മിക്ക കറികളും ഉള്ളി ചേര്‍ത്താണ് നമ്മള്‍ തയ്യാറാക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ അടക്കളയില്‍ ഉള്ളി ആവശ്യമില്ലാത്ത ദിനങ്ങള്‍ വളരെ കുറവ്. ഉള്ളി വാങ്ങുമ്പോള്‍ അതിന്‍റെ തൊലിപ്പുറത്തും മറ്റുമായുള്ള കറുത്തപാടുകളും വരകളും ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ.
ഇതെന്താണെന്ന് പലര്‍ക്കും സംശയവുമുണ്ടാവും. ഉള്ളി ഉൾപ്പെടെയുള്ള വിവിധ ഭക്ഷണ സാധനങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന 'ആസ്‌പര്‍ജിലസ് നൈഗര്‍' എന്ന ഒരു തരം പൂപ്പലാണിത്. ആരോഗ്യമുള്ള വ്യക്തികൾക്ക് അത്ര അപകടകാരിയല്ല ആസ്‌പര്‍ജിലസ് നൈഗര്‍. എന്നാല്‍ വലിയ അളവില്‍ ഒള്ളില്‍ ചെന്നാല്‍ ദുർബലമായ പ്രതിരോധശേഷിയുള്ളവരില്‍ ഇതു ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഓക്രാടോക്‌സിൻ എ പോലുള്ള മൈക്കോടോക്‌സിനുകൾ ആസ്‌പർജിലസ് നൈഗറിന് ഉത്പാദിപ്പിക്കാൻ കഴിയും. ഇത് വിഷാംശമുള്ളതും അർബുദത്തിന് കാരണമാകുന്നതുമാണ്. എന്നിരുന്നാലും, ധാന്യങ്ങളിലോ പരിപ്പിലോ വളരുന്ന മറ്റ് പൂപ്പലുകളെ അപേക്ഷിച്ച് ഉള്ളിയിൽ കാണപ്പെടുന്ന പൂപ്പൽ ഗണ്യമായ അളവിൽ മൈക്കോടോക്‌സിനുകൾ ഉത്പാദിപ്പിക്കാനുള്ള സാധ്യത കുറവാണ്. ചിലരില്‍ ശ്വസന പ്രശ്‌നങ്ങൾ, ഛര്‍ദ്ദി, ഓക്കാനം, തലവേദന, വയറുവേദന, വയറിളക്കം, ചര്‍മത്തില്‍ തടിപ്പ് തുടങ്ങിയവയുണ്ടാക്കാന്‍ ആസ്‌പര്‍ജിലസ് നൈഗര്‍ കാരണമാവും.
ഉള്ളി ഉപയോഗിക്കുമ്പോള്‍...
നന്നായി വൃത്തിയാക്കിയ ശേഷം മാത്രമേ ഉള്ളി ഉപയോഗിക്കാവൂ. ഉള്ളിയുടെ പുറത്തെ തൊലിയില്‍ പലപ്പോഴും പൂപ്പൽ ഉണ്ടാകാറുണ്ട്, അതിനാൽ അവ നീക്കം ചെയ്യേണ്ടത് പ്രധാനമാണ്. തൊലികളഞ്ഞ ശേഷം ഉള്ളി നന്നായി കഴുകേണ്ടത് നിര്‍ബന്ധമാണ്. ആവശ്യമെങ്കില്‍ വിനാഗിരി ലായനിയിലോ ഉപ്പുവെള്ളത്തിലോ ഉള്ളി 5 മുതല്‍ 10 മിനിറ്റ് വരെ മുക്കിവയ്ക്കുക.
വിനാഗിരിയും വെള്ളവും 1:3 അനുപാതത്തിൽ ചേര്‍ത്താണ് വിനാഗിരി ലായനി ഉണ്ടാക്കേണ്ടത്. വിനാഗിരിക്ക് ആന്‍റിഫംഗൽ ഗുണങ്ങളുണ്ട്, കൂടാതെ ഉപരിതല പൂപ്പൽ നശിപ്പിക്കാൻ ഇത് സഹായിക്കും. ഉള്ളിയുടെ മൃദുവായതോ ചീഞ്ഞതോ ആയ ഭാഗങ്ങളിൽ പൂപ്പൽ ബാധിച്ചിട്ടുണ്ടെങ്കിൽ, ആ ഭാഗങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
വൃത്തിയാക്കിയ ശേഷം, ഉള്ളി എത്രയും വേഗം ഉപയോഗിക്കുക. ഈർപ്പമുള്ള അന്തരീക്ഷത്തിൽ സൂക്ഷിച്ചാൽ ഉള്ളിയില്‍ പൂപ്പൽ വീണ്ടും വളരാൻ സാധ്യതയുണ്ട്.