നമ്മൾ രണ്ടാമതൊന്ന് ആലോചിക്കാതെ വലിച്ചെറിയുന്ന ഒന്നാണ് പഴത്തൊലി. എന്നാൽ അതിശയിപ്പിക്കുന്ന അത്ഭുതകരമായ നിരവധി ഗുണങ്ങൾ പഴത്തൊലിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, ആൻ്റി ഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ സി, ബി 6 എന്നിവയുടെ മികച്ചൊരു സ്രോതസാണിത്. ആൻ്റി മൈക്രോ ഗുണങ്ങളുള്ളതിനാൽ മുടി കൊഴിച്ചിലിന് കാരണമായ താരനെ തുരത്താനും ഇത് ഗുണപ്രദമാണ്. കൂടാതെ മുടിയുടെ തിളക്കം വർധിപ്പിക്കാനും ഇത് സഹായിക്കും. പഴത്തൊലി ഏതൊക്കെ രീതിയിൽ മുടിയുടെ ആരോഗ്യം സംരക്ഷിക്കുമെന്ന് നോക്കാം.
മുടിയുടെ വളർച്ച
പഴത്തൊലിയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം രോമകൂപങ്ങളെ പോഷിപ്പിക്കാനും തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും. മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ മുടികൊഴിച്ചിൽ കുറയ്ക്കാനും മുടിയിഴകൾ കട്ടിയുള്ളതായി നിലനിർത്താനും ഇത് സഹായിക്കുകയും ചെയ്യും.
മോയ്‌സ്‌ചറൈസർ
പഴത്തൊലിൽ പ്രകൃതിദത്ത എണ്ണകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ മോയ്‌യ്‌ചറൈസ് ചെയ്യാൻ സഹായിക്കും. മുടിയിലെ വരൾച്ച അകറ്റി മിനുസമുള്ളതും മൃദുവും തിളക്കവുമുള്ളതുമായി നിലനിർത്താൻ പഴത്തൊലി ഗുണം ചെയ്യും.
വീക്കം കുറയ്ക്കും
ധാരാളം ആൻ്റി ഓക്‌സിഡൻ്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും പഴത്തൊലിൽ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ വീക്കം കുറയ്ക്കാൻ ഫലപ്രദമാണ്. തലയോട്ടിയിലെ ചൊറിച്ചിൽ, പ്രകോപനം എന്നിവ കുറയ്ക്കാനും പഴത്തൊലി ഗുണം ചെയ്യും.
മുടിയുടെ ഘടന മെച്ചപ്പെടുത്തും
പഴത്തൊലി പതിവായി ഉപയോഗിക്കുന്നത് മുടിയുടെ ഘടന മെച്ചപ്പെടുത്താൻ സഹായിച്ചേക്കും. പരുക്കനായ മുടിയെ മൃദുവും മിനുസമുള്ളതുമാക്കാൻ ഇത് ഫലം ചെയ്യും. അതിനായി വെളിച്ചെണ്ണയിലോ തൈരിലോ പഴത്തൊലി മിക്‌സ് ചെയ്‌ത് തലയിൽ പുരട്ടി കഴുകി കളയാം.
മുടി പൊട്ടുന്നത് തടയും
മുടിയിഴകളെ ശക്തിപ്പെടുത്താൻ പഴത്തൊലി സഹായിക്കും. ഇതിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ മുടിയിഴകളെ ശക്തിപ്പെടുത്തുകയും മുടി പൊട്ടുന്നത് തടയുകയും മുടി ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യും.
അകാല നര തടയും
പഴത്തൊലിയിലെ ആൻ്റി ഓക്‌സിഡൻ്റുകൾക്ക് അകാല നര തടയാനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള കഴിവുണ്ട്.
പഴത്തൊലി എങ്ങനെ ഉപയോഗിക്കാം
- ഹെയർ മാസ്‌ക്
ചെറിയ കഷ്‌ണങ്ങളാക്കി അരിഞ്ഞ പഴത്തൊലിയിലേക്ക് അൽപ്പം വെള്ളമോ വെളിച്ചെണ്ണയോ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാം. - പഴത്തൊലി നീര്
പഴത്തോലുകൾ മിക്‌സിയിലിട്ട് അടിച്ച് ജ്യൂസ് അരിച്ചെടുക്കുക. ഈ നീര് തലയോട്ടിയിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 20 മിനിട്ടിന് ശേഷം കഴുകി കളയാം.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : മുടി കരുത്തുറ്റതായി നിലനിർത്താം; ഗ്രാമ്പൂ ഈ രീതിയിൽ ഉപയോഗിക്കൂ..