വയനാട് : പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രിതിഷേധിച്ച് മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയിൽ കോൺഗ്രസും എസ്‌ഡിപിഐയും പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. രാവിലെ 6 മണിമുതൽ വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ.
അതേസമയം, കടുവയെ പിടികൂടുന്നതിൻ്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധ(45)യുടെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 11 മണിയോടെയാണ് സംസ്‌കാരം. വെള്ളിയാഴ്‌ച (ജനുവരി 24) രാവിലെയാണ് പഞ്ചാരക്കൊല്ലി സ്വദേശിയായ രാധയെ കടുവ കടിച്ചുകൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.
പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വനഭാഗത്ത് കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണമുണ്ടായത്. വനംവകുപ്പ് താത്‌കാലിക വാച്ചറായ അച്ചപ്പൻ്റെ ഭാര്യയാണ് കൊല്ലപ്പെട്ട രാധ. 2019ലെ ഉരുൾപൊട്ടലിൽ ഇവരുടെ വീട് തകർന്നിരുന്നു. തൊട്ടടുത്തുള്ള ഷെഡിലാണ് താമസിച്ചിരുന്നത്. വീടുപണി പൂർത്തിയായി വരുന്നതേയുള്ളൂ. അതിനിടയിലാണ് ദുരന്തം. മക്കൾ: അനിൽ(24), അനിഷ (22).
ഇന്ത്യൻ വനിത ക്രിക്കറ്റ് താരം മിന്നുമണിയുടെ അടുത്ത ബന്ധു കൂടിയാണ് രാധ. മിന്നുമണി ഫേസ്ബുക്കിൽ കുറിപ്പിട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും മിന്നുമണി കുറിച്ചു.
നോവായി അവര്‍...
കഴിഞ്ഞ വർഷങ്ങളിലെ ജില്ലയിലെ കടുവ ആക്രമണത്തിൻ്റെ കണക്കുകൾ പരിശോധിച്ചാൽ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ 10 വർഷത്തിനിടെ വയനാട്ടിൽ കടുവാ ആക്രമണത്തിൽ എട്ട് പേര്‍ക്കാണ് ജീവൻ നഷ്‌ടമായത്.
2015 ൽ മൂന്നുപേരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2015 ഫെബ്രുവരി 10നാണ് നൂൽപ്പുഴ മൂക്കുത്തികുന്നിൻ ഭാസ്‌കരൻ കൊല്ലപ്പെട്ടത്. 2015 ജൂലൈ മാസത്തിൻ കുറിച്യാട് സ്വദേശി ബാബുരാജ്, നവംബറിൽ തോൽപ്പെട്ടി റേഞ്ചിലെ വാച്ചറായിരുന്ന കക്കേരി ഉന്നതിയിലെ ബസവൻ എന്നിവരെയും കടുവ ആക്രമിച്ച് കൊലപ്പെടുത്തി.
2019 ഡിസംബർ 24 ന് ബത്തേരി പച്ചാടി കാട്ടുനായ്ക്ക ഉന്നതിയിലെ ജഡയൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 2020 ജൂൺ 16 ന് ബസവൻകൊല്ലി കാട്ടുനായ്ക്ക ഉന്നതിയിലെ ശിവകുമാർ. 2023 ജനുവരി 12 ന് പുതുശ്ശേരി പള്ളിപ്പുറത്ത് തോമസ്. അതേ വർഷം ഡിസംബർ 9ന് വാകേരി കൂടല്ലൂർ സ്വദേശി പ്രജീഷ് എന്നവരെയും കടുവ കൊലപ്പെടുത്തി.
Also Read: കേരളത്തിലെ മലയോരഗ്രാമങ്ങളുടെ ഉറക്കം കെടുത്തുന്ന കടുവകള്‍: 'നര'നായാട്ടുകളുടെ നാൾവഴി