രണ്ട് തരത്തിലാണ് മലയാളികൾ പുട്ടുണ്ടാക്കുക. പുട്ട് കുടത്തിൽ വെള്ളം നിറച്ച് മുകളിൽ പുട്ടുകുറ്റിവെച്ച് പുട്ടുണ്ടാക്കുന്ന പരമ്പരാഗത രീതിയാണ് ആദ്യത്തേത്. പ്രഷർ കുക്കറിന് മുകളിൽ സ്‌റ്റീൽ ചിരട്ടവെച്ച് ആവികയറ്റിയെടുക്കുന്ന ആധൂനിക രീതിയാണ് രണ്ടാമത്തേത്. ഇന്ന് സമയക്കുറവുമൂലം പലരും രണ്ടാമത്തെ രീതിയാണ് അവലംബിക്കുന്നത്. എന്നാൽ ഇത്തരത്തിൽ കുക്കറിൽ പുട്ടുണ്ടാക്കുന്ന രീതി അപകടം വിളിച്ചുവരുത്താന്‍ സാധ്യതയുണ്ട് എന്ന് വ്യക്‌തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ ദിവസം പൂർണിമ വാട്‌സൺ എന്ന യുവതി തന്‍റെ ഇൻസ്‌റ്റാഗ്രാമിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോയാണിത്. പുട്ട് ഉണ്ടാക്കാൻ കുക്കറിൽ പുട്ടുകുറ്റി വച്ച് നിമിഷനേരം കൊണ്ട് തന്‍റെ കുക്കറും ഗ്യാസ് സ്‌റ്റൗവും പൊട്ടിത്തെറിച്ച കാര്യമാണ് പൂർണിമ റീലിൽ പറയുന്നത്. ബോംബ് പൊട്ടുന്നപോലെയുള്ള വലിയ ശബ്‌ദത്തോടെ ഉണ്ടായ അപകടത്തിനുശേഷം തകർന്ന തന്‍റെ അടുക്കളയിലെ സ്‌റ്റൗ അടക്കമുള്ള ഉപകരണങ്ങൾ അവർ വീഡിയോയിൽ കാട്ടുന്നുണ്ട്. പൊട്ടിത്തെറിയിൽ ഗ്യാസ് സ്‌റ്റൗവിന്‍റെ ഗ്ലാസ് ടോപ്പടക്കം തകർന്നതായി കാണാം.
കുക്കര്‍ പൊട്ടിത്തെറിച്ച് കുക്കറും, പുട്ടും ചില്ലും എല്ലാം ആകാശത്തേക്ക് പറന്നുപോയ ഒരു സംഭവത്തെക്കുറിച്ചാണ് വീഡിയോയിൽ പൂർണിമ പറയുന്നത്. വളരെ ലാഘവത്തോടെയാണ് സംഭവത്തെ കുറിച്ച് പറയുന്നതെങ്കിലും അത് എത്രത്തോളം അപകടമാണെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. പൂർണിമ പങ്കുവെച്ച ആ വീഡിയോ 1.7 മില്യൺ ആളുകളാണ് ഇതുവരെ കണ്ടത്.
'ഇത് കണ്ടിട്ട് നിങ്ങൾക്ക് എന്താണ് തോന്നുന്നതെന്ന് എനിക്കറിയില്ല. ഇന്ന് നടന്ന ഒരു സംഭവമാണ് പറയുന്നത്. കുക്കറും പുട്ടും ചില്ലുമെല്ലാം ഇങ്ങനെ ആകാശത്തേക്ക് പറന്ന ഒരു സംഭവമായിരുന്നു. കുക്കറ് പൊട്ടിത്തെറിച്ചതാണ്. കുക്കറിൽ വെള്ളം തിളപ്പിച്ച് സാധാരണ പുട്ട് ഉണ്ടാക്കുന്ന പോലെ പുട്ട് ഉണ്ടാക്കുകയായിരുന്നു ചെയ്‌തത്. പ്രഷർ താങ്ങാൻ കഴിയാത്തതു കൊണ്ടാകാം, ഇത് എങ്ങനെ സംഭവിച്ചു എന്നെനിക്ക് അറിയില്ല' - സംഭവത്തെ കുറിച്ച് പൂർണിമ പറയുന്നു.
സാധാരണ എപ്പോഴും ചെയ്യുന്ന പോലെ കുക്കറില്‍ വെളളം ഒഴിച്ച് വെളളം തിളച്ചുവന്നപ്പോള്‍ പാത്രത്തില്‍ പുട്ടുപൊടിയിട്ട് കുക്കറിന് മുകളില്‍ വയ്ക്കുകയാണ് ചെയ്‌തത്. പക്ഷേ ഒന്ന് തിരിഞ്ഞപ്പോഴേക്കും കുക്കര്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നുവെന്ന് പൂര്‍ണിമ പറഞ്ഞു.
അതേസമയം പൂർണിമ ഇൻസ്‌റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ നിരവധി കമന്‍റുകളാണ് വന്നിട്ടുള്ളത്. 'കുക്കർ ഉപയോഗിച്ച് പുട്ട് ഉണ്ടാകുമ്പോൾ വെള്ളം കുറച്ച് മാത്രം വയ്ക്കുക. പുട്ട് പൊടി കൂടുതൽ വെറ്റ് ആയൽ കട്ടികൂടും ആവി പുറത്തേക്ക് പോകാതെ ആവും അങ്ങനെ വരുമ്പോൾ കുക്കർ പൊട്ടിത്തെറിക്കും'എന്നതാണ് ഒരു കമ്ന്‍റ്. 'കുക്കറിന്‍റെ വിസിൽ വരുന്ന ഭാഗവും എയർ വരുന്ന ഭാഗവും നന്നായി ക്ലീൻ ചെയ്യണം ഒന്നും തടഞ്ഞ് ഇരിപ്പില്ല എന്ന് ഉറപ്പ് വരുത്തണം എയർ പ്രഷർ വെളിയിലേക്ക് പോകുന്നില്ല എന്നുണ്ടെങ്കിൽ ഇങ്ങനെ സംഭവിക്കും'എന്നാണ് മറ്റൊരു കമന്‍റ്.
'പെങ്ങളെ, അങ്ങനെ പുട്ട് ഉണ്ടാക്കുന്നത് കൊണ്ട് കുഴപ്പം ഒന്നും ഇല്ലാ. പക്ഷേ അങ്ങനെ പുട്ട് ഉണ്ടാക്കുന്നതിന് മുന്നേ പുട്ടുകുറ്റിയും നന്നായി ചെക്ക് ചെയ്‌തിട്ട് വേണം ഫിക്‌സ് ചെയ്യാൻ വേണ്ടി. പ്രഷർ കുക്കറിൽ പ്രഷർ റിലീസ് ചെയ്യുന്ന നോബ് കറക്റ്റ് ആയി വർക്ക് ചെയ്യുന്നുണ്ടെന്ന് മുൻകൂട്ടി വിലയിരുത്താൻ ശ്രദ്ധിക്കണം. എന്തെങ്കിലും കരട് ആ നോബിൽ കുടുങ്ങി കിടക്കുന്നുണ്ടെങ്കിൽ പ്രഷർ കുക്കർ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. സോ ബി കെയർഫുൾ'. ഇത്തരത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാത്തത് കൊണ്ടാകാം കുക്കർ പൊട്ടിത്തെറിച്ചത് എന്ന തരത്തിൽ നിരവധി കമന്‍റുകളാണ് വീഡിയോയ്‌ക്ക് ലഭിച്ചിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രഷർ കുക്കർ ഇല്ലാത്ത ഒരു അടുക്കളയെ കുറിച്ച് നമുക്ക് ചിന്തിക്കാനാകില്ല. അടുക്കളയിൽ കുക്കർ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾ നിരവധിയാണ്. എന്നാൽ ശ്രദ്ധിച്ച് കൈകാര്യം ചെയ്‌താൽ നമുക്ക പല അപകടങ്ങളും ഒഴിവാക്കാൻ സാധിക്കും.
- പാചകത്തിന് മുമ്പ് കുക്കർ പരിശോധിക്കണം:പാചകത്തിന് മുമ്പ് കുക്കർ നന്നായി പരിശോധിക്കണം. കുക്കർ അടയ്ക്കുന്നതിന് മുമ്പ് മൂടിയിലുള്ള റബ്ബർ ഗാസ്‌കറ്റിൽ വിള്ളൽ വീണിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. ഉപയോഗത്തിനനുസരിച്ച് ചില ഗാസ്‌ക്കറ്റുകൾ വർഷം തോറും മാറ്റണമെന്ന് കമ്പനികൾ തന്നെ ആവശ്യപ്പെടാറുണ്ട്. സേഫ്റ്റി വാൽവിന് തകരാർ ഉണ്ടെങ്കിൽ പിന്നീട് അത് ഉപയോഗിക്കരുത്. കൃത്യമായ ഇടവേളകളിൽ കുക്കറിന്‍റെ സേഫ്റ്റി വാൽവുകൾ മാറ്റുന്നതാണ് സുരക്ഷിതം. ഏതു കമ്പനിയുടെ കുക്കറാണോ അതേ കമ്പനിയുടെ തന്നെ സേഫ്റ്റി വാൽവുകൾ ഉപയോഗിക്കണം.
- കുക്കർ വൃത്തിയായി കഴുകുക:കുക്കർ വൃത്തിയായി കഴുകി ഉപയോഗിക്കണം. മൂടിയിലുള്ള ഗാസ്‌കറ്റുകൾ നീക്കി പ്രത്യേകം കഴുകണം. ഇവ കഴുകിയുണക്കിയതിന് ശേഷം മാത്രമേ മൂടിയിലേക്ക് തിരികെയിടാവൂ. വാൽവ് വുഡൺ ടൂത്ത് പിക്കോ മറ്റോ ഉപയോഗിച്ച് വൃത്തിയാക്കണം. ഉപയോഗം കഴിയുമ്പോൾ വാഷറും വെയ്റ്റും എല്ലാം വൃത്തിയാക്കാൻ ശ്രമിക്കണം. ഐഎസ്ഐ മുദ്രയുള്ള കുക്കറുകൾ ഉപയോഗിക്കാനും ശ്രദ്ധിക്കണം.
- കുക്കറിന് അമിതഭാരം ഉണ്ടാകാൻ പാടില്ല:കുക്കറിൽ അമിതമായി സാധനങ്ങൾ വേവിക്കാനിടുന്നത് പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂട്ടും. വേവുന്നതിനനുസരിച്ച് വികസിക്കുന്ന പയറുവർഗങ്ങൾ കുക്കറിന്‍റെ പകുതി വരെ മാത്രമേ ഇടാൻ പാടുള്ളു. മാത്രമല്ല വേവുന്നതിന് ആവശ്യമായ വെള്ളം കുക്കറിലുണ്ടെന്നും ഉറപ്പാക്കണം.
Also Read:ഗ്യാസ് സിലിണ്ടർ ചോർന്ന് പൊട്ടിത്തെറിയുണ്ടായ സംഭവം; ചികിത്സയില്‍ കഴിഞ്ഞ ഒരാൾ കൂടി മരിച്ചു, മരണസംഖ്യ എട്ടായി