ആയുഷ്‌മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ (AB-PMJAY) ആറാം വാർഷികം നമുക്ക് അഭിമാനത്തിന്‍റെ നിമിഷമാണ്. 2018 സെപ്റ്റംബറിൽ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനാത്മകമായ നേതൃത്വത്തിൽ ആരംഭിച്ച AB-PMJAY ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ സംരംഭങ്ങളിലൊന്നായി വളർന്നിരിക്കുകയാണ്. എല്ലാ പൗരന്മാർക്കും, വിശേഷിച്ചും സമൂഹത്തില്‍ ദുർബലരായവര്‍ക്ക് തുല്യമായ ആരോഗ്യ പരിരക്ഷ ലഭ്യമാക്കാനുള്ള ഈ സർക്കാരിന്‍റെ പ്രതിബദ്ധതയാണ് പ്രസ്‌തുത പദ്ധതി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞ ആറ് വർഷമായി, ഈ അഭിലാഷ പദ്ധതി ദശലക്ഷക്കണക്കിന് ജീവിതങ്ങളെ സ്‌പർശിച്ചു. അവര്‍ക്ക് പ്രത്യാശയും രോഗശാന്തിയും പലപ്പോഴും ജീവന്‍ രക്ഷയും നല്‍കി. ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി ഒരു രാഷ്‌ട്രം ഒന്നിക്കുമ്പോൾ എന്ത് നേടാനാകും എന്നതിന്‍റെ തെളിവാണ് AB-PMJAY യുടെ യാത്ര.
ഹെൽത്ത് കെയർ ആക്‌സസിന്‍റെ രൂപാന്തരം
ആയുഷ്‌മാൻ ഭാരതിന്‍റെ കാതലായ ദൗത്യം ലളിതവും എന്നാൽ ആഴമേറിയതുമാണ്. ഒരു ഇന്ത്യക്കാരനും അവരുടെ സാമ്പത്തിക സ്ഥിതി കാരണം ആരോഗ്യ പരിരക്ഷ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ആ ലക്ഷ്യം. ദ്വിതീയ, തൃതീയ ആശുപത്രി പരിചരണത്തിനായി ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ വാർഷിക കവറേജുള്ള AB-PMJAY, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് രാജ്യത്തെ ഏറ്റവും മികച്ച ചില ആശുപത്രികളിൽ ഗുണനിലവാരമുള്ള വൈദ്യസഹായം സൗജന്യമായി ലഭ്യമാക്കുന്നു.
70 വയസും അതിന് മുകളിലും പ്രായമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ തന്നെ AB PM-JAY യുടെ ആനുകൂല്യങ്ങൾ വിപുലീകരിക്കാനുള്ള ഇന്ത്യ ഗവൺമെന്‍റിന്‍റെ സമീപകാല തീരുമാനം, രാജ്യത്ത് മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യ കണക്കിലെടുക്കുന്ന ഒരു സൂക്ഷ്‌മ നടപടിയാണ്. നേരത്തെ, ഞങ്ങളുടെ കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർ-അംഗീകൃത സോഷ്യൽ ഹെൽത്ത് ആക്‌ടിവിസ്റ്റുകൾ (ആശ), അങ്കണവാടി വർക്കർമാർ, അങ്കണവാടി ഹെൽപ്പർമാർ എന്നിവരുടെ കുടുംബങ്ങളെ പദ്ധതിക്ക് കീഴില്‍ കൊണ്ടുവന്നിരുന്നു. ഇന്നത്തെ കണക്കനുസരിച്ച്, 55 കോടിയിലധികം ആളുകൾ ഈ പദ്ധതിക്ക് കീഴിൽ ആരോഗ്യ സേവനങ്ങൾക്ക് അർഹരാണ്. കൂടാതെ ഒരു ലക്ഷം കോടി രൂപയുടെ 7.5 കോടിയിലധികം ചികിത്സകളും പദ്ധതി വഴി നടപ്പിലാക്കി.
ആരോഗ്യ ചെലവുകൾ മൂലം ദാരിദ്ര്യത്തിലേക്ക് വീഴുന്ന കുടുംബങ്ങൾക്ക് ഇപ്പോൾ അത്തരം പ്രതിസന്ധികളിൽ നിന്ന് അവരെ സംരക്ഷിക്കുന്ന ഒരു സാമ്പത്തിക കവചമുണ്ട്. ആരോഗ്യച്ചെലവുകൾ കൊണ്ട് ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് ഈ പദ്ധതി ഒരു ജീവനാഡിയാണ്. കർഷകർ മുതൽ ദിവസ വേതന തൊഴിലാളികൾ വരെ ധാരാളം പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. പദ്ധതി അവരെ സാമ്പത്തിക തകർച്ചയിൽ നിന്ന് എങ്ങനെ രക്ഷിച്ചുവെന്ന് അവര്‍ വിവരിക്കും. ഈ അർഥത്തിൽ ആയുഷ്‌മാൻ ഭാരത് അതിന്‍റെ വാഗ്‌ദാനങ്ങൾ നിറവേറ്റിയിരിക്കുകായണ്.
ഹാർട്ട് ബൈപാസ്, ജോയിന്‍റ് റീപ്ലേസ്‌മെന്‍റ് തുടങ്ങിയ സങ്കീർണ്ണമായ ശസ്‌ത്രക്രിയകൾ മുതൽ ക്യാൻസർ, വൃക്കരോഗങ്ങൾ തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സകൾ ഉള്‍പ്പടെ 1900-ല്‍ അധികം മെഡിക്കൽ നടപടിക്രമങ്ങൾ ഉൾക്കൊള്ളുന്ന ഈ പദ്ധതിയുടെ വ്യാപ്‌തി വളരെ സമഗ്രമാണ്. മുമ്പ് പലരും അപ്രാപ്യമെന്ന് ചിന്തിച്ചിരുന്ന ചികിത്സകളാണിവ. എന്നാൽ AB-PMJAY അവ ആക്‌സസ് ചെയ്യാവുന്നതും താങ്ങാവുന്നതും എല്ലാവർക്കും ലഭ്യമാകുന്നതുമാക്കി.
മികച്ച ആരോഗ്യ പരിപാലന ശൃഖല
AB-PMJAY യുടെ മുഖമുദ്രകളിലൊന്ന് ആരോഗ്യ സംരക്ഷണ ദാതാക്കളുടെ ശക്തമായ ഒരു ശൃംഖല സൃഷ്‌ടിക്കാന്‍ കഴിഞ്ഞു എന്നതാണ്. ഇന്ന്, 13,000 സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള 29,000-ല്‍ അധികം ആശുപത്രികൾ ഈ പദ്ധതിക്ക് കീഴിൽ എംപാനൽ ചെയ്‌തിട്ടുണ്ട്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ ഈ ശൃംഖല വ്യാപിച്ചുകിടക്കുകയാണ്.
രാജ്യത്തിന്‍റെ ഏറ്റവും വിദൂര ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് പോലും ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയുമെന്ന് പദ്ധതി ഉറപ്പാക്കുന്നു. പദ്ധതിയുടെ സവിശേഷമായ പോർട്ടബിലിറ്റി, ഗുണഭോക്താക്കൾക്ക് സ്വന്തം സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഏത് നിര്‍ദിഷ്‌ട ആശുപത്രികളിൽ നിന്നും ചികിത്സ ഉറപ്പാക്കുന്നു.
ക്ലെയിം സെറ്റിൽമെന്‍റുകളിൽ സുതാര്യതയും കാര്യക്ഷമതയും വേഗതയും ഉറപ്പാക്കുന്ന ശക്തമായ ഐടി ഇൻഫ്രാസ്ട്രക്‌ചർ ഈ വിശാലമായ നെറ്റ്‌വർക്കിനെ പിന്തുണയ്ക്കുന്നുണ്ട്. ഇത്തരം വലിയ തോതിലുള്ള പൊതുജനക്ഷേമ പദ്ധതികളിൽ പലപ്പോഴും വെല്ലുവിളികളാകുന്ന വഞ്ചന, കാര്യക്ഷമതയില്ലായ്‌മ പോലുള്ള പ്രവണതകള്‍ ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് വെരിഫിക്കേഷനും പേപ്പർലെസ് ക്ലെയിം പ്രോസസിങ്ങും വഴി ഗണ്യമായി കുറച്ചിട്ടുണ്ട്.