ഭാരതത്തിന്‍റെമഹത്തായ ഭരണ ഘടന അതിന്‍റെ എഴുപത്തിയഞ്ചാം വര്‍ഷം ആഘോഷിക്കുകയാണ് രാജ്യം. 1947 ല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതിനും നൂറു വര്‍ഷം മുമ്പ് തൊട്ട് വൈദേശിക ഭരണത്തിനെതിരെ പോരാടിയ ദശലക്ഷക്കണക്കിന് ദേശ സ്നേഹികളുടെ പരമമായ ത്യാഗത്തിന്‍റെ ഫലമായി രൂപം കൊണ്ടതാണ് നമ്മുടെ ഭരണ ഘടന. ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന അഹിംസാത്മകമായ ദേശീയ പ്രസ്ഥാനത്തിലെ മുന്നേറ്റമാണ് രാജ്യം സ്വതന്ത്രമാകുന്നതിലേക്ക് നയിച്ചത്. പതിറ്റാണ്ടുകള്‍ക്കിപ്പുറം നിന്നു നോക്കുമ്പോള്‍ നമുക്ക് ഗാന്ധിജിയെ വിമര്‍ശിക്കുക എളുപ്പമാണ്.
പക്ഷേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ അക്ഷരാര്‍ത്ഥത്തില്‍ ഒരു ബഹുജന മുന്നേറ്റമാക്കി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നതാണ് ഏറ്റവും വലിയ നേട്ടം. 1885 മുതല്‍ 1919 വരെയുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ചരിത്രം പരിശോധിക്കുന്നവര്‍ക്ക് അന്നേവരെ കോണ്‍ഗ്രസിന് അത്തരമൊരു ബഹുജന പിന്തുണ ആര്‍ജിക്കാനായിരുന്നില്ലെന്ന് മനസ്സിലാക്കാനാവും. ഇന്നു വരേയുള്ള രാജ്യത്തിന്‍റെ ചരിത്രത്തില്‍ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിലേതു പോലെ ജനങ്ങള്‍ ഒന്നാകെ അണിനിരന്ന മറ്റൊരു സാഹചര്യം ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ബഹുജന മുന്നേറ്റത്തെ തുടര്‍ന്ന് രാജ്യം സ്വാതന്ത്ര്യം നേടിയപ്പോള്‍ നമ്മുടെ ദേശീയ നേതാക്കള്‍ ഒരുമിച്ചിരുന്ന് ആലോചിച്ചത് ഭരണഘടനയുടെ കരട് തയ്യാറാക്കുന്നതിനെക്കുറിച്ചായിരുന്നു.
ചൂഷണത്തില്‍ നിന്നും അധിനിവേശത്തില്‍ നിന്നും ഭാരതീയര്‍ക്ക മോചനം നേടിക്കൊടുക്കുമെന്ന ദേശീയ പ്രസ്ഥാനത്തിന്‍റെ ലക്ഷ്യവും വാഗ്ദാനവും സാര്‍ത്ഥകമാക്കുന്ന തരത്തില്‍ അഭിലാഷങ്ങളും ആശകളും പൂര്‍ത്തീകരിക്കുന്നതും തിരസ്കൃതരായ ബഹുഭൂരിപക്ഷത്തെക്കൂടി ഉള്‍ക്കൊളളുന്നതും അവരുടെയാകെ ഉന്നമനത്തിന് വഴിതുറക്കുന്നതുമായ ഭരണഘടനയായിരുന്നു അവരുടെ മനസ്സില്‍.ചുരുക്കത്തില്‍ ഇന്ത്യ പോലൊരു വൈവിധ്യങ്ങളുടെ കലവറയായ വിശാല രാജ്യത്ത് , മൂന്നു നേരം ഭക്ഷണത്തിന് പോലും വകയില്ലാത്തവര്‍ ഏറെയുള്ള ,പറയത്തക്ക വിദ്യാഭ്യാസമില്ലാത്തവര്‍ ബഹുഭൂരിപക്ഷമുള്ള സമൂഹത്തില്‍, മുമ്പൊന്നുമില്ലാത്ത തരത്തിലുള്ള ഒരു സാമൂഹ്യ സാമ്പത്തിക മാറ്റത്തിന് തുടക്കമിടുകയായിരുന്നു അവര്‍.ഭരണഘടന രൂപപ്പെടുത്താനുള്ള ചുമതല നമ്മുടെ കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലിക്കായിരുന്നു. 1946 ഡിസംബര്‍ മുതല്‍ 1949 ഡിസംബര്‍ വരെയുള്ള 3 വര്‍ഷം കൊണ്ട് അവര്‍ ഭരണഘടന തയാറാക്കി.
1950 ജനുവരി 26 ന് നാം ഔദ്യോഗികമായി റിപ്പബ്ലിക്കാവുകയും ചെയ്തു. വിഭജനവും കലാപങ്ങളും സാമ്പത്തിക ഞെരുക്കവും താഴ്ന്ന വിദ്യാഭ്യാസ അവസരങ്ങളും മൂന്നു യുദ്ധങ്ങളും ഒക്കെ കാരണം വിഘടിച്ച് നിന്ന ഭിന്ന സമൂഹങ്ങളെ ഒരു രാജ്യമെന്ന നിലയില്‍ ഒരുമിപ്പിച്ച് നിര്‍ത്താന്‍ നമ്മുടെ ഭരണഘടനയ്ക്കായി. അത്തരമൊരു ഐക്യം 1947 നു മുമ്പ് ഉണ്ടായിരുന്നില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇന്ത്യയുടെ ഭൂഭാഗത്തിന്‍റെ 40 ശതമാനവും രാജഭരണത്തിന്‍ കീഴിലുള്ള 565 രാജ്യങ്ങളായിരുന്നു. ഇന്തയയിലെ ജനസംഖ്യയില്‍ 23 ശതമാനവും ഈ നാട്ടു രാജ്യങ്ങളിലായിരുന്നു. പോര്‍ട്ടുഗലിന്‍റേയും ഫ്രാന്‍സിന്‍റേയും അധീനതയിലുള്ള കോളനികള്‍ വേറേയും. ഇവയൊക്കെ ഒന്നൊന്നായി സ്വതന്ത്ര ഇന്ത്യയോട് ലയിച്ചു.
നമ്മുടെ ഭരണഘടന ഏറെ പഴഞ്ചനാണെന്നും രാജ്യത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പര്യാപ്തമല്ലെന്നുമുള്ള വിമര്‍ശനം ഉന്നയിക്കുന്നത് സമീപ കാലത്ത് ഫാഷനായിത്തീര്‍ന്നിട്ടുണ്ട്. ഏറെ കാലപ്പഴക്കം വന്നതു കൊണ്ട് ഭരണഘടന മാറ്റിയെഴുതണമെന്ന് വരെ ചിലര്‍ ആവശ്യപ്പെടുന്നു. ഈ വാദ്യ ബാലിശമാണെന്ന് ലോക സാഹചര്യം പരിശോധിച്ചാല്‍ വ്യക്തമാകും. അമേരിക്ക പോലുള്ള രാജ്യങ്ങളിലെ ഭരണ ഘടന ഇരുനൂറിലേറെ വര്‍ഷം പഴക്കമുള്ള താണ്.
യൂറോപ്യന്‍ രാജ്യങ്ങളിലും ജപ്പാനിലുമൊക്കെ ഇന്ത്യയേക്കാള്‍ പഴക്കമുള്ള ഭരണഘടനകളാണുള്ളത്. ഇത്തരം വിമര്‍ശനം ഉന്നയിക്കുന്നവര്‍ കാണാതെ പോകുന്ന ഒരു വസ്തുതയുണ്ട്. 1940 കളിലും 1970 കളിലും കോളനി ഭരണത്തില്‍ നിന്ന മുക്തമായ രാജ്യങ്ങളില്‍ അടിയന്തരാവസ്ഥയുടെ ഹ്രസ്വമായൊരു കാലമൊഴിച്ചാല്‍ ജനാധിപത്യ രീതിയില്‍ തുടരുന്ന രാജ്യം നമ്മുടെ ഭാരതമാണ്. നമ്മുടെ തൊട്ടടുത്തുള്ള രാജ്യങ്ങളിലടക്കം ദശകങ്ങളോളം നീണ്ട ഏകാധിപത്യഭരണം നമ്മള്‍കണ്ടതാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ സന്ധിയില്ലാതെ പോരടിച്ച ദേശീയ പ്രസ്ഥാനത്തിന്‍റേയും സ്വാതന്ത്ര്യത്തിനു ശേഷം ഭരണ ഘടന മുന്നോട്ടു വെച്ച മീല്യങ്ങളുടേയും ആശയങ്ങളുടേയും ഫലമാണ് നമുക്ക് ആസ്വദിക്കാന്‍ കഴിയുന്ന ജനാധിപത്യമെന്നതില്‍ നമുക്കൊക്കെ അഭിമാനിക്കാം.
ഭാരതത്തിനൊരു ഭരണഘടന തയ്യാറാക്കല്‍ ഊാരിച്ചൊരു ദൗത്യം തന്നെയായിരുന്നു. ആകെ 389 അംഗങ്ങളടങ്ങിയ കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ലിയില്‍ 292 പേര്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നുള്ളവരും 93 പേര്‍ നാട്ടു രാജ്യങ്ങളില്‍ നിന്നുള്ളവരും ആയിരുന്നു. നാലു പേര്‍ ഡല്‍ഹി, അജ്മീര്‍, കൂര്‍ഗ്, ബ്രിട്ടീഷ് ബലൂചിസ്ഥാന്‍ പ്രവിശ്യകളില്‍ നിന്നുള്ള വരും ആയിരുന്നു. വിഭജനത്തിനു ശേഷം അംഗ സംഖ്യ 299 ആയി ചുരുങ്ങി.
ഭരണഘടനയുടെ കരട് തയ്യാറാക്കുന്നതിന് രണ്ടു വര്‍ഷവും 11 മാസവും 18 ദിവസവുമെടുത്ത് മൊത്തം 165 ദിവസങ്ങളിലായി 11 തവണ സമ്മേളനങ്ങളിലായി കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ലി സമ്മേളിച്ചു. അങ്ങേയറ്റം ദുഷ്കരമായിരുന്ന ഭരണഘടനാ നിര്‍മ്മാണത്തില്‍ ഡോ. ബി ആര്‍ അംബേദ്കര്‍ വഹിച്ച നേതൃപരമായ പങ്ക് വിസ്മരിക്കാനാവില്ല. ഭരണ ഘടനയുടെ കരട് നിര്‍മ്മിക്കാന്‍ നിയുക്തമായ സമിതിക്ക് 22 ഉപ സമിതികളുണ്ടായിരുന്നു. അതില്‍ എട്ടെണ്ണം മൗലികാവകാശങ്ങള്‍, പ്രവിശ്യാ ഭരണകൂടങ്ങള്‍, ധനകാര്യം, നിയമ വാഴ്ച എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നു. ഈ സമിതികളുടെ നിര്‍ദേശങ്ങള്‍ ഡ്രാഫ്റ്റിങ്ങ് കമ്മിറ്റി വിശദമായി പരിശോധിച്ച ശേഷം അസംബ്ലിയില്‍ അവതരിപ്പിച്ച ചര്‍ച്ച ചെയ്ത് പാസാക്കുകയായിരുന്നു. കരട് തയ്യാറാക്കുമ്പോള്‍ സമിതി പുലര്‍ത്തിയ സൂക്ഷ്മതയും ജാഗ്രതയും പറഞ്ഞറിയിക്കാനാവാത്തതാണ്.
ഭാവി തലമുറകള്‍ ഭരണ ഘടന വായിക്കുമ്പോള്‍ അവര്‍ക്ക് ഉണ്ടാകാനിടയുള്ള ഭാഷാ പരവും വ്യാകരണ പരവുമായ പ്രശ്നങ്ങള്‍ വരെ ഡ്രാഫ്റ്റിങ്ങ് ഘട്ടത്തില്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. പരസ്പര വിരുദ്ധമെന്ന തോന്നിക്കാവുന്ന ആശയങ്ങളും ലക്ഷ്യങ്ങളും ഉള്‍ച്ചേര്‍ക്കുമ്പോള്‍ ഉടലെടുക്കാവുന്ന പരസ്പര സംഘര്‍ഷങ്ങള്‍ ഒഴിവാക്കി എല്ലാ ആശയങ്ങളും വിളക്കിച്ചേര്‍ക്കുന്നതില്‍ മികച്ച കൈയടക്കമാണ് സമിതി കാണിച്ചത്. നിയമ വാഴ്ച, ഫെഡറലിസം, അധികാരങ്ങളുടെ കൃത്യമായ വേര്‍തിരിവ്,യുക്തിസഹമായ നിയന്ത്രണങ്ങളോടു കൂടിയ വ്യക്തി സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും , പ്രവിശ്യകള്‍ക്കിടയില്‍ നികുതി വരുമാനം പങ്കു വെക്കല്‍, പാര്‍ശ്വ വല്‍കൃത സമൂഹങ്ങളുടെ വികസനം എന്നിവയ്ക്കൊക്കെ മുന്‍ഗണന നല്‍കിയിരുന്നു. കരട് രേഖ അന്തിമമാക്കുന്നതിനിടെ പല തവണ തിരുത്തലുകളും ഭേദഗതികളുമുണ്ടായി എന്നതും യഥാര്‍ത്ഥ കരട് രേഖയ്ക്ക് 2475 ഭേദഗതികളഉണ്ടായി എന്നതും ശ്രദ്ധേയമാണ്.