കേരളം

kerala

ETV Bharat / opinion

ഭൗമ പൈതൃക കേന്ദ്രങ്ങളുടെ പ്രാധാന്യവും നിയമ നിര്‍മ്മാണത്തിന്‍റെ ആവശ്യകതയും - Geo Conservation need legislation

ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താനായി പത്ത് ജിയോളജിക്കല്‍ സൈറ്റുകളുടെ പട്ടിക അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് കൈമാറി. സി പി രാജേന്ദ്രന്‍ എഴുതുന്നു.

ഭൗമ പൈതൃക കേന്ദ്രങ്ങളുടെ പ്രാധാന്യം  WORLD HERITAGE SITES  GEOLOGICAL SITES  UNESCO
File photo of Lonar lake in Buldhana district of Maharashtra (ETV Bharat)

By ETV Bharat Kerala Team

Published : Oct 5, 2024, 5:50 PM IST

ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താനായി പത്ത് ജിയോളജിക്കല്‍ സൈറ്റുകളുടെ പട്ടിക അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. യുനെസ്‌കോയുടെ ആഗോള ജിയോപാര്‍ക്കുകളുടെ സ്ഥാപനത്തില്‍ ഇന്ത്യ നിര്‍ണായക പങ്ക് വഹിച്ചിട്ടും യുനെസ്‌കോയുടെ അംഗീകാരമുള്ള ഒരൊറ്റ ജിയോ പാര്‍ക്ക് പോലും രാജ്യത്ത് ഇല്ലാത്ത സാഹചര്യത്തില്‍ ഇതൊരു സ്വാഗതാര്‍ഹമായ ചുവട് വയ്‌പാണ്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ദേശീയ ഭൗമ സ്‌മാരകങ്ങളായി കണ്ടെത്തിയിട്ടുള്ള 32 ഭൗമ പൈതൃക കേന്ദ്രങ്ങളെയും സംരക്ഷിക്കാനുള്ള ചെറിയ തന്ത്രങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതുണ്ട്. ഇന്ത്യയുടെ ഭൗമ വൈവിധ്യം രാജ്യത്തെ മറ്റ് ചില കാരണങ്ങളാലും വ്യത്യസ്‌തമാണ്. ലോകത്തെ ഏറ്റവും ഉയര്‍ന്ന കൊടുമുടികള്‍ മുതല്‍ സമുദ്രനിരപ്പിൽ നിന്ന് വളരെയധികം താഴെയുള്ള സ്ഥലങ്ങള്‍ വരെ നമ്മുടെ രാജ്യത്തുണ്ട്. വലിയ ഉള്‍നാടന്‍ ജലാശയങ്ങളും പവിഴ ദ്വീപുകളുമുണ്ട്. നിരവധിയിടങ്ങളില്‍ വൈവിധ്യമാര്‍ന്ന പാറകളും ധാതുക്കളും വിശേഷപ്പെട്ട ഫോസില്‍ അവശിഷ്‌ടങ്ങളും നമുക്ക് കാണാനാകും.

കോടിക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് രൂപം കൊണ്ട, നമ്മുടെ ഗ്രഹത്തിന്‍റെ പരിണാമ കഥകളാണ് ഇവയ്ക്ക് ഒക്കെയും നമ്മോട് പറയാനുള്ളത്. ഭൗമ പൈതൃക കേന്ദ്രങ്ങള്‍ അറിവി നേടാനുള്ള ഇടങ്ങളാണ്. പൊതുജനങ്ങള്‍ക്ക് ഭൗമസാക്ഷരത ആവശ്യമുള്ള ഇടങ്ങള്‍. ഈ പാരമ്പര്യങ്ങളെക്കുറിച്ച് ഇന്ത്യയുടെ മൊത്തം അറിവ് ആഴത്തിലുള്ളതാകുമ്പോള്‍ പ്രത്യേകിച്ചും. ഇത്തരം മേഖലകള്‍ ഭൗമശാസ്‌ത്രപരമായി പ്രാധാന്യമുള്ളവയുമാണ്. അറിഞ്ഞോ അറിയാതെയോ ഇവ നശിപ്പിച്ച് കൊണ്ടിരിക്കുന്ന ആസൂത്രണമില്ലാത്ത റിയല്‍ എസ്‌റ്റേറ്റ് വളര്‍ച്ചയ്ക്ക് നമുക്ക് നന്ദി പറയാം.

വിനാശകരമായ പാറ പൊട്ടിക്കല്‍ ഈ ദുരിതം വര്‍ദ്ധിപ്പിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണമില്ലാതെ തുടരാന്‍ അനുവദിച്ചിരുന്നെങ്കില്‍ നമ്മുടെ ഭൗമ പാരമ്പര്യം എന്നന്നേക്കുമായി ഇല്ലാതാകുമായിരുന്നു. ഭൗമശാസ്‌ത്രപരമായ സംരക്ഷണത്തിലൂടെ നമ്മുടെ ഭൗമശാസ്‌ത്ര സവിശേഷതകളുടെയും സംഭവങ്ങളുടെയും ഏറ്റവും മികച്ച ഉദാഹരണങ്ങള്‍ നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കണം. ലോകത്തെ ഏറ്റവും മികച്ച സ്വഭാവിക പരീക്ഷണശാലയുടെ പേരില്‍ നിലവിലുള്ള തലമുറയും വരും തലമുറയും പ്രകീര്‍ത്തിക്കപ്പെടണം. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഭൗമശാസ്‌ത്രപരമായ സംരക്ഷണം അതിന്‍റെ സമശീര്‍ഷയായ പുരാവസ്‌തു സംരക്ഷണം പോലെ തന്നെ അവഗണിക്കപ്പെട്ട ഒരു വിഷയമായി നിലനില്‍ക്കുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇത്തരത്തില്‍ അമൂല്യമായ പലതും നശിപ്പിക്കപ്പെട്ടതായി കാണാം. ഉദാഹരണമായി മംഗലാപുരത്തെ ഉഡുപ്പി സെന്‍റ് മേരീസ് ദ്വീപിലെ അറുനൂറ് കൊല്ലം പഴക്കമുള്ള ബസാള്‍ട്ട് ശിലകള്‍, വടക്ക് പടിഞ്ഞാറന്‍ ഗുജറാത്തിലെ കച്ച് മേഖലയിലുള്ള ദിനോസറുകളുടെ ഫോസില്‍ കേന്ദ്രങ്ങള്‍, മോസോസയിക് കാലഘട്ടത്തിലെ അതായത് രണ്ടായിരം ലക്ഷം വര്‍ഷം പഴക്കമുള്ള സമുദ്ര തടമായ തമിഴ്‌നാട്ടിലെ തൃശിനാപ്പള്ളി മേഖലയിലുള്ള അപൂര്‍വ്വ പാറക്കൂട്ടങ്ങള്‍ എന്നിവ പ്രകൃതി സ്വത്തുക്കള്‍ ആയി പ്രഖ്യാപിക്കണം. ഇവയെല്ലാം ഭൂമി എങ്ങനെ സൃഷ്‌ടിക്കപ്പെട്ടു എന്നതിനെക്കുറിച്ച് അറിവുകള്‍ പകരുന്ന കേന്ദ്രങ്ങളാണ്.

മധ്യപ്രദേശിലെ ശിവപുരിയില്‍ ധാല ഉല്‍ക്ക പതിച്ചുണ്ടായ ഗര്‍ത്തത്തെക്കുറിച്ച് നമുക്ക് എത്രപേര്‍ക്കറിയാം. പതിനഞ്ച് മുതല്‍ 25 ലക്ഷം വരെ പഴക്കമുണ്ടെന്ന് കരുതുന്ന ഗര്‍ത്തം സ്‌മാരകമായി കാത്തുസൂക്ഷിക്കുന്നു. ആദിമ മനുഷ്യരുടെ കാലഘട്ടം ആരംഭിക്കുന്നതിന് മുമ്പുണ്ടായ ഒരു ഗര്‍ത്തമാണിത്. മഹാരാഷ്‌ട്രയിലെ ബുല്‍ധാന ജില്ലയിലെ ലോണാര്‍ ഗര്‍ത്തമാണ് ഇത്തരത്തിലുള്ള മറ്റൊരു ഉദാഹരണം. അന്‍പതിനായിരം വര്‍ഷം മുമ്പുണ്ടായ ഒരു ബഹിരാകാശ ശിലപതനത്തിന്‍റെ ഫലായുണ്ടായ ഗര്‍ത്തമാണെന്നാണ് കരുതുന്നത്. ഇതിനെ ഭൗമപൈതൃക സ്‌മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് രാമസേതു അഥവ സേതുസമുദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിട്ടുള്ള ഒരു പവിഴപ്പുറ്റാണിത്. തമിഴ്‌നാട് തീരം മുതല്‍ വടക്കന്‍ ശ്രീലങ്ക വരെ ഇത് നീണ്ടുകിടക്കുന്നു. ഇതൊരു സമുദ്ര ജൈവ വൈവിധ്യ മേഖലയാണ്. ഇതിനെ തീര്‍ച്ചയായും സംരക്ഷിക്കേണ്ടതുണ്ട്. 22000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സേതുസമുദ്രം അടക്കമുള്ള ഇന്ത്യന്‍ സമുദ്രതീരം വെള്ളത്തിന് മുകളിലായിരുന്നു. ഏറ്റവും അവസാനം 1200 മുതല്‍ 700 വര്‍ഷം വരെ മുമ്പാണ് കടല്‍നിരപ്പ് താഴ്‌ന്നത്. ഇതിനെ ലിറ്റില്‍ ഐസ് ഏജ് എന്നാണ് വിളിക്കുന്നത്. പിന്നീടിങ്ങോട്ട് കടല്‍ ജലനിരപ്പില്‍ വന്‍ വര്‍ദ്ധനയുണ്ടായി. ഇതോടെ സമുദ്രത്തിനടിയില്‍ പവിഴപ്പുറ്റുകളുടെ വളര്‍ച്ച കൂടി. ഇത്തരത്തിലൊന്നാണ് രാമസേതു. ഇതും ഭൗമ പൈതൃക സ്‌മാരകമായി സംരക്ഷിക്കേണ്ടതാണ്. നമുക്ക് ഏറെ പരിചിതമായ ഇത്തരം ഭൂവിഭാഗങ്ങള്‍ രൂപപ്പെട്ടതും അവയുടെ പരിണാമ ചരിത്രവുമാണ് ഇന്ന് കാണുന്ന ഇന്ത്യയെ പരുവപ്പെടുത്തിയിരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

1991 ൽ യുണെസ്‌കോയുടെ ഭൗമ പൈതൃക കേന്ദ്ര സംരക്ഷണ ശില്‍പ്പശാലയിലാണ് ഭൂമിയിലെ ഭൗമ പൈതൃക കേന്ദ്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ആദ്യമായി പരാമര്‍ശിക്കപ്പെട്ടത്. മനുഷ്യനും ഭൂമിയും ഒരു പൊതു പാരമ്പര്യമുണ്ടെന്ന വികാരം ഫ്രാന്‍സിലെ ഡിഗ്‌നയില്‍ കൂടിയ പ്രതിനിധികളെല്ലാം പങ്കുവച്ചു. ഇതിന് പിന്നാലെ കാനഡ, സ്‌പെയിന്‍, ഓസ്ട്രേലിയ, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ജിയോ പാര്‍ക്കുകള്‍ സ്ഥാപിക്കപ്പെട്ടു. ഭൗമ പ്രാധാന്യമുള്ള ഇടങ്ങളിലാണ് ഇവ സ്ഥാപിക്കപ്പെട്ടത്. ഇവിടെ ജിയോ ടൂറിസം ആരംഭിച്ചതോടെ വരുമാനവും തൊഴിലും സൃഷ്‌ടിക്കപ്പെട്ടു. ഈ കേന്ദ്രങ്ങള്‍ ലോകപൈതൃക കേന്ദ്രങ്ങള്‍ക്കും ബയോസ്‌ഫിയര്‍ പരിപാടികള്‍ക്കും അനുപൂരകങ്ങളുമായി. ദേശീയ ജിയോ പാര്‍ക്കുകള്‍ വികസിപ്പിക്കുന്നതിനും അവയെ ആഗോള ജിയോപാര്‍ക്ക് ശൃംഖലയില്‍ ഉള്‍പ്പെടുത്തുന്നതിനും യുണെസ്‌കോ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ട്. നിലവില്‍ വിയറ്റ്നാം, തായ്‌ലന്‍ഡ് അടക്കമുള്ള 44 രാജ്യങ്ങളിലായി 169 ആഗോള ജിയോ പാര്‍ക്കുകള്‍ ഉണ്ട്. ഇന്ത്യ ഇനിയും ഇതില്‍ അംഗമായിട്ടില്ല.

ഭൗമ സംരക്ഷണത്തിനുള്ള രാജ്യാന്തര പരിപാടികള്‍ക്കപ്പുറം ഇന്ത്യയില്‍ എന്തെങ്കിലും ചലനമുണ്ടാക്കാന്‍ ഇതിനായിട്ടില്ല. എങ്കിലും മുന്‍കാലങ്ങളില്‍ പാര്‍ലമെന്‍റില്‍ ഇതേക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നിയമനിര്‍മ്മാണമില്ലാതെ ഭൗമ പൈതൃക കേന്ദ്രങ്ങള്‍ സംരക്ഷിക്കാനാകില്ല. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ നിര്‍ദ്ദിഷ്‌ട മന്ത്രാലയങ്ങളുടെ അംഗീകാരത്തിനായി കാക്കുകയാണ്. 2009ല്‍ ജിയോ ഹെറിറ്റേജ് സൈറ്റുകള്‍ക്കായി ഒരു ദേശീയ കമ്മിഷന്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളുണ്ടായിരുന്നു. ഇതിനായി രാജ്യസഭയില്‍ ഒരു ബില്‍ അവതരിപ്പിക്കുകയും ചെയ്‌തു. സ്‌റ്റാന്‍ഡിങ് കമ്മിറ്റിക്ക് അയച്ചെങ്കിലും കാരണങ്ങള്‍ വെളിപ്പെടുത്താതെ സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്നാക്കം പോകുകയും ബില്‍ തള്ളുകയുമായിരുന്നു. 2019 ല്‍ ഭൗമശാസ്‌ത്രജ്ഞരുടെ സൊസൈറ്റിയില്‍ പെട്ട ഒരു സംഘം ഭൗമശാസ്‌ത്രജ്ഞര്‍ ഒരു ദേശീയ സംരക്ഷണ നയത്തിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും പരാതി നല്‍കി. ഭൗമ പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണത്തിനായി ഒരു ദേശീയ സംവിധാനം ഉണ്ടാകണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സര്‍ക്കാര്‍ അതിനോട് ഇനിയും അനുഭാവ പൂര്‍ണമായ നിലപാട് കൈക്കൊണ്ടിട്ടില്ല.

ഭൗമ പൈതൃക കേന്ദ്രങ്ങളുടെ പദവി നിരീക്ഷിക്കുന്നത് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ്. ഇവരുടെ വെബ്സൈറ്റില്‍ 32 കേന്ദ്രങ്ങള്‍ മാത്രമാണ് സംരക്ഷണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളതായി രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂമി ഉപയോഗ ആസൂത്രണത്തിന് ഭൗമ സംരക്ഷണം വലിയ പങ്കാണ് വഹിക്കുന്നത്. ഇവയെ പിന്തുണയ്ക്കാന്‍ പുരോഗമനപരമായ നിയമനിര്‍മാണങ്ങളും അത്യാന്താപേക്ഷിതമാണ്. ഭൗമ പൈതൃകത്തെ സംരക്ഷിക്കാന്‍ ഇന്ത്യയ്ക്ക് സമഗ്രമായ ദേശീയ പദ്ധതി ഇല്ല. 1916 ല്‍ തന്നെ അമേരിക്കയില്‍ ഇത്തരത്തില്‍ അമേരിക്കന്‍ നാഷണല്‍ പാര്‍ക്ക് സര്‍വീസ് നിയമം നിര്‍മ്മിച്ചിരുന്നു. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് അപ്പുറത്തുള്ള നമ്മുടെ ഭൗമ പാരമ്പര്യ സംരക്ഷണം തത്ക്കാലം നമുക്ക് വിധിക്ക് വിട്ടുകൊടുക്കാം.

Also Read:പൈതൃക സംരക്ഷണം മുഖ്യം; രാജ്യത്തിന്‍റെ വികസനവും ഭാവിയും എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ABOUT THE AUTHOR

...view details