അലഹബാദ് : ലിവ് ഇൻ റിലേഷൻഷിപ്പ് തുടരുന്നതിനൊപ്പം 'ധാർമ്മിക മൂല്യങ്ങൾ' സംരക്ഷിക്കാൻ പങ്കാളികള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് അലഹബാദ് ഹൈക്കോടതി. സാമൂഹിക അംഗീകാരമില്ലെങ്കിലും സമൂഹത്തിൻ്റെ ധാർമ്മിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് പങ്കാളികള്‍ ബാധ്യസ്ഥരാണെന്നാണ് കോടതിയുടെ വിലയിരുത്തൽ. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചുവെന്ന ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിലയിരുത്തൽ.
സ്‌ത്രീയുടെ പരാതിയിൽ എസ്‌സി/എസ്‌ടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌ത് അറസ്റ്റിലായ വാരണാസി സ്വദേശി ആകാശ് കേസരിക്ക് ജാമ്യം നൽകിക്കൊണ്ടാണ് കോടതി ഇക്കാര്യത്തിൽ വ്യക്തത വേണമെന്ന് വിലയിരുത്തിയത്. ജസ്റ്റിസ് നളിൻ കുമാർ ശ്രീവാസ്‌തവയുടെ ബെഞ്ചിൻ്റെതാണ് നിരീക്ഷണം.
ലിവ് ഇൻ ബന്ധത്തിലായിരുന്നു ഇരുവരും. എന്നാൽ പങ്കാളിയായ സ്‌ത്രീ വിവാഹ ആവശ്യം മുന്നോട്ട് വക്കുകയായിരുന്നു. ഇതേ തുടർന്നുണ്ടായ തർക്കമാണ് കോടതിയിലെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലിവ് ഇൻ റിലേഷൻഷിപ്പിന് സാമൂഹിക അംഗീകാരമില്ല. എന്നാലും അത്തരം ബന്ധങ്ങളിലേക്ക് ചെറുപ്പക്കാർ ആകൃഷ്‌ടരാകുന്നുണ്ട്. ഇക്കാര്യത്തിൽ ധാർമ്മിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ചില ചട്ടക്കൂടുകളും പരിഹാരങ്ങളും കണ്ടെത്താൻ ശ്രമിക്കണം.
പുരുഷനോ സ്‌ത്രീയോ പരസ്‌പരം പങ്കാളികളുടെ ബാധ്യതയിൽ നിന്ന് എളുപ്പത്തിൽ രക്ഷപ്പെടാനാണ് ലിവ് ഇൻ റിലേഷൻഷിപ്പ് തുടരുന്നത്. അതിനാൽ തന്നെ അത്തരം ബന്ധങ്ങൾ തേടിപ്പോകുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. ഇതിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കേണ്ടതുണ്ടെന്നും കോടതി നീരീക്ഷിച്ചു.
പ്രായപൂർത്തിയായ പരാതിക്കാരിയുടെ വാദം തെറ്റാണെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തുകയായിരുന്നു. ആറ് വർഷമായി ഇരുവരും ലിവ് ഇൻ ബന്ധത്തിലായിരുന്നു, ഗർഭഛിദ്രം നടന്നിട്ടില്ല, വിവാഹം കഴിക്കുമെന്ന് പ്രതി ഒരിക്കലും വാഗ്‌ദാനം ചെയ്‌തിട്ടില്ല, തുടങ്ങിയ വാദങ്ങള്‍ കേട്ട കോടതിക്ക് അവർ തമ്മിലുള്ള ബന്ധം പരസ്‌പര സമ്മതത്തോടെയാണെന്ന് ബോധ്യപ്പെടുകയായിരുന്നു.