സസ്തനികളുടെ പാൽ ഉത്പന്നങ്ങളിൽ മാത്രം കാണപ്പെടുന്ന കാർബോഹൈഡ്രേറ്റാണ് ലാക്ടോസ്. പാലിൽ അടങ്ങിയിരിക്കുന്ന പ്രധാന ഊർജ്ജസ്രോതസ് കൂടിയാണിത്. ചെറുകുടലിൽ വച്ച് ഇതിനെ ദഹിപ്പിക്കാൻ സഹായിക്കുന്നത് ലാകടേസ് എന്ന എൻസൈമണ്. എന്നാൽ ലാക്‌ടേസ് ഉത്പാദനം നടക്കാതെ വരികയോ കുറഞ്ഞ അളവിൽ ഉത്പാദിപ്പിക്കുകയോ ചെയ്യുമ്പോൾ ലാക്‌ടോസ് ഇൻടോളറൻസ് ഉണ്ടാകുന്നു. ഈ പ്രശ്‌നമുള്ള ആളുകൾ പാൽ കുടിച്ചാൽ ചെറുകുടലിൽ വച്ച് ലാക്ടോസ് വിഘടിക്കാതെ വരുകയും നേരെ വൻകുടലിൽ എത്തുകയും ചെയ്യുന്നു. അവിടെയുള്ള ബാക്‌ടീരിയ അതിനെ വാതകങ്ങൾ, ആസിഡ് എന്നിവയാക്കി മാറ്റുകയും ഇത് വയറിൽ അസ്വസ്ഥതയും കഠിനമായ വേദന അനുഭവപ്പെടാനും കാരണമാകും. ലോകജനസംഘ്യയുടെ 70 % ലാക്ടോസ് ഇൻടോളറൻസ് ഉള്ളവരാണ്. എന്നാൽ പലർക്കും ഇത് തിരിച്ചറിയാൻ കഴിയാറില്ല. എന്നാൽ പാലോ പാൽ ഉത്പന്നങ്ങളോ ഒഴിവാക്കാൻ സാധിക്കാത്ത ലാക്ടോസ് ഇൻടോളറൻസുള്ള ആളുകൾക്ക് ഉപയോഗിക്കാവുന്ന ചില പാൽ ഉത്പ്പന്നങ്ങൾ എതൊക്കെയെന്ന് നോക്കാം.
തൈര്
ലാക്ടോസ് ഇൻടോളറൻസുള്ള ആളുകൾക്ക് ധൈര്യമായി കഴിക്കാവുന്ന പാൽ ഉത്പന്നമാണ് തൈര്. പാൽ പുളിച്ചാണ് തൈരാകുന്നത്. ഇതിന്‍റെ പുളിപ്പിക്കൽ പ്രക്രിയ നടക്കുമ്പോൾ പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടോസിൻ്റെ ഭൂരിഭാഗവും ബാക്‌ടീരിയകൾ വിഘടിപ്പിക്കുകയും ലാക്ടേറ്റായി മാറ്റുകയും ചെയ്യുന്നു. ഇത് ശരീരത്തിന് ആരോഗ്യകരമാണ്. എന്നാൽ കൂടുതൽ പുളിച്ച തൈര് കഴിക്കുന്നതാണ് നല്ലത്. കാരണം കൂടുതൽ സമയം പുളിക്കാൻ വെക്കുമ്പോൾ ഇതിലെ ലാക്ടോസ് അളവ് ഒട്ടും ഇല്ലാതാകുന്നു.
ബദാം, കശുവണ്ടി പാൽ
പാൽ ഒഴിവാക്കാൻ പറ്റാത്തവർക്ക് മൃഗങ്ങളുടെ പാലിന് പകരം ബദാം മിൽക്കോ കാഷ്യൂനട്ട് മിൽക്കോ കുടിക്കാം. വിറ്റാമിൻ ഡി, ഇ, കാൽസ്യം എന്നിവയുടെ നല്ലൊരു ഉറവിടം കൂടിയാണ് ഇവ രണ്ടും.