അമേരിക്കന്‍ മാധ്യമങ്ങളൊക്കെ കൊണ്ടു പിടിച്ച് ശ്രമിച്ചിട്ടും പ്രസിഡണ്ട് പദത്തിലേക്കുള്ള ഡൊണാള്‍ഡ് ട്രംപിന്‍റെ മുന്നേറ്റം ചെറുക്കാന്‍ ആയില്ല. അമേരിക്കയുടെ നാല്‍പ്പത്തിയേഴമത് പ്രസിഡണ്ടായി ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. എണ്ണം പറഞ്ഞ ഹോളിവുഡ് താരങ്ങളുടെയൊക്കെ പിന്തുണയോടെ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച വൈസ് പ്രസിഡണ്ട് കമലാ ഹാരിസ് അടിയറവ് പറഞ്ഞിരിക്കുകയാണ്. ടെയ്‌ലര്‍ സ്വിഫ്റ്റ്, ബിയോണ്‍സ്, ജെന്നിഫര്‍ ലോപ്പസ്, എമിനെം, ബില്ലി ഐലിഷ്, കാര്‍ഡി ബി, ഹാരിസണ്‍ ഫോര്‍ഡ്, റിച്ചാര്‍ഡ് ഗരേ, ഓഫ്ര വിന്‍ഫ്രീ...
കമലാഹാരിസിനു വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയ സെലിബ്രിറ്റികളുടെ നിര നീളുകയാണ്. രാഷ്ട്രീയക്കാരിലാകട്ടെ മുന്‍ പ്രസിഡണ്ടുമാരായ ബരാക്ക് ഒബാമ, ബില്‍ ക്ലിന്‍റണ്‍ അവരുടെ ഭാര്യമാരായ മിഷേല്‍ ഒബാമയും ഹിലാരി ക്ലിന്‍റണും സജീവമായി കമലാ ഹാരിസിനു വേണ്ടി പ്രചാരണത്തിനിറങ്ങി. മുന്‍ വൈസ് പ്രസിഡണ്ട് ഡിഗ്ചെനിയും മകള്‍ ലിസ് ചെനിയും അടക്കം നിരവധി റിപ്പബ്ലിക്കന്‍ നേതാക്കള്‍ കമലാ ഹാരിസിനു വേണ്ടി സജീവ പ്രചാരണത്തിനുണ്ടായിരുന്നു. പക്ഷേ എല്ലാം വൃഥാവിലായി.
ഇലക്‌ടറല്‍ കോളജില്‍ 224 നെതിരെ 292 വോട്ടുകള്‍ക്ക് ട്രംപ് കമലാ ഹാരിസിനെ പരാജയപ്പെടുത്തി. അരിസോണ, നവാദ, അലാസ്‌ക എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ തുടരുമ്പോഴും ട്രംപ് കേവല ഭൂരിപക്ഷത്തിലെത്തിക്കഴിഞ്ഞിരുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളിലും ട്രംപ് മുന്നേറുകയുമായിരുന്നു. 20 ഇലക്‌ടറല്‍ വോട്ടുകള്‍ കൂടി നേടി 312 എന്ന ചരിത്ര ഭൂരിപക്ഷത്തിലേക്ക് ട്രംപിന് നീങ്ങാനാവും എന്നാണ് കരുതുന്നത്. അമേരിക്ക പോലെ രാഷ്ട്രീയമായി ഇത്രയധികം വിഭജിക്കപ്പെട്ടൊരു രാജ്യത്ത് ട്രംപിന്‍റെ ഈ നേട്ടം ചെറുതല്ല.
ലോകത്തെ സമ്പന്നരായ രാഷ്‌ട്രീയക്കാരുടെ ഗണത്തില്‍പ്പെടുന്ന ട്രംപിന് ആകെ ഏഴ് ബില്യണ്‍ അമേരിക്കന്‍ ഡോളറിലേറെ ആസ്‌തിയുണ്ടെന്നാണ് കണക്ക്. ഇതില്‍ ഗോള്‍ഫ് റിസോര്‍ട്ടുകളും ലക്ഷ്വറി ഹോട്ടലുകളും ലോകമെമ്പാടുമുള്ള അപ്പാര്‍ട്ടുമെന്‍റുകളും ഒക്കെ ഉള്‍പ്പെടും. 2021 ല്‍ ഫേസ്ബുക്കും ട്വിറ്ററും വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ 'ട്രൂത്ത് സോഷ്യല്‍' എന്ന പേരില്‍ സ്വന്തമായി സാമൂഹ്യ മാധ്യമ കമ്പനിയടക്കം തുടങ്ങിയയാളാണ് ട്രംപ്. 2016 ല്‍ ആദ്യം പ്രസിഡണ്ടാകുന്നതിന് മുമ്പ് ഒരു ഭരണ പദവികളും അദ്ദേഹം വഹിച്ചിരുന്നില്ല. നേരേ പ്രസിഡണ്ട് പദത്തിലേക്കായിരുന്നു ട്രംപ് നടന്നു കയറിയത്. പ്രസിഡണ്ടായിരുന്ന കാലത്തൊക്കെ ഓരോ വര്‍ഷവും ഒരു ഡോളര്‍ ശമ്പളമാണ് അദ്ദേഹം കൈപ്പറ്റിയത്.
ട്രംപിന്‍റെ ഭരണത്തില്‍ അമേരിക്കയുടെ അതിര്‍ത്തികള്‍ ഭദ്രമായിരുന്നു. അനധികൃത കുടിയേറ്റങ്ങള്‍ ഏറ്റവും കുറഞ്ഞകാലം. പണപ്പെരുപ്പത്തോത് ഏറ്റവും കുറഞ്ഞ കാലം. ഇറക്കുമതികളെ ആശ്രയിക്കാതെ എണ്ണ പ്രകൃതി വാതക ആവശ്യം നിറവേറ്റാന്‍ അമേരിക്കയ്ക്ക് ചരിത്രത്തിലാദ്യമായി സാധിച്ചത് 2019 ഡിസംബറിസലായിരുന്നു. അമേരിക്കയെ ഊര്‍ജ്ജ സ്വയം പര്യാപ്‌തതയിലേക്ക് നയിച്ച ട്രംപിന്‍റെ കാലത്ത് പുതിയ യുദ്ധങ്ങളൊന്നും ഉണ്ടായതുമില്ല. അമേരിക്കയ്ക്ക് സുശക്തമായ സൈന്യം വേണമെന്ന അഭിപ്രായക്കാരനായിരുന്നു ട്രംപ്. അമേരിക്കന്‍ വ്യോമ സേനയ്ക്ക് പുറമേ യുഎസ് സ്പേസ് ഫോഴ്‌സ് എന്ന പുതിയ സേനാ വിഭാഗം കൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു.
അമേരിക്കയെ വീണ്ടും മഹത്തരമാക്കുമെന്ന ഉറപ്പ് നല്‍കിയാണ് ട്രംപ് വോട്ടര്‍മാരിലേക്ക് ഇറങ്ങിയത്. പഴയ ബിസിനസുകാരൻ കൂടിയായ അദ്ദേഹം അമേരിക്കയെ ഒരു വിജയകരമായ ബിസിനസ്സ് പോലെ പ്രവർത്തിപ്പിക്കാനാകും ഇനി പദ്ധതിയിടുന്നത്. കാരറ്റ് (പ്രോത്സാഹനങ്ങൾ), സ്റ്റിക്കുകൾ (താരിഫ്) എന്നിവയിലൂടെ അമേരിക്കയ്ക്ക് എല്ലായ്പ്പോഴും പ്രയോജനപ്പെടുന്ന ഡീലുകൾ ഉറപ്പാക്കാൻ വിദേശ സർക്കാരുകളുമായും കമ്പനികളുമായും ചർച്ചകൾ നടത്താൻ ട്രംപ് തയ്യാറാകുമെന്നും ഉറപ്പാണ്.
ഇതിനുള്ള സൂചനകള്‍ കഴിഞ്ഞ മാസം തന്നെ അദ്ദേഹം നല്‍കിയിരുന്നു. ചിക്കാഗോയിലെ ഇക്കണോമിക് ക്ലബിൽ സംസാരിക്കുമ്പോഴായിരുന്നു തന്‍റെ രണ്ടാം ടേമിനെ കുറിച്ച് നിര്‍ണായകമായ വെളിപ്പെടുത്തലുകളില്‍ ഒന്ന് നടത്തിയത്. ഉദാഹരണത്തിന്, ടൊയോട്ടയെപ്പോലുള്ള ഒരു വിദേശ വാഹന നിർമ്മാതാവ് യുഎസിൽ ഒരു പുതിയ ഫാക്ടറി നിർമ്മിക്കുകയാണെങ്കിൽ, അദ്ദേഹം വെറും 15% നികുതി നിരക്ക് വാഗ്‌ദാനം ചെയ്യും, ഇത് നിലവിലെ കോർപ്പറേറ്റ് നികുതി നിരക്കായ 21% ന് താഴെയാണ്. എന്നിരുന്നാലും, ഒരു വിദേശ രാജ്യം അമേരിക്കൻ ബിസിനസ്സുകളെ കുറയ്ക്കുന്നതിന് വിലകുറഞ്ഞ സാധനങ്ങൾ കൊണ്ട് യുഎസ് വിപണിയിൽ നിറയുകയാണെങ്കിൽ താരിഫ് ചുമത്തിക്കൊണ്ടായിരിക്കും അദ്ദേഹം ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക.
ഇന്ത്യയ്‌ക്ക് എന്തെല്ലാം പ്രതീക്ഷിക്കാം:അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം എങ്ങനെ ഇന്ത്യയെ സ്വാധീനിക്കുമെന്ന കാര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള വ്യക്തിബന്ധം. ഒരു ബിസിനസുകാരനെന്ന നിലയിൽ വ്യക്തിബന്ധങ്ങള്‍ക്ക് ഉയര്‍ന്ന മൂല്യം നല്‍കാൻ ശ്രമിക്കുന്നയാളാണ് ട്രംപ്.
2019 സെപ്തംബറിൽ ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി റാലിയിൽ ട്രംപ് പങ്കെടുത്തത് ചരിത്ര സംഭവമായിരുന്നു. ഒരു കമ്മ്യൂണിറ്റി റാലിയില്‍ ഒരു അമേരിക്കൻ പ്രസിഡന്‍റ് ആദ്യമായിട്ടായിരുന്നു അന്ന് പങ്കെടുത്തത്. കൊവിഡ് മഹാമാരി ലോകത്തെ പിടികൂടുന്നതിന് മുന്‍പ് ഇന്ത്യയിലേക്ക് എത്തിയ ട്രംപ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച 'നമസ്‌തേ ട്രംപ്' റാലിയുടെ ഭാഗമായിരുന്നു. വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കാൻ ഈ രണ്ട് റാലികള്‍ക്കും സാധിച്ചു. ഇതിലൂടെ ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ദൃഢമാകുകയാണ് ചെയ്‌തതെന്ന് പറയാം.
ഇനി ഭാവികാലത്തേക്ക് വരാം, സമാധാനപരമായ ആണവോർജത്തിനായുള്ള സാങ്കേതിക വിദ്യയുടെ കൈമാറ്റം പോലുള്ള ചില ഇളവുകൾ ട്രംപില്‍ നിന്നും ഉറപ്പാക്കാൻ ഒരുപക്ഷേ മോദിക്ക് കഴിഞ്ഞേക്കാം. എന്നാല്‍, ഇക്കാര്യങ്ങള്‍ അമേരിക്കയുടെ താത്‌പര്യങ്ങള്‍ക്ക് എതിരാകുമെന്ന് ട്രംപ് വിശ്വസിച്ചാൽ ഇന്ത്യയെ ശിക്ഷിക്കാൻ അദ്ദേഹം മടിക്കില്ലെന്ന കാര്യം കൂടിയോര്‍ത്ത് ജാഗ്രതയോടെ ഇന്ത്യ പ്രവര്‍ത്തിക്കുന്നതായിരിക്കും ഉചിതം.
ഇന്ത്യൻ കയറ്റുമതിക്ക് തീരുവ ചുമത്താം:'നാം നിർമ്മിക്കുന്ന സാധനങ്ങൾക്ക് താരിഫ് ഏർപ്പെടുത്തണം, നിർമ്മിക്കാത്ത സാധനങ്ങൾക്ക് താരിഫ് ഏർപ്പെടുത്തരുത്' എന്ന് ട്രംപിൻ്റെ സാമ്പത്തിക പരിവർത്തന ടീമിൻ്റെ തലവനായ ഹോവാർഡ് ലുട്‌നിക്ക് തന്നെ മുന്‍പ് അഭിപ്രായപ്പെട്ടിട്ടുണ്ട്.
2022-2023ൽ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഏകദേശം 80 ബില്യൺ ഡോളറായിരുന്നു. ഏകദേശം 12 ബില്യൺ ഡോളർ വരുന്ന ഫാർമസ്യൂട്ടിക്കൽ മേഖല താരിഫുകൾ നേരിടാൻ സാധ്യതയില്ല. കാരണം, അവിടെ ഹെല്‍ത്ത് കെയര്‍ ചെലവുകള്‍ ഇതിനകം തന്നെ ഉയര്‍ന്നവയാണ്. അങ്ങനെ ചെയ്യുന്നത് അമേരിക്കൻ ഉപഭോക്താക്കളിൽ നിന്ന് തിരിച്ചടിക്ക് കാരണമാകും. അമേരിക്കയാണ് എപ്പോഴും ഒന്നാമത് എന്ന ട്രംപിന്‍റെ കാഴ്‌ചപ്പാട് ഇവിടെ നാം ഓര്‍ത്തിരിക്കേണ്ട ഒന്നാണ്.