ചിക്കൻ റോൾ, എഗ്ഗ് റോൾ, വെജ് റോൾ എന്നിവയിൽ ഏതെങ്കിലും ഒന്ന് കഴിക്കാത്തവർ കുറവായിരിക്കും. രുചികരവും വളരെ എളുപ്പത്തിൽ കഴിക്കാവുന്നതുമായ ഒരു വിഭവമാണിത്. ബ്രേക്ക്ഫാസ്റ്റായും ഡിന്നറായും സ്‌നാക്‌സായുമൊക്കെ കഴിക്കാവുന്ന ഒരു അടിപൊളി എഗ്ഗ് റോൾ റെസിപ്പി പരിചയപ്പെടാം. മുട്ടയും ചപ്പാത്തിയും ചീസുമാണ് ഇതിലെ പ്രധാന ചേരുവകൾ. മിനിറ്റുകൾക്കുള്ളിൽ വളരെ ഈസിയായി ചീസി എഗ്ഗ് റോൾ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- മുട്ട - 2 എണ്ണം
- പാൽ - 2 ടേബിൾ സ്‌പൂൺ
- കുരുമുളക് പൊടി - ¼ ടീസ്‌പൂൺ
- ഉപ്പ് - ¼ ടീസ്‌പൂൺ
- ബട്ടർ - ½ ടീസ്‌പൂൺ
- കാരറ്റ് - 1½ ടേബിൾ സ്‌പൂൺ
- കാപ്‌സിക്കം - 1½ ടേബിൾ സ്‌പൂൺ
- ഉള്ളി- 1½ ടേബിൾ സ്‌പൂൺ
- ചീസ്
- ചപ്പാത്തി - 1 എണ്ണം
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് പാലും കുരുമുളക് പൊടിയും ഉപ്പും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കിയ ശേഷം ബട്ടർ ഇട്ട് പാനിന്‍റെ എല്ലാ ഭാഗത്തും സ്‌പ്രെഡ് ചെയ്യുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മുട്ട ചേർക്കുക. ചെറുതായി അറിഞ്ഞ കാരറ്റ്, കാപ്‌സിക്കം, ഉള്ളി, എന്നിവ ചേർക്കുക. ഇതിന് മുകളിലായി ചീസ് നിരത്തുക. ഇതിന്‍റെ മുകളിൽ ചപ്പാത്തി വച്ച് കൊടുക്കുക. മീഡിയം ഫ്ലേമിൽ ഒരു മിനിറ്റ് വേവിക്കുക. ശേഷം ഇത് മറച്ചിട്ട് അതിന് മുകളിൽ ചീസ് നിരത്തുക. ഒരു മിനിറ്റ് കഴിഞ്ഞ് ഇത് റോൾ ചെയ്തെടുക്കാം. ഹെൽത്തി ചീസി എഗ്ഗ് റോൾ തയ്യാർ.
Also Read :
1. വായിൽ കപ്പലോടും ഈ കപ്പ ബിരിയാണി കഴിച്ചാൽ; നാടൻ രുചിക്കൂട്ട് ഇതാ
2. ഗോതമ്പ് ദോശ കൂടുതൽ രുചികരമാക്കാം; മാവ് ഈ രീതിൽ തയ്യാറാക്കൂ...