍ക്കാരിനെ അവിടെ പ്രതിഷ്‌ഠിച്ചു. ഇസ്ലാമികത വര്‍ധിക്കുന്നത് നിയന്ത്രിക്കാനോ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നത് തടയാനോ ഈ സര്‍ക്കാരിന് സാധിക്കുന്നില്ല.
ബംഗ്ലാദേശിലെ അസ്വസ്ഥതകളും അവരുടെ സൈന്യത്തിന്‍റെ നേതൃത്വത്തിലുള്ള വിദ്വേഷം വളര്‍ത്തലും ആക്രമണവും വര്‍ധിച്ചതോടെ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ അതിര്‍ത്തി പങ്കിടുന്ന ഇടങ്ങള്‍ അസ്വസ്ഥതകള്‍ സൃഷ്‌ടിക്കാനുള്ള സുരക്ഷിത ഇടങ്ങളായി മാറിയിരിക്കുന്നു. രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന ദാരിദ്ര്യം ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റം വര്‍ധിപ്പിച്ചിരിക്കുന്നു. ഇത് ഇന്ത്യയുടെ ജനസംഖ്യയില്‍ മാറ്റങ്ങളുണ്ടാക്കിയേക്കാം.
പാകിസ്ഥാനിലും സമാനമായ കാര്യങ്ങളാണ് അരങ്ങേറുന്നത്. അരാജകത്വം വര്‍ധിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നുണ്ട്. യഥാര്‍ഥ ഭരണക്കാരായ സൈന്യം ഏതായാലും ഇമ്രാന് വഴിയൊരുക്കാന്‍ യാതൊരു സാധ്യതയുമില്ല. സൈന്യവുമായി ഇമ്രാന് അനുകൂല തരംഗമുണ്ടാകുകയും ഇപ്പോഴത്തെ ഭരണകൂടത്തെ കാറ്റില്‍പ്പറത്തുകയും ചെയ്‌താല്‍ രാജ്യം കൂടുതല്‍ കുഴപ്പത്തിലേക്കാകും വലിച്ചെറിയപ്പെടുക. ഇങ്ങനെയൊരു സാധ്യതയാണ് അമേരിക്കയിലെ അധോലോകം പിന്തുണയ്ക്കുക. ഇമ്രാന്‍ ഏകാധിപത്യ അധികാരത്തോടെ രാജ്യത്തിന്‍റെ നേതൃത്വത്തിലേക്ക് വരും. ഈ മാറ്റം സംഘര്‍ഷ ഭരിതമായ പാകിസ്ഥാനെ സാമ്പത്തിക അരാജകത്വത്തിലേക്ക് കൂടി തള്ളി വിടും.
അത് കൊണ്ട് ഇപ്പോള്‍ രാജ്യത്ത് ഉടലെടുത്തിരിക്കുന്ന കലാപങ്ങള്‍ അടിച്ചമര്‍ത്തിയേ തീരൂ. ഭാവിയില്‍ ഇത്തരം പ്രതിഷേങ്ങള്‍ (ഇത് ഒരിക്കലും അവസാനത്തേത് ആയിരിക്കില്ല) നേരിടുമ്പോള്‍ ഇതിനുള്ള പണം എവിടെ നിന്ന് വരുന്നു എന്നത് കൃത്യമായി കണ്ടെത്തണം. ഇമ്രാന്‍ വീണ്ടും അധികാരത്തിലെത്തുന്നത് ആര്‍ക്കാകും ഗുണം ചെയ്യുക എന്നതും മനസിലാക്കേണ്ടതുണ്ട്. ഒപ്പം അസ്വസ്ഥമായ ദക്ഷിണേഷ്യ ഗുണം ചെയ്യുന്നത് ആര്‍ക്കാണെന്നും തിരിച്ചറിയണം.
തീര്‍ച്ചയായും ഇത്തരം കലാപങ്ങള്‍ക്ക് പുറത്ത് നിന്ന് പണം എത്തുന്നുണ്ട്. അധോലോക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ഇന്ത്യയ്ക്ക് കരുത്തുണ്ട്. ഹവാല ഫണ്ടുകളുടെ ഒഴുക്ക് തടഞ്ഞ് കൊണ്ട് ഇന്ത്യയ്ക്ക് ഇത് സാധ്യമാകുന്നു. പാകിസ്ഥാനും ഇത് ചെയ്യാവുന്നതേയുള്ളൂ.
ലേഖനത്തിലെ അഭിപ്രായങ്ങള്‍ ഇടിവിയുടേതല്ല, തികച്ചും ലേഖകന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രം.
Also Read; പാകിസ്ഥാനില്‍ വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പ്; 40 ഓളം പേര്‍ കൊല്ലപ്പെട്ടു