കേരളം

kerala

ETV Bharat / opinion

ഇന്ത്യയും അമേരിക്കയും; മാറുന്ന സ്വത്വ രാഷ്‌ട്രീയം - INDIA US GEOPOLITICS

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടന്ന കൂടിക്കാഴ്‌ചയുടെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളുടെയും മാറുന്ന സഹകരണ തന്ത്രങ്ങള്‍ വിലയിരുത്തുന്നു സഞ്ജയ് പുലിപാക

bilateral relations  trade  defence  modi trump
Modi and Trump in joint press conference (ETV bharat file)

By ETV Bharat Kerala Team

Published : Feb 22, 2025, 2:57 PM IST

സ്വത്വത്തെയും രാജ്യാന്തര രാഷ്‌ട്രീയത്തിലെ പങ്കിനെക്കുറിച്ചും തീവ്രമായ ആഭ്യന്തര ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ എങ്ങനെയാണ് ലോകത്തെ പ്രമുഖ ശക്തിയുമായി വളര്‍ന്ന് വരുന്ന ഒരു സമ്പദ്ഘടന ഇടപെടേണ്ടത്? അടുത്തിടെ നടന്ന ഉച്ചകോടിയില്‍ ഇന്ത്യയിലെയും അമേരിക്കയിലെയും നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ സൂക്ഷ്‌മമായി പരിശോധിച്ചാല്‍ ഇതിന് ഉത്തരം കിട്ടും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വളരെയേറെ തയാറെടുപ്പുകള്‍ക്ക് ശേഷമായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം. നമ്മുടെ വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കര്‍ അമേരിക്കയുടെ 47 -ാമത് പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ സംബന്ധിക്കുകയും അദ്ദേഹത്തിന്‍റെ സംഘത്തിലെ പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തിരുന്നു.

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹം പ്രസിഡന്‍റ് ട്രംപുമായി കൂടിക്കാഴ്‌ച നടത്തും മുമ്പ് തന്നെ നാഷണല്‍ ഇന്‍റലിജന്‍സ് മേധാവി തുൾസി ഗബ്ബാര്‍ഡ്, ഇലോണ്‍ മസ്‌ക്, വിവേക് രാമസ്വാമി, ദേശീയ സുരക്ഷ ഉപദേശകന്‍ മൈക്കിള്‍ വാള്‍ട്‌സ് തുടങ്ങിയവരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. നയതന്ത്ര ചട്ടങ്ങള്‍ക്കുള്ളില്‍ നിന്ന് തന്നെ ആയിരുന്നു ഈ കൂടിക്കാഴ്‌ചകള്‍. ഈ കൂടിക്കാഴ്‌ചകളിലൂടെ ഇന്ത്യന്‍ നേതൃത്വത്തിന് പ്രസിഡന്‍റ് ട്രംപിന്‍റെയും അദ്ദേഹത്തിന്‍റെ സംഘത്തിന്‍റെയും പ്രത്യയശാസ്‌ത്ര ചട്ടക്കൂടുകളെക്കുറിച്ച് കൃത്യമായ ഒരു ചിത്രം ലഭിച്ചു.

ബൈഡന്‍റെ സാരത്ഥ്യത്തിന് ശേഷം ഡൊണാള്‍ഡ് ട്രംപ് രണ്ടാം വട്ടം അമേരിക്കന്‍ പ്രസിഡന്‍റ് പദവയിലെത്തിയതിന് പിന്നാലെയാണ് ഈ സന്ദര്‍ശനം. പ്രസിഡന്‍റ് ട്രംപും അദ്ദേഹത്തിന്‍റെ സംഘവും കൃത്യമായ അജണ്ടയോടും വ്യക്തമായ ആസൂത്രണത്തോടെയും തന്നെയാണ് രണ്ടാം വട്ടം അധികാരത്തിലെത്തിയിരിക്കുന്നത്. ഇവര്‍ നിരവധി നയങ്ങളുമായി വലിയ വേഗത്തില്‍ തന്നെ മുന്നോട്ട് പോകുന്നു.

കഴിഞ്ഞ കുറേ ആഴ്‌ചയായി ആഭ്യന്തര വിദേശ നയങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. ആഗോളവത്ക്കരണത്തെ പുല്‍കിയത് മൂലം അമേരിക്കയുടെ ഉത്പാദന മേഖലയില്‍ ഗണ്യമായ കുറവുണ്ടായതായി ട്രംപ് ചൂണ്ടിക്കാട്ടുന്നു. ജനങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള ചട്ടങ്ങളില്‍ ഇളവുണ്ടായത് അമേരിക്കന്‍ സ്വത്വത്തില്‍ വെള്ളം ചേര്‍ത്തിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. അത് കൊണ്ട് തന്നെ അമേരിക്കന്‍ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാനും തങ്ങളുടെ സ്വത്വം തിരിച്ച് പിടിക്കാനും ഉയര്‍ന്ന നികുതി നിരക്ക് ചുമത്തണമെന്നും കുടിയേറ്റ നടപടികളില്‍ പൊളിച്ചെഴുത്ത് വേണമെന്നുമാണ് ട്രംപിന്‍റ നിലപാട്.

നികുതിയും കുടിയേറ്റ ചട്ടങ്ങളും കര്‍ശനമാക്കുന്നത് അമേരിക്കന്‍ രാഷ്‌ട്രീയത്തിന്‍റെ കാതലാകുമ്പോള്‍ തന്നെ അമേരിക്ക സന്ദര്‍ശിച്ച ഇന്ത്യന്‍ നേതൃത്വം ഇതിനെതിരെ ഒരുക്ഷരം പോലും ഉരിയാടിയില്ലെന്നതും ശ്രദ്ധേയമാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ നികുതി സംവിധാനത്തെ അമേരിക്ക കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടും. എന്നാല്‍ അമേരിക്കന്‍ രാഷ്‌ട്രീയത്തെ പരുവപ്പെടുത്തുന്ന തര്‍ക്കവിഷയങ്ങളില്‍ ഇന്ത്യയ്ക്കോ മറ്റ് വിദേശ ശക്തികള്‍ക്കോ ഇവയെ സാധൂകരിക്കാനോ അസാധുവാക്കാനോ സാധിക്കില്ല.

ഇന്ത്യയുടെ ചരക്ക് വ്യപാരത്തിന്‍റെ മൊത്തം ഇടപാടുകള്‍ ഇങ്ങനെ

ഇന്ത്യയുടെ പത്ത് വാണിജ്യ പങ്കാളികളുമായുള്ള കണക്കെടുത്താല്‍ അമേരിക്കയുമായി മാത്രമാണ് ഇന്ത്യയ്ക്ക് വളര്‍ച്ച പരമായ ഒരു സന്തുലിത ഇടപാടുകളുള്ളതെന്ന് ദുര്‍ഗേഷ് റായ് ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ അമേരിക്കയുമായുള്ള വാണിജ്യ ബന്ധം തുടരേണ്ടത് ഡല്‍ഹിക്ക് എന്ത് കൊണ്ടും അനിവാര്യമാണ്. നികുതി വിഷയത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്‍റും തമ്മിലുള്ള കൂടിക്കാഴ്‌ചയില്‍ കരിനിഴല്‍ വീഴ്‌ത്തിയെന്നൊരു നിരീക്ഷണവുമുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് തൊട്ടുമുമ്പാണ് അമേരിക്കന്‍ പ്രസിഡന്‍റ് നികുതി കാര്യത്തില്‍ ഇന്ത്യയെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചത്.

ഇന്ത്യയിലെ ഉയര്‍ന്ന നികുതി മൂലം അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണി അപ്രാപ്യമായിരിക്കുന്നുവെന്നായിരുന്നു ട്രംപിന്‍റെ പരാമര്‍ശം. ഇതിന് ഇന്ത്യ മറുപടി നല്‍കിയില്ലെങ്കിലും ഇന്ത്യയ്ക്ക് മേല്‍ എതിര്‍ചുങ്കം ചുമത്തുന്നതിന്‍റെ സാധ്യത തേടാന്‍ ഫെഡറല്‍ ഏജന്‍സികളോട് പ്രസിഡന്‍റ് ട്രംപ് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. അമേരിക്കയിലെത്തിയ ഇന്ത്യന്‍ സംഘം പ്രസിഡന്‍റിന്‍റെ നിലപാടുകളോടും നയങ്ങളോടും പ്രസ്‌താവനകളോടും അടിയന്തരമായി പ്രതികരിക്കേണ്ടെന്ന നിലപാടാണ് കൈക്കൊണ്ടത്. അതേസമയം ഇരുകൂട്ടരും വാണിജ്യമേഖലയിലെ വര്‍ദ്ധിച്ച് വരുന്ന വ്യത്യാസങ്ങളെക്കുറിച്ച് വിശദമായി തന്നെ ചര്‍ച്ചകള്‍ നടത്തിയെന്നാണ് സംയുക്ത വാര്‍ത്താസമ്മേളനത്തിലെ പ്രസ്‌താവനകള്‍ നല്‍കുന്ന സൂചന.

ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായ ബഹുമേഖല ഉഭയകക്ഷി വാണിജ്യ കരാര്‍ ഇക്കൊല്ലം തന്നെ കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തിയെന്നാണ് ഇരുരാജ്യങ്ങളും വ്യക്തമാക്കിയത്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഉഭയകക്ഷി വാണിജ്യം 50000 കോടി ഡോളറിലെത്തിക്കുമെന്നും പ്രഖ്യാപനമുണ്ടായി. ഈ ലക്ഷ്യത്തിന് നിരവധി വെല്ലുവിളികളുണ്ടെങ്കിലും ഇത് നേടാനായേക്കും. അമേരിക്കയോട് ഇന്ത്യ കൂടുതല്‍ അസംസ്‌കൃത എണ്ണയും പെട്രോളിയും ഉത്പന്നങ്ങളും ദ്രവീകൃത പ്രകൃതിവാതകവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വാണിജ്യം കൂടുതല്‍ വര്‍ദ്ധിപ്പിക്കും.

ഇതിന് പുറമെ അത്യാധുനിക ശേഷിയുള്ള ചെറു ആണവ റിയാക്‌ടറുകള്‍ സ്ഥാപിക്കാനും അത് വഴി ഇന്ത്യയിലെ വൈദ്യുതി ഉത്പാദനം വര്‍ദ്ധിപ്പിക്കാനും ധാരണയായിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ ചുങ്കപ്രശ്‌നത്തിലുള്ള വ്യത്യാസങ്ങള്‍ നൂതന നയങ്ങളിലൂടെയും വര്‍ദ്ധിച്ച നിക്ഷേപത്തിലൂടെയും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് ഈ പ്രഖ്യാപനങ്ങളെല്ലാം തന്നെ സൂചിപ്പിക്കുന്നത്.

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ ഇന്ത്യ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കുറച്ച് പേര്‍ തിരിച്ചെത്തിക്കഴിഞ്ഞു. അതേസമയം കൈവിലങ്ങും കാല്‍ച്ചങ്ങലയുമണിഞ്ഞ അനധികൃത കുടിയേറ്റക്കാരുടെ ചിത്രങ്ങള്‍ ഇന്ത്യയില്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഇതിനെതിരെ ഒരു പ്രതിഷേധ പ്രസ്‌താവന പോലും ഉണ്ടായിട്ടുമില്ല. അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കുമെന്ന പ്രസ്‌താവനയ്ക്ക് പുറമെ ഇന്ത്യയില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെയും തൊഴില്‍ നൈപുണ്യമുള്ളവരുടെയും അമേരിക്കയിലേക്കുള്ള നിയമപരമായ യാത്രകള്‍ വര്‍ദ്ധിപ്പിക്കാനും അധികൃതര്‍ ശ്രദ്ധപുലര്‍ത്തുന്നു.

സാങ്കേതികതതയിലും നൂതനതിയുലുമൂന്നിയുള്ള പുത്തന്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കാനുള്ള പ്രഖ്യാപനമാണ് മോദി- ട്രംപ് കൂടിക്കാഴ്‌ചയിലെ മറ്റൊരു നിര്‍ണായക വിഷയം. ഇന്തോ-അമേരിക്ക ട്രസ്റ്റ് (Transforming Relationship Utilizing Strategic Technology- TRUST) പദ്ധതിയിലൂടെ സാങ്കേതിക രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു. സെമി കണ്ടക്‌ടറുകള്‍, ക്വാണ്ടം ടെക്‌നോളജി, ഊര്‍ജ്ജം, ബഹിരാകാശം മറ്റ് അനുബന്ധ മേഖലകള്‍ തുടങ്ങിയവയിലാണ് സഹകരണം ലക്ഷ്യമിടുന്നത്. വിതരണശൃംഖല, ഗവേഷണം, വികസനം, ധാതു ശൃംഖല തുടങ്ങിയ മേഖലകളിലെ സഹകരണത്തിനും ലക്ഷ്യം വയ്ക്കുന്നു.

ഉഭയകക്ഷി പ്രതിരോധ സഹകരണവും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നുണ്ട്. സംയുക്ത പ്രസ്‌താവന ഈ മേഖലയ്ക്കും ഊന്നല്‍ നല്‍കുന്നു. ഇരുരാജ്യങ്ങളുടെയും സംയുക്തമായുള്ള പ്രതിരോധ ഉത്പാദനം, പ്രതിരോധ വാണിജ്യ സഹകരണം ശക്തമാക്കല്‍ തുടങ്ങിയവയും ലക്ഷ്യമാണ്. ടാങ്ക് വേധ മിസൈലായ ജവേലിന്‍റെയും കരസേനയുടെ പ്രതിരോധ വാഹനങ്ങളുടെയും സംയുക്ത ഉത്‌പാദനത്തിന് ധാരണയായിട്ടുണ്ട്. ആറ് പി81 നാവിക പട്രോള്‍ വിമാനങ്ങള്‍ക്ക് പുറമെ അത്യാധുനിക യുദ്ധവിമാനങ്ങളായ എഫ് 35 കളും ഇന്ത്യയ്ക്ക് വില്‍ക്കാന്‍ ട്രംപ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രതിരോധ വാണിജ്യ സഹകരണത്തിനായി ഇരുരാജ്യങ്ങളും ചേര്‍ന്ന് ഓട്ടോണമസ് സിസ്റ്റംസ് ഇന്‍ഡസ്‌ട്രി അലയന്‍സിനും (ASIA) തുടക്കമിട്ടു.

2008 ന് മുമ്പ് ഇരുരാജ്യങ്ങളും തമ്മില്‍ യാതൊരു പ്രതിരോധ കയറ്റുമതികളുമുണ്ടായിരുന്നില്ല. എന്നാല്‍ ഇതിന് ശേഷം ക്രമേണ അമേരിക്കന്‍ പ്രതിരോധ ഉത്പന്നങ്ങള്‍ക്കായി ഇന്ത്യയുടെ കരാര്‍ 2000 കോടി ഡോളറിലേക്ക് എത്തി. ഇരുരാജ്യങ്ങളിലെയും പ്രതിരോധ കമ്പനികളുടെ സഹകരണത്തിന്‍റെ ഫലമായി അമേരിക്കയുടെ പ്രതിരോധ കയറ്റുമതിയുെട പ്രമുഖ കേന്ദ്രമായി ഇന്ത്യ മാറി. ഭാവിയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ വിതരണ ശൃംഖല ശക്തമായി തന്നെ തുടരുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

ഇത്തരം തന്ത്രപരമായ നീക്കത്തിനിടയിലും ട്രംപ് ഭരണകൂടത്തിന്‍റെ സഖ്യകക്ഷികളോടുള്ള ബന്ധം ആശങ്ക ഉയര്‍ത്തുന്നതാണ്. യുക്രയ്‌ന്‍ യുദ്ധത്തോടും ഇസ്രയേല്‍-പലസ്‌തീന്‍ പ്രതിസന്ധികളോടും ഇവര്‍ സ്വീകരിക്കുന്ന നിലപാടാണ് ഇതിന് കാരണം. ചുമതലയേറ്റ് മണിക്കൂറുകള്‍ക്കകം ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗം വാഷിങ്ടണ്‍ ഡിസിയില്‍ ചേര്‍ന്നിരുന്നു. ചുമതലയേറ്റ് കേവലം മൂന്നാഴ്‌ചയ്ക്കകം നാല് ലോകനേതാക്കളുമായും ട്രംപ് കൂടിക്കാഴ്‌ച നടത്തി. ഇതില്‍ രണ്ട് പേര്‍ ജപ്പാന്‍, ഇന്ത്യ പ്രധാനമന്ത്രിമാരായിരുന്നുവെന്നതും ശ്രദ്ധേയമാണ്. പ്രകൃതി ദുരന്ത വേളയിലും മറ്റ് അപകടഘട്ടങ്ങളിലും വ്യോമമാര്‍ഗം ആളുകളെ ദുരന്തമുഖത്ത് നിന്ന് മാറ്റുന്നതിനുള്ള നടപടികള്‍ ഉടന്‍ കാര്യക്ഷമമാക്കാന്‍ ക്വാഡ് നേതാക്കള്‍ തീരുമാനിച്ചതായും ഇന്തോ-അമേരിക്ക സംയുക്ത പ്രസ്‌താവനയില്‍ വ്യക്തമാക്കിയിരുന്നു. ഒപ്പം സമുദ്രനിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാനും ധാരണയുണ്ട്. ഇവ ഹാദര്‍(HADR)സഹകരണത്തിലെ സുപ്രധാന കുതിച്ച് ചാട്ടമാണ്.

ഇന്തോ-അമേരിക്ക ഉഭയകക്ഷി-ബഹുകക്ഷി സഹകരണത്തില്‍ മോദി-ട്രംപ് കൂടിക്കാഴ്‌ച നിര്‍ണായകമാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മാറിയ അമേരിക്കന്‍ രാഷ്‌ട്രീയത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഓരോ ചുവട് വയ്‌പും അതീവ കരുതലോടെയാകും. തങ്ങളുടെ താത്‌പര്യങ്ങള്‍ സംരക്ഷിച്ച് കൊണ്ടും കുടിയേറ്റ-ചുങ്ക വ്യവസ്ഥകളില്‍ കാര്യമായ അധരവ്യായാമങ്ങളൊന്നുമില്ലാതെയും ആയിരിക്കും ഇന്ത്യ മുന്നോട്ട് പോകുക. ഇന്ത്യ അയല്‍രാജ്യങ്ങളില്‍ നിന്ന് നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങളില്‍ അമേരിക്കയ്ക്കും ആശങ്കയുണ്ടെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്. രാജ്യത്തിനുള്ളിലും രാജ്യങ്ങളിലും ഉണ്ടായിട്ടുള്ള അധികാരമാറ്റങ്ങള്‍ ആഗോള രാഷ്‌ട്രീയത്തെ പ്രവചനാതീതമാക്കിയിരിക്കുകയാണ്. ഈ അനിശ്ചിതത്വം കൈകാര്യം ചെയ്യാന്‍ ഇന്ത്യയും അമേരിക്കയും പോലുള്ള ജനാധിപത്യ രാജ്യങ്ങള്‍ കൂടുതല്‍ തീവ്രതയോടെ കൈകോര്‍ത്തേ മതിയാകൂ.

Also Read:ക്രൂരത നിറഞ്ഞാടിയ ഗ്വാണ്ടനാമോ; അനധികൃത കുടിയേറ്റക്കാരെ സൂക്ഷിക്കാന്‍ ട്രംപ് കണ്ടെത്തിയ ഇടം, അറിയാം ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ ഈ തടവറയുടെ ചരിത്രം

ABOUT THE AUTHOR

...view details