പക്ഷം പിടിക്കാത്ത, സ്വതന്ത്ര, മൂല്യാധിഷ്‌ഠിധ പത്രപ്രവര്‍ത്തനമാണ് ഞങ്ങള്‍ നടത്തുന്നതെന്ന് ഓരോ മാധ്യമങ്ങളും ആണയിടുന്ന ദിവസമാണിന്ന്. അതേ... ദേശീയ പത്രമാധ്യമ ദിനം. മിക്ക മാധ്യമ സ്ഥാപനങ്ങള്‍ക്കും ഇത് കേവലം പരസ്യ വാചകം മാത്രമായിരിക്കും. എന്നാല്‍ ഈനാടു ഗ്രൂപ്പിന് അത് ജീവരേഖയാണ്. 58 വര്‍ഷം മുമ്പ് പ്രസ് കൗണ്‍സില്‍ രൂപീകൃതമായത് മുതലാണ് ദേശീയ പത്രദിനം ആചരിച്ചു തുടങ്ങിയത്.
പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ രൂപീകരിക്കപ്പെടുന്നതിനും 30 വര്‍ഷം മുമ്പ് അവിഭക്ത ആന്ധ്ര പ്രദേശിലെ കൃഷ്‌ണ ജില്ലയില്‍ പെദ്ദ പാറുപ്പിഡി ഗ്രാമത്തില്‍ ഈനാടു സ്ഥാപകന്‍ റാമോജി റാവു ജനിച്ചതും ഇതേ ദിവസമായിരുന്നു, 1936 നവംബര്‍ 16 ന്.
മാധ്യമ ലോകത്ത് അദ്ദേഹം നടത്തിയ ചുവടുവപ്പുകള്‍ മാധ്യമ രംഗത്തുള്ള മറ്റനേകര്‍ക്ക് പിന്തുടരാവുന്ന നാഴികക്കല്ലുകളായി മാറി. പ്രവര്‍ത്തന മേഖല മാധ്യമ രംഗത്ത് മാത്രമായി ഒതുക്കിയ വ്യക്തിത്വമായിരുന്നില്ല റാമോജി റാവുവിന്‍റേത്.
ധനകാര്യ സ്ഥാപനങ്ങള്‍, ചലച്ചിത്ര നിര്‍മ്മാണം, ചലച്ചിത്ര സെറ്റുകളും സ്റ്റുഡിയോകളും, ഭക്ഷ്യോല്‍പ്പന്ന മേഖല, ടൂറിസം, ഹോട്ടലുകള്‍, കരകൗശല രംഗം, ടെക്സ്റ്റൈല്‍സ്, വിദ്യാഭ്യാസം എന്നുവേണ്ട നിരവധി മേഖലകളിലേക്ക് വ്യാപരിച്ച റാമോജി റാവു ലക്ഷക്കണക്കിന് പേര്‍ക്കാണ് തൊഴിലവസരമൊരുക്കിയത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിലിം സിറ്റിയായ റാമോജി ഫിലിം സിറ്റി സ്ഥാപിച്ചത് മുതല്‍ ഇന്നേ വരെ രണ്ടര കോടിയിലേറെപ്പേരാണ് സന്ദര്‍ശകരായി എത്തിയത്. ഈ വ്യാപാര വാണിജ്യ ബിസിനസ് സംരംഭങ്ങളിലൂടെയെല്ലാം പതിനായിരക്കണക്കിന് കോടി രൂപയാണ് നികുതിയിനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കിയത്.
റാമോജി റാവുവിനെപ്പോലെയുളള നിക്ഷേപകരേയും സംരംഭകരേയും രാജ്യം ആശാ പൂര്‍വ്വം ഉറ്റുനോക്കുന്ന കാലത്താണ് നമ്മളുള്ളത്. രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഭൂഭാഗങ്ങളിലേക്ക് കടന്നു ചെല്ലാനുള്ള സാഹസികത കാട്ടിയ സംരംഭകനാണ് അദ്ദേഹം. വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ അസാമാന്യ ധൈര്യമുള്ളവര്‍ക്ക് മാത്രമേ അവയൊക്കെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുകയുള്ളൂ എന്ന് പറയാറുണ്ട്. അത് റാമോജി റാവുവിന്‍റെ കാര്യത്തില്‍ അക്ഷരം പ്രതി ശരിയാണ്.
സ്റ്റീവ് ജോബ്‌സിന്‍റെ വാക്കുകളില്‍ പറഞ്ഞാല്‍ ലോകത്തെ മാറ്റാന്‍ കഴിയുമെന്ന് ഉന്മത്തമായി ചിന്തിക്കാന്‍ കഴിയുന്നവര്‍ക്കുമാത്രം അത് ചെയ്യാന്‍ കഴിയും. ഇത് റാമോജി റാവുവിന്‍റെ കാര്യത്തില്‍ നൂറ് ശതമാനം ശരിയായിരുന്നു. മറ്റാര്‍ക്കും ചെയ്യാനാവാത്ത കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് താന്‍ പുളകം കൊള്ളാറുള്ളതെന്ന് റാമോജി റാവു എപ്പേഴും പറയാറുണ്ട്.
ദൃഡചിത്തന്‍
വിശാഖപട്ടണത്ത് അദ്ദേഹം തുടങ്ങിയ തെലുഗു പത്രം നാല് വര്‍ഷം കൊണ്ട് ഒന്നാമതെത്തി. ഒറ്റയടിക്കാണ് 26 ജില്ലാ കേന്ദ്രങ്ങളിലും എഡിഷനുകള്‍ തുടങ്ങാനുള്ള തീരുമാനം അദ്ദേഹം കൈക്കൊണ്ടത്. 1983 ല്‍ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തില്‍ തെലുഗു ദേശം പാര്‍ട്ടിക്ക് പിന്തുണ നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചു.
കേന്ദ്രം എന്‍ടി രാമറാവു സര്‍ക്കാരിനെ പിരിച്ചു വിട്ടപ്പോള്‍ ജനാധിപത്യ പുനസ്ഥാപനത്തിനായുള്ള പോരാട്ടത്തിന് ജീവ വായു പകര്‍ന്ന് അദ്ദേഹം പ്രസ്ഥാനത്തിന് കരുത്തേകി. ലോക പ്രസിദ്ധമായ ഫിലിം സിറ്റിയെ തുടര്‍ന്ന് പ്രധാനപ്പെട്ട എല്ലാ ഭാഷകളിലും ഇടിവി ടെലിവിഷന്‍ ചാനലുകളും ഇടിവി ഭാരത് എന്ന വിപുലമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമും അദ്ദേഹം ആരംഭിച്ചു.
2006 ലും 2022 ലും ഈനാടു ഗ്രൂപ്പ് സ്ഥാപനങ്ങളെ നശിപ്പിക്കാനും തകര്‍ക്കാനും നടന്ന സര്‍ക്കാര്‍ ഗൂഢാലോചനകള്‍ക്കെതിരെ എല്ലാം കൈവിടുമെന്ന ഘട്ടത്തില്‍പ്പോലും പൊരുതിക്കയറിയ ചരിത്രവും റാമോജി റാവുവിന്‍റെ ജീവിതത്തിലുണ്ട്. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ ആകാശത്തോളം ഉയരാമെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്.
ഉയരങ്ങള്‍ കീഴടക്കിയപ്പോഴും അധികാര കേന്ദ്രങ്ങളുമായി അടുത്ത ബന്ധം സൂക്ഷിച്ചപ്പോഴും റാമോജി റാവുവിന്‍റെ വിനയം കൈമോശം വന്നിരുന്നില്ല. ഒരു സ്വാധീനത്തിനും വഴങ്ങാതെ ആ വ്യക്തിത്വം സ്വതന്ത്രമായിത്തന്നെ നിന്നു.
കാര്യങ്ങളെ (വസ്‌തുതകളെ) വേറിട്ട രീതിയില്‍ കാണുകയും വ്യത്യസ്‌തമായ രീതിയില്‍ ചിന്തിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്‍റെ മറ്റൊരു രീതിയായിരുന്നു. കളത്തിന് പുറത്തേക്ക് ചിന്തിക്കാന്‍ അദ്ദേഹം കൂടെയുള്ളവരോടും പറഞ്ഞു കൊണ്ടേയിരുന്നു. കടന്നു ചെന്ന എല്ലാ മേഖലകളിലും അദ്ദേഹം പുതിയ ചരിത്രം കുറിച്ചു. ഫലം എന്താകുമെന്ന് പ്രവചിക്കാൻ കഴിയുന്നതാണ് അദ്ദേഹത്തിന്‍റെ കരുത്ത്.
88-ാം വയസ്സിലും അദ്ദേഹത്തിന്‍റെ ചിന്തകൾ സമകാലികമായിരുന്നു. ശരീരിത്തെ ബാധിച്ച തളര്‍ച്ചകള്‍ക്ക് അദ്ദേഹത്തിന്‍റെ ചിന്തകളെ ഒരുതരത്തിലും തടസപ്പെടുത്താനായില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അവസാന നാളുകളിലും അത് അങ്ങനെ തന്നെ തുടർന്നു.
ജനക്ഷേമം പരമപ്രധാനം
റാമോജി റാവുവിനെ സംബന്ധിച്ചിടത്തോളം ജനങ്ങൾ ദൈവങ്ങളെപ്പോലെയാണ്. അദ്ദേഹം നിരീശ്വരവാദിയായിരുന്നു എന്നത് ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അദ്ദേഹം എല്ലായ്‌പ്പോഴും മറ്റുള്ളവരോട് സഹാനുഭൂതി കാണിക്കുകയും ചെയ്യുന്നതിലൊക്കെയും പൊതുജനങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്‌തു. വ്യക്തിഗത നേട്ടങ്ങളും പൊതുക്ഷേമവും നേര്‍ക്കുനേര്‍ വന്നാല്‍ അദ്ദേഹം രണ്ടാമത്തേതിനൊപ്പം ഉറച്ചുനിൽക്കും.
ജനാധിപത്യം പ്രതിസന്ധിയിലായാല്‍ അദ്ദേഹത്തിന് വീർപ്പുമുട്ടും. ജനാധിപത്യം സംരക്ഷിക്കാൻ തന്‍റെ മാധ്യമങ്ങളെ ആയുധമാക്കി. ഈനാടുവിനെ നെഞ്ചിലേറ്റിയ തെലുങ്ക് ജനതയിലെ വായനക്കാർക്കും മുകളില്‍ അദ്ദേഹം പ്രൊഫഷണലിസത്തെ പ്രതിഷ്‌ഠിച്ചു.തന്‍റെ ജീവിതം പോലെ വിശ്വാസ്യത കാത്തുസൂക്ഷിച്ചു.
ദുരന്തസമയത്ത് തന്‍റെ ജീവകാരുണ്യ പരിപാടികളിലൂടെ റാമോജി റാവു ജനങ്ങൾക്കൊപ്പം നിന്നു. ഈ നാടിന് തുച്ഛമായ ലാഭം മാത്രം ലഭിച്ചിരുന്ന, പത്രത്തിന്‍റെ ആദ്യ നാളുകളിലും അദ്ദേഹം ഈ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്.
പ്രകൃതിക്ഷോഭത്തിൽ വലയുന്ന സമൂഹങ്ങളെയും ഗ്രാമങ്ങളെയും സഹായിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച 'ഈനാടു ദുരിതാശ്വാസ നിധി' റാമോജി റാവു ആരംഭിച്ചു.
നാൽപ്പത് വർഷത്തിനിടെ നൂറുകണക്കിന് കോടി രൂപയാണ് ഈ ഫണ്ട് ചെലവഴിച്ചത്. റാമോജി ഫൗണ്ടേഷൻ മാത്രം 100 കോടി രൂപ പൊതുജനക്ഷേമത്തിനായി ചെലവഴിച്ചു. അദ്ദേഹത്തിൻ്റെ വേർപാടിന് ശേഷവും റാമോജി ഗ്രൂപ്പ് ഓഫ് കമ്പനീസ് അദ്ദേഹം ആവിഷ്‌കരിച്ച പാതയിൽ തുടരുന്നു.
തെലുങ്കിനോട് എന്നും സ്‌നേഹം
ദേശീയ വീക്ഷണത്തോടൊപ്പം തന്നെ റാമോജി റാവുവിന് തെലുങ്കുകാരോടും ഭാഷയോടും അതിയായ സ്നേഹമുണ്ടായിരുന്നു. തെലുങ്ക് സംസ്ഥാനങ്ങളുടെ അഭിവൃദ്ധി, തെലുങ്ക് ഭാഷയുടെ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം വിശ്വസിച്ചു. ചതുര, വിപുല, തെലുഗു വെലുഗു, ബാല ഭാരതം തുടങ്ങിയ മാസികകളിൽ അദ്ദേഹത്തിന് തെലുങ്കിനോടുള്ള സ്നേഹം കൂടുതൽ പ്രകടമായിരുന്നു. തന്‍റെ പത്രത്തിനും മറ്റ് സംഘടനകൾക്കും ശരിയായ തെലുഗു പേരുകള്‍ തന്നെ അദ്ദേഹം തെരഞ്ഞെടുത്തു.
റാമോജി ഗ്രൂപ്പിന്‍റെ വളര്‍ച്ച
റാമോജി റാവുവിന്‍റെ കാലത്ത് ഗ്രൂപ്പ് വമ്പിച്ച വളര്‍ച്ചയാണ് കൈവരിച്ചത്. പല രംഗങ്ങളിലും ഒന്നാം സ്ഥാനത്തെത്താനും ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് സാധിച്ചു. റാമോജി ഗ്രൂപ്പ് സ്ഥാപനങ്ങളെ വിജയ പാതയിലെത്തിക്കാന്‍ അദ്ദേഹം അശ്രാന്ത പരിശ്രമം ചെയ്‌തു.
നിസാരമെന്ന് തോന്നാവുന്ന കാര്യങ്ങളില്‍പ്പോലും ശ്രദ്ധയെത്തുന്ന തരത്തില്‍ ദൈനംദിനം പതിനാലും പതിനാറും മണിക്കൂറുകള്‍ അദ്ദേഹം കഠിനാധ്വാനം ചെയ്‌തു. ഒരു വര്‍ത്തമാന പത്രം നല്ല നിലയില്‍ നടത്തിക്കൊണ്ടു പോവുക എന്നത് ശ്രമകരമായ കാര്യമാണ്.
ഓരോ നിമിഷവും നല്ല ശ്രദ്ധയും ജാഗ്രതയും ആവശ്യമാണ്. സാഹചര്യങ്ങള്‍ അനവധി ഉണ്ടായിട്ടും റാമോജി റാവു ലോക പര്യടനത്തിന് പോകാന്‍ താല്‍പ്പര്യപ്പെടാതിരുന്നതും അതുകൊണ്ടു തന്നെ.
'പ്രവൃത്തിക്കുക, പ്രവൃത്തിക്കുക, പ്രവൃത്തിക്കുക, വീണ്ടും കഠിനാധ്വാനം ചെയ്യുക എന്നതാണ് എന്‍റെ വിജയത്തിന്‍റെ രഹസ്യം. ജോലി ചെയ്യുമ്പോഴാണ് എനിക്ക് ആശ്വാസം തോന്നുന്നത്. വിജയത്തിന് കുറുക്കു വഴികളില്ല.' വിജയ രഹസ്യത്തെപ്പറ്റി ചോദിക്കുമ്പോള്‍ റാമോജി റാവുവിന്‍റെ മറുപടി ഇതായിരുന്നു.
യഥാര്‍ത്ഥ നേതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ തങ്ങളുടെ പിന്‍ഗാമികളെ കണ്ടെത്തുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. എന്നാല്‍ റാമോജി റാവുവിന് പകരക്കാരനെ കണ്ടെത്തുക അസാധ്യമാണ്. റാമോജി ഗ്രൂപ്പിന്‍റെ പിന്‍ഗാമികളെ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ കണ്ടെത്തിക്കഴിഞ്ഞിരുന്നു എന്നാണ് റാമോജി റാവു പറഞ്ഞിരുന്നത്. ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റാതെ മുന്നോട്ടു പോകുന്നതിന് ഇത് സഹായിച്ചു.
റാമോജി റാവുവിന്‍റെ സ്വപ്‌നത്തിനോട് ചേർന്ന്, അദ്ദേഹത്തിന്‍റെ മൂത്ത ചെറുമകൾ സഹാരിയുടെ നേതൃത്വത്തിൽ പ്രിയ ഫുഡ്‌സ് ഇന്ന് കുതിച്ചുയരുകയാണ്. ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ഉണ്ടാക്കി ജനങ്ങള്‍ക്ക് നല്‍കാനായിരുന്നു റാമോജിയുടെ ആഗ്രഹം. പിറന്നാൾ ദിനത്തിൽ കൊച്ചുമകൾ അത് സാധ്യമാക്കുന്നു. 'ഞാൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും റാമോജി ഗ്രൂപ്പ് പൊതുസ്‌മരണയിൽ നിലനിൽക്കണം' എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അത് പ്രിയ ഫുഡ്‌സിലൂടെ നിറവേറ്റപ്പെടുകയാണ്.
അധികാര മാറ്റത്തിലെ നിലപാട്
അധികാര മാറ്റമുണ്ടാവുക എന്നത് ഒരു പാർട്ടി മാറി മറ്റൊരു പാർട്ടി അധികാരത്തിൽ വരുന്നതല്ല എന്ന് റാമോജി റാവു പറയാറുണ്ടായിരുന്നു. അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് അധികാരത്തിലെത്തുന്നവർ, ഈ ആരോപണങ്ങൾ അന്വേഷിക്കണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കപ്പെടണമെന്നും അനധികൃതമായി സമ്പാദിച്ച പണം തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത് ചെയ്‌തില്ലെങ്കിൽ പുതിയ ഭരണം ജനങ്ങളെ കബളിപ്പിക്കുകയാണ് എന്നായിരുന്നു റാമോജി റാവുവിന്‍റെ നിലപാട്.
റാമോജി റാവുവിന്‍റെ ജീവിതം ഒരു പാഠപുസ്‌തകം
തന്‍റെ ജീവിതത്തിൽ റാമോജി റാവു കാണിച്ച അർപ്പണബോധവും ധൈര്യവും പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള കഴിവും നമ്മെ പ്രചോദിപ്പിക്കുന്നതാണ്. പ്രതിബന്ധങ്ങളെ അവസരങ്ങളായും വെല്ലുവിളികളെ വിജയങ്ങളായും പരാജയങ്ങളെ വിജയത്തിന്‍റെ അടിത്തറകളായും മാറ്റാമെന്ന് അദ്ദേഹം തന്‍റെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിച്ചു. അദ്ദേഹം എന്നും രാജ്യത്തിന് പ്രചോദനമായി നിലകൊള്ളും.
ഒരു പ്രഭാതമുണ്ടാകുമെന്ന വാഗ്‌ദാനമാണ് സന്ധ്യ,
ഞങ്ങളുടെ പ്രകാശമേ, ഞങ്ങളുടെ അടുത്തേക്ക് മടങ്ങിവരൂ,
പ്രകാശത്തിന്‍റെ പാതയിൽ ഞങ്ങളെ നയിക്കേണമേ