ടെൽ അവീവ് : ഹമാസിൻ്റെ പിടിയിലകപ്പെട്ട നാല് ഇസ്രയേല്‍ വനിതാ സൈനികരെ ഇന്ന് മോചിപ്പിക്കും. കരീന അറിയേവ്(20), ഡെനിയെല്ലെ ഗിൽബൊവ(20), നീമ ലെവി(20), ലിറി അൽബാഗ്(19) എന്നിവരെയാണ് ഹമാസ് തടങ്കലിൽ നിന്ന് ഇന്ന് മോചിപ്പിക്കുന്നത്. നിലവിൽ നാല് പേരും ഗാസയിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
അടുത്ത ഘട്ടത്തിൽ ഹമാസിൻ്റെ പിടിയിലകപ്പെട്ട യഹൂദ് (29)നെ വിട്ടയക്കണമെന്ന് മന്ത്രാലയം ഹമാസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. നേരത്തെ യഹൂദിൻ്റെ വെളിപ്പെടുത്തൽ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. പലസ്‌തീൻ ഇസ്‌ലാമിക് ജീഹാദിന് ഹമാസുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നാണ് യഹൂദ് വെളിപ്പെടുത്തിയത്. സിഎൻഎൻ അടക്കമുള്ള വാർത്താ ചാനലുകളിൽ ഈ പ്രസ്‌താവന വാർത്തയായിരുന്നു.
അടുത്ത ഘട്ടത്തിലെ ബന്ദികളുടെ മോചനത്തിൽ യഹൂദിൻ്റെ പേരും ഉള്‍പ്പെടുത്തണമെന്നാണ് ഇസ്രയേലിൻ്റെ ആവശ്യം. വെടി നിർത്തൽ പ്രാബല്യത്തിൽ വന്നതോടെയാണ് ബന്ദികളുടെ മോചനം സാധ്യമായത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സാഹചര്യം വിലയിരുത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അടുത്ത ഘട്ടത്തിൽ മോചിപ്പിക്കുന്ന ബന്ദികളുടെ ലിസ്റ്റ് പരിശോധിച്ച ശേഷമാണ് ഇസ്രയേൽ ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം പിടിയിലായ നാല് വനിതകളും ഇസ്രയേൽ സൈന്യത്തിലെ ഓസ് മിലിട്ടറി ബേസിൽ ഉണ്ടായിരുന്നവരാണ്. 2023ലാണ് ഇവരെ ഹമാസ് പിടികൂടിയത്. ആകെ ഏഴ് പേരെയാണ് അന്ന് ബന്ദികളാക്കിയത്. ബാക്കിയുള്ള അഞ്ച് പേരുടെ മോചനത്തിൽ തീരുമാനം ആയിട്ടില്ല.
ഹമാസിൻ്റെ ആക്രമണത്തിൽ ബന്ദികളാക്കപ്പെട്ട നിരവധി പേരുടെ വീഡിയോകള്‍ പുറത്തുവന്നിരുന്നു. ആകെ 91 പേരാണ് ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഹമാസിൻ്റെ പിടിയിലുള്ളത്. 251 പേരാണ് 2023 ഒക്‌ടോബർ ഏഴ് മുതലുണ്ടായ ആക്രമണത്തിൽ ഹമാസിൻ്റെ പിടിയിലായത്.