ചർമ്മം തിളക്കമുള്ളതായി നിലനിർത്താൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ അന്തരീക്ഷ മലിനീകരണം, പരിചരണ കുറവ് എന്നിവ ചർമ്മത്തിന്‍റെ ഭംഗി നഷ്‌ടപ്പെടുത്തുകയും പല പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. മുഖക്കുരു, വരണ്ട ചർമ്മം, ബ്ലാക്ക്‌ഹെഡ്‌സ്, ചുളിവുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നവയാണ്. ഇത്തരം ചർമ്മ പ്രശ്‌നങ്ങൾ അകറ്റാൻ പാർലറുകളിൽ കേറിയിറങ്ങുന്നവരാണ് മിക്കവരും. എന്നാൽ പാർലറുകളിൽ ഉപയോഗിക്കുന്ന കെമിക്കൽസ് അടങ്ങിയ സൗന്ദര്യവർധക വസ്‌തുക്കൾ ഉപയോഗിച്ച് ചർമ്മം സംരക്ഷിക്കുന്നതിന് പകരം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്. അതിനായി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഫേസ് മാസ്‌ക് പരിചയപ്പെടാം.
ഫേസ് മാസ്‌കിന് ആവശ്യമായ ചേരുവകൾ
കാപ്പിപ്പൊടി - 2 ടീസ്‌പൂൺ
പഞ്ചസാര - 1 1/2 ടീസ്‌പൂൺ
ഒലിവ് ഓയിൽ - 1 ടീസ്‌പൂൺ
തേൻ - 1 ടീസ്‌പൂൺ
പാൽ - 1 ടീസ്‌പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പത്രം എടുത്ത് അതിലേക്ക് കാപ്പിപ്പൊടി, പഞ്ചസാര, ഒലിവ് ഓയിൽ, തേൻ, പാൽ, എന്നിവ ചേർക്കുക. ഇവ നന്നായി മിക്‌സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി സ്‌ക്രബ് ചെയ്യുക. 20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇത് ബോഡി സ്‌ക്രബറായും ഉപയോഗിക്കാം.
ഗുണങ്ങൾ
- കോഫി മാസ്‌ക് മുഖത്ത് പുരട്ടി സ്‌ക്രബ്ബ് ചെയ്യുമ്പോൾ ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇത് മിനുസമുള്ളതും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കാൻ സഹായിക്കുന്നു.
- കാപ്പിപ്പൊടിയിൽ ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് അന്തരീക്ഷ മലിനീകരണം കാരണം ചർമ്മത്തിൽ ഉണ്ടാകുന്ന അഴുക്ക് നീക്കാൻ സഹായിക്കും.
- കോഫി മാസ്‌ക് പതിവായി ഉപയോഗിക്കുന്നത് കണ്ണുകൾക്ക് ചുറ്റുമുള്ള ഡാർക്ക് സർക്കിൾ അകറ്റാൻ നല്ലതാണ്. കൂടാതെ മുഖക്കുരു ഇല്ലാതാക്കാനും ഇത് ഗുണം ചെയ്യുന്നു.
- പഞ്ചസാരയിൽ അടങ്ങിയിരിക്കുന്ന ആൻ്റി ബാക്‌ടീരിയൽ ഗുണങ്ങളും ഗ്ലൈക്കോളിക് ആസിഡും ചർമ്മത്തെ തിളക്കമുള്ളതാക്കുകയും യുവത്വം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ചർമ്മം ഉരിയുക, വരണ്ട ചർമ്മം എന്നിവയിൽ നിന്ന് സംരക്ഷണവും നൽകുന്നു.
- പ്രകൃതിദത്ത മോയ്‌സ്‌ചറൈസറായി ഒലീവ് ഓയിൽ പ്രവർത്തിക്കുന്നതിനാൽ വരണ്ട ചർമ്മം അകറ്റാൻ ഇത് സഹായിക്കും. മാത്രമല്ല ഇതിലെ വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവ ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
- തേനിൽ അടങ്ങിയിരിക്കുന്ന ആൻ്റിമൈക്രോബയൽ ഗുണങ്ങൾ മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇതിനു പുറമെ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും ചുളിവുകൾ ഇല്ലാതാക്കാനും ഇത് നല്ലതാണ്.
- പാലിൽ വിറ്റാമിൻ എ ഉള്ളതിനാൽ വരണ്ട ചർമ്മത്തെ മൃദുവാക്കാൻ ഇത് സഹായിക്കും. കൂടാതെ ഇതിൽ വൈറ്റമിൻ ഡി അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും ഗുണം ചെയ്യുന്നു.
അതേസമയം ഈ മാസ്‌ക് ഉപയോഗിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്. പ്രകൃതിദത്ത ചേരുവകൾ മാത്രം ഉപയോഗിച്ചാണ് ഈ മാസ്‌ക് തയ്യാറാക്കുന്നതെങ്കിലും ചിലരിൽ ഇത് അലർജിക്ക് കാരണമായേക്കാം. അതിനാൽ പാച്ച് ടെസ്റ്റ് നടത്തിയ ശേഷം മാത്രമേ ഇത് ഉപയോഗിക്കാവൂ.
ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: ചുവന്ന് തുടുത്ത ചുണ്ടുകൾ ഇനി നിങ്ങൾക്കും സ്വന്തമാക്കാം; ഇതാ ചില പ്രകൃതിദത്ത മാർഗങ്ങൾ